Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊന്നാനിക്ക് ഇരട്ടിമധുരം : ഇൻഡോർ സ്റ്റേഡിയത്തിന് പുറമേ മറ്റൊരു കളിക്കളം കൂടി

10 Aug 2025 15:59 IST

Jithu Vijay

Share News :

പൊന്നാനി : പൊന്നാനിയുടെ കായിക വികസനത്തിന് പൊൻതൂവൽ ചാർത്തുന്ന അക്വാട്ടിക് സ്പോർട്സ് കോംപ്ലക്സ് & ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനം കായിക- ന്യൂനപക്ഷ ക്ഷേമ- വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു. കായിക പ്രേമികൾക്ക് ഇരട്ടിമധുരം പകർന്ന് മറ്റൊരു കളിക്കളം കൂടി നിർമ്മിക്കും എന്ന് മന്ത്രി പ്രഖ്യാപിച്ചു.


പി നന്ദകുമാർ എംഎൽഎയുടെയും മുൻസിപ്പൽ ചെയർമാന്റെയും ആവശ്യപ്രകാരം നഗരസഭയുടെ കീഴിൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് കുട്ടികൾക്കായുള്ള കളിക്കളത്തിന് കണ്ടെത്തിയിരിക്കുന്നത്. ഒന്നാം ഘട്ടം എന്ന നിലയിൽ ഒരു കോടി രൂപ ചെലവിൽ ആറുമാസംകൊണ്ട് നിർമ്മാണം പൂർത്തീകരിക്കാൻ പറ്റുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 


' നിളയോര പാതയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിന്റൺ, വോളിബോൾ, കബഡി എന്നിവയ്ക്കുള്ള പരിശീലനവും ഔട്ട്ഡോറിൽ ഫുട്ബോൾ, ക്രിക്കറ്റ് പരിശീലനവും നടത്താം. നീന്തൽ പരിശീലനത്തിനായി സ്വിമ്മിംഗ് പൂൾ നിർമ്മിക്കും. 1400 കോടി രൂപ വിവിധ ഫണ്ടുകൾ വകയിരുത്തി കേരളത്തിലുടനീളം സ്റ്റേഡിയങ്ങൾ സർക്കാർ നിർമ്മിച്ചിട്ടുണ്ട്. ജില്ലാ ആസ്ഥാനങ്ങളിൽ ഇൻഡോർ സ്റ്റേഡിയങ്ങൾ നിർമ്മിച്ചു.


356 സ്റ്റേഡിയങ്ങൾ ഒൻപത് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാനായി. കൂടാതെ എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം എന്ന കായിക വകുപ്പിന്റെ പദ്ധതിയിൽ 120 ഓളം കളിക്കളങ്ങൾ പൂർണ്ണതയിലേക്ക് വരികയാണ്. ഒപ്പം തന്നെ ഫിറ്റ്നസ് സെന്ററുകൾ, ഓപ്പൺ ജിമ്മുകൾ എന്നിവയും നിർമ്മിച്ചു വരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാൾ കേരളത്തിൽ കായിക സൗകര്യങ്ങൾ സർക്കാർ മെച്ചപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി കേരളമാണ് സ്പോർട്സ് എക്കോണമിയും കായിക നയവും നടപ്പിലാക്കിയതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. 


 കിഫ്ബി സഹായത്തോടെ 17 കോടി രൂപ ചെലവിലാണ് അക്വാട്ടിക് സ്പോർട്സ് കോംപ്ലക്സിന്റെ നിർമ്മാണം. ട്രാക്ക് വയനാട് എന്ന കമ്പനിക്കാണ് നിർമ്മാണ ചുമതല. ഈശ്വരമംഗലത്തെ നിള തീരത്തുള്ള നഗരസഭയുടെ മിനി സ്റ്റേഡിയത്തിലാണ് പദ്ധതി നട പ്പാക്കുന്നത്. കബഡി കോർട്ട്, അക്വാട്ടിക് നീന്തൽകുളം, വോളിബോൾ, ബാഡ്മിന്റൺ, ഷട്ടിൽ കോർട്ട്, ഓപ്പൺ ജിം, റോളർ സ്കേറ്റിംഗ് ട്രാക്ക്, ചിൽഡ്രൻ സ്പോർട്സ് പാർക്ക്, എന്നിവയെ കൂടാതെ വിശാലമായ പാർക്കിംഗ് സൗകര്യവും കോംപ്ലക്സിൽ ഒരുക്കുന്നുണ്ട്.

Follow us on :

More in Related News