Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്മാട് ദാറുൽഹുദയിലെ മാലിന്യ പ്രശ്നം ; പ്രതിഷേധക്കാർക്ക് മറുപടിയുമായി തുടിശ്ശേരി കാർത്തികേയൻ ഫെയ്സ്ബുക്ക് പേജിൽ

14 Aug 2025 12:13 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : ദാറുൽഹുദയിലെ മാലിന്യ പ്രശ്നത്തിൽ സി പി ഐ എം തിരൂരങ്ങാടി ഏരിയ കമ്മറ്റി നടത്തിയ മാർച്ചിൽ ഏരിയ സെൻ്റർ അംഗം തുടിശ്ശേരി കാർത്തികേയൻ നടത്തിയ പ്രസംഗത്തെ തുടർന്ന് മുസ്ലീം ലീഗ്, എസ് ഡി പി ഐ പ്രതിഷേധം. പ്രതിഷേധങ്ങൾക്കെതിരെ സിപിഐഎം പരപ്പനങ്ങാടി മുൻസിപ്പൽ കമ്മറ്റി കഴിഞ്ഞ ദിവസം പരപ്പനങ്ങാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചിരുന്നു. പൊതുയോഗം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യിൽ അലവി ഉദ്ഘാടനം ചെയ്തു.


പ്രതിഷേധക്കാർക്ക് മറുപടിയുമായി തുടിശ്ശേരി കാർത്തികേയൻ ഫെയ്സ്ബുക്ക് പേജിൽ


"മതം കഷ്ടപെടുന്നവൻ്റെയും ദുരിതമനുഭവിക്കുന്നവൻ്റെയും ദീർഘനിശ്വാസമാണ്. ആത്മാവില്ലാത്ത ലോകത്തിൻ്റെ ആത്മാവാണ്. ഹൃദയമില്ലാത്ത ലോക പരിസ്ഥിതിയുടെ ഹൃദയമാണ്. അത് വേദനയനുഭവിക്കുന്ന മനുഷ്യന് താൽക്കാലികാശ്വാസം നൽകുന്ന വേദനസംഹാരിയാണ്. എന്ന കാറൽ മാർക്സിൻ്റെ പ്രസിദ്ധമായ വരികൾ എഴുതിയാണ് പോസ്റ്റ് അവസാനിക്കുന്നത്"


പോസ്റ്റിൻ്റെ പൂർണ്ണ രൂപം



ദാറുൽഹുദയിൽ താമസിച്ച് പഠിക്കുന്ന രണ്ടായിരത്തോളം വിദ്യാർത്ഥികളുടെ കക്കുസ് മാലിന്യമുൾപെടെയുള്ള മലിനജലം മാനിപ്പാടത്തേക്ക് ഒഴുക്കിവിട്ട് പരിസരവാസികളുടെ കുടിവെള്ളം മലിനമാക്കി അവിടെ സ്വസ്ഥമായി ജീവിക്കാൻ പറ്റാത്ത സ്ഥിതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സി.പി.ഐ.എം.മാർച്ച്. 


ആളും അധികാരവും കയ്യാളുന്ന മത വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ വിരൽ ചൂണ്ടാൻ ആരും ധൈര്യപെടില്ലെന്ന ഹുങ്കിൽ ജനങ്ങളെ വെല്ലുവിളിച്ചാണ് സ്ഥാപന മേധാവി ബഹാവുദീൻ ഫൈസിയും സംഘവും മുന്നോട്ട് പോയത്.

പരിസരവാസികൾ പാവങ്ങളാണ്. അവർ മുട്ടാത്ത വാതിലുകളില്ല. അവരുടെ പ്രശ്നം ഏറ്റെടുത്താണ് സി.പി.ഐ.എം. സമരം നടത്തിയത്. ഒപ്പം നിയമവിരുദ്ധമായി നെൽവയൽ നികത്തുന്നതിനെതിരെയും.


പ്രസംഗിക്കുന്ന കൂട്ടത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധവിഷം ചീറ്റുന്ന ലീഗിൻ്റെ കോളാമ്പിയായ നദ്‌ വിയെ ഒന്ന് തുറന്ന് കാണിച്ചു. യമനിൽ വധശിക്ഷ വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം അബൂബക്കർ മുസ്ലിയർ രംഗത്തിറങ്ങിയപ്പോൾ അതിനെതിരെ പ്രതികരിച്ച മൗദൂതികളുടെ ഭാഷയിൽ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിയ അദ്ധേഹത്തിൻ്റെ ശിഷ്യൻ താഹിർ ഹുദവിക്കെതിരെയും പറഞ്ഞു.


അതോടെ മാലിന്യപ്രശ്നത്തിനെതിരെ മതമാലിന്യവുമായി പ്രതിരോധം തീർക്കാമെന്നാണ് നദ് വിയും കൂട്ടരും വ്യാമോഹിക്കുന്നത്. നദ് വി മൗദൂതിസവും സലഫിസവും ഒളിച്ച് കടത്തുകയാണെന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് കമ്യൂണിസ്റ്റുകാരല്ല. ഇസ്ലാമിക പണ്ഡിതൻമാർ തന്നെയാണ്. 


നദ് വി ക്കെതിരെ പറഞ്ഞപ്പോൾ പ്രതിഷേധിക്കാൻ വന്നതും ഒരേ ദിവസം ചെമ്മാട്ട് രണ്ട് പ്രകടനം നടത്തിയതും മൗദൂതികളായിരുന്നുവെന്നത് യാദൃശ്ചികമല്ല. 


പരപ്പനങ്ങാടിയിൽ മുസ്ലീം ലീഗും..!


കമ്യൂണിസ്റ്റുകാർ മുസ്ലീം വിരുദ്ധരാണത്രെ...!




ദേശീയ സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായി നടന്ന മലബാർ കലാപത്തിൽ ബ്രിട്ടീഷുകാരുടെ അടച്ചമർത്തലിൽ ഒറ്റപ്പെട്ടുപോയ സമുദായത്തിനെ കൈപിടിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് കമ്യൂണിസ്റ്റുകാരായിരുന്നു. 


' 1921ൻ്റെ അഹ്വാനവും താക്കീതും' എന്ന ശീർഷകത്തിൽ ഇ.എം എസ് ലേഖനമെഴുതിയതിന് ബ്രിട്ടിഷ് സർക്കാർ ദേശാഭിമാനി പത്രം നിരോധിച്ചു. അന്ന് ആ സമരത്തിൽ പങ്കെടുക്കാതെ ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്യുകയായിരുന്നു മലബാറിലെ ലീഗ്.

പിന്നീട് ദേശീയസ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത് എട്ടണക്ക് കത്തി വാങ്ങി കുത്തി വാങ്ങും പാക്കിസ്ഥാൻ എന്ന വിഭജനമുദ്രാവാക്യം വിളിച്ച് നടക്കുകയായിരുന്നു അന്നത്തെ ലീഗ്.


 മതനവീകരണവുമായി വന്നവരെ കായിപരമായി നേരിടാനും ലീഗ് മുന്നിലുണ്ടായിരുന്നു. അന്ന് ഇരകൾക്ക് സംരക്ഷണവലയം തീർത്തത് ഇമ്പിച്ചി ബാവയടക്കമുള്ള കമ്യൂണിസ്റ്റുകാരായിരുന്നു. അതിന് ശേഷം എപി അബൂബക്കർ മുസ്ലിയാർ വിഭാഗം ഉയർന്ന് വന്നപ്പോഴും ലീഗ് അടിച്ചമർത്താൻ നോക്കി. അവരുടെ പ്രവർത്തന സ്വാതന്ത്രത്തിന് മുന്നിൽ നിന്നവരും കമ്യൂണിസ്റ്റുകാരായിരുന്നു.


ഇന്ത്യഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യവും പ്രവർത്തന സ്വാതന്ത്ര്യവും തടയാൻ ആരുവന്നാലും അവർക്കെതിരെ പ്രതിരോധിക്കാൻ മുൻപന്തിയിലുണ്ടാവുന്ന സി.പി.ഐ.എമ്മിനെയാണ് മുസ്ലീം വിരോധികളെന്നും വർഗ്ഗീയവാദികളെന്നും വിളിച്ച് ലീഗുകാർ ആക്ഷേപിക്കുന്നത്.


ഒന്നുകൂടി ലീഗിനെ ഓർമിപ്പിക്കുന്നു. മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് അപകടമാണ്. അതാണ് ഇന്ന് ഇന്ത്യ അഭിമുഖീകരിക്കുന്നത്. അതിൻ്റെ ഇരകൾ ന്യൂനപക്ഷങ്ങളടക്കമുള്ള ഇന്ത്യയിലെ ജനങ്ങളാണ്. എല്ലാ വർഗ്ഗീയതക്കും ചൂഷണങ്ങൾക്കുമെതിരെ, ഇരകളായ മനുഷ്യർക്ക് വേണ്ടിയുള്ള പോരാട്ടമാണ് ലോകത്തെങ്ങും കമ്യൂണിസ്റ്റുകാർ നടത്തുന്നത്.


ഒരാൾ കമ്യൂണിസ്റ്റാവുമ്പോൾ തന്നെ അയാളുടെ പിറകിൽ മരണം പതിയിരിപ്പുണ്ടെന്ന് പറഞ്ഞത് അനശ്വര രക്തസാക്ഷി സഖാവ് ചെഗുവരെയാണ്. ഓരോ കമ്യൂണിസ്റ്റും പിറവി കൊള്ളുന്നതും അതറിഞ്ഞു കൊണ്ടുതന്നെയാണ്.


അനീതിക്ക് മുമ്പിൽ മുട്ടുമടക്കില്ല. വർഗ്ഗീയവാദികളുടെ ഭീഷണികൾക്ക് രോമത്തിൻ്റെ വില നൽകിയിട്ടില്ല. 


ഇനി നൽകുകയുമില്ല.


"മതം കഷ്ടപെടുന്നവൻ്റെയും ദുരിതമനുഭവിക്കുന്നവൻ്റെയും ദീർഘനിശ്വാസമാണ്. ആത്മാവില്ലാത്ത ലോകത്തിൻ്റെ ആത്മാവാണ്. ഹൃദയമില്ലാത്ത ലോക പരിസ്ഥിതിയുടെ ഹൃദയമാണ്. അത് വേദനയനുഭവിക്കുന്ന മനുഷ്യന് താൽക്കാലികാശ്വാസം നൽകുന്ന വേദനസംഹാരിയാണ്.

Follow us on :

More in Related News