Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലിയേറ്റീവ് നഴ്സുമാർക്ക് സങ്കട ഓണം ; ഓണമുണ്ണാൻ കടമെടുക്കണം.

04 Sep 2025 22:05 IST

Jithu Vijay

Share News :

മലപ്പുറം : കേരളത്തിലെ പാലിയേറ്റീവ് നഴ്സുമാർക്ക് ഇന്ന് സങ്കട ഓണമായിരിക്കും. ഓണമുണ്ണെണമെങ്കിൽ വല്ലവരിൽ നിന്നും കടമെടുക്കേണ്ട അവസ്ഥയും. കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിൽ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രൈമറി പാലിയേറ്റീവ് നഴ്സുമാരായി ജോലി ചെയ്യുന്നവരോടാണ് സർക്കാർ കൊടും ചതി ചെയ്തത്. കഴിഞ്ഞ മാസത്തെ ശമ്പളമാണ് ഓണമായിട്ടും നൽകാതെ ഇവരെ പ്രയാസത്തിലാക്കിയിരിക്കുന്നത്.


പ്രൈമറി പാലിയേറ്റീവ് നഴ്സുമാർക്ക് ശമ്പളം നൽകുന്നത് തദേശ സ്ഥാപനങ്ങളാണെങ്കിലും തദ്ദേശ സ്ഥാപനങ്ങൾ നൽകിയ ബില്ലുകൾ ട്രഷറികളിൽ നിന്നും അനുവദിക്കാത്തതാണ് ശമ്പളം മുടങ്ങാൻ കാരണം. സെപ്റ്റംബർ 10-ാം തിയ്യതി കഴിഞ്ഞെ ഇവരുടെ ബില്ലുകൾ പാസാവുകയുള്ളുവെന്നാണ് ട്രഷറികളിൽ നിന്നും അറിയിച്ചിട്ടുള്ളത്. ഇവർക്കുള്ള സ്പെഷൽ അലവൻസും ഓണമായിട്ട് ലഭിച്ചിട്ടില്ല. സ്പെഷൽ അലവൻസ് ലഭിച്ചില്ലെങ്കിലും ചെയ്ത ജോലിക്കുള്ള ശമ്പളമെങ്കിലും ലഭിച്ചാൽ മതിയായിരുന്നുവെന്നാണ് ഇവർ പറയുന്നത്.


മറ്റു സർക്കാർ - സർക്കാരിതര ജീവനക്കാർക്ക് ലഭിക്കുന്നത് പോലെ ശമ്പളത്തിന് പുറമെ പി.എഫ് , പെൻഷൻ തുടങ്ങി മറ്റ് യാതൊരു ആനുകൂല്യങ്ങളും പ്രൈമറി പാലിയേറ്റീവ് നഴ്സുമാർക്ക് ലഭിക്കുന്നില്ല. 2008 മുതൽ നിലവിൽ വന്ന പ്രൈമറി പാലിയേറ്റീവ് നഴ്സ് തസ്തികയിൽ പത്തും പതിനഞ്ചും വർഷം സേവനം ചെയ്തിട്ടും ഇത് വരെ സ്ഥിര നിയമനം ആർക്കും ലഭിച്ചിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണ് നിയമനമെങ്കിലും ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള താലൂക്ക് ആശുപത്രികൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ തുടങ്ങി സ്ഥാപനങ്ങളിലാണ് ഇവർ ജോലി ചെയ്യുന്നത്.


സ്ഥിര നിയമനവും ശമ്പള വർദ്ധനയും മറ്റ് ആനുകൂല്യങ്ങളും ഇവർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. തീരുമാനം ഇത് വരെ ഉണ്ടായിട്ടില്ല. എല്ലാവരും സന്തോഷത്തോടെ ഓണം ആഘോഷിക്കുമ്പോൾ കേരളത്തിലെ പ്രൈമറി പാലിയേറ്റീവ് നഴ്സുമാർ കടം വാങ്ങി സങ്കടത്തോടെ ഓണം ആഘോഷിക്കേണ്ട സ്ഥിതിയിലാണ്.


ട്രഷറിയിൽ നിന്നും മറ്റ് ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ നിയന്ത്രണം ഇല്ലാതെയിരിക്കുകയും പാലിയേറ്റീവ് നഴ്സുമാരുടെ ശമ്പളം നൽകുന്നതിന് മാത്രം നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്ത നടപടിക്കെതിരെ  കേരള പ്രൈമറി പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറയും സെക്രട്ടറി പി.ടി. സുനിതയും ശക്തമായി പ്രതിഷേധിക്കുകയും അടിയന്തിര പ്രാധാന്യത്തോടെ പ്രൈമറി പാലിയേറ്റീവ് നഴ്സുമാരുടെ ശമ്പളം നൽകാൻ നടപടിയുണ്ടാവണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രിക്കും ഇ-മെയിൽ വഴി നിവേദനം അയക്കുകയും ചെയ്തു.

Follow us on :

More in Related News