Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്രം സൃഷ്ടിച്ച് ഓണക്കാലത്തെ സപ്ലൈകോയുടെ വിൽപ്പന ; സർവകാല റെക്കോർഡില്‍: 375 കോടി കടന്നു

04 Sep 2025 21:56 IST

Jithu Vijay

Share News :

തിരുവനന്തപുരം : ചരിത്രം സൃഷ്ടിച്ച് ഓണക്കാലത്തെ സപ്ലൈകോയുടെ വിൽപ്പന. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്. ഓണക്കാല വിൽപ്പന 375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. ഇതിൽ 175 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയാണ്. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വിറ്റുവരവായ 15.37 കോടിയെ ഭേദിച്ച് 15.7 കോടിയിൽ വിൽപ്പന എത്തിയത് ഓഗസ്റ്റ് 27 നായിരുന്നു. ഓഗസ്റ്റ് മാസം അവസാന വാരം തൊട്ട് പ്രതിദിന വിൽപ്പന, റെക്കോർഡുകൾ ഭേദിച്ചു. ഓഗസ്റ്റ് 29ന് വിൽപ്പന 17.91 കോടിയും 30ന് 19.4 കോടിയും സെപ്റ്റംബർ 1ന് 22.2 കോടിയും 2ന് 24.99 കോടിയും 3 ന് 24.22 കോടിയും കടന്നു.


അരിയുടെയും വെളിച്ചെണ്ണയുടെയും ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് വിലക്കയറ്റത്തിനുള്ള സാധ്യത ഫലപ്രദമായി തടയാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു. സെപ്റ്റംബർ 3 വരെ 1.19 ലക്ഷം ക്വിന്റൽ അരി വില്‍പ്പനയിലൂടെ 37.03 കോടി രൂപയുടെയും 20.13 ലക്ഷം ലിറ്റർ ശബരി വെളിച്ചെണ്ണ വില്‍പ്പനയിലൂടെ 68.96 കോടി രൂപയുടെയും 1.11 ലക്ഷം ലിറ്റർ കേര വെളിച്ചെണ്ണ വില്‍പ്പനയിലൂടെ 4.95 കോടി രൂപയുടെ വിറ്റുവരവുണ്ടായി.


ജില്ലാ ഫെയറുകളിൽ 4.74 കോടി രൂപയുടെയും നിയോജക മണ്ഡല ഫെയറുകളിൽ 14.41 കോടി രൂപയുടെയും വില്‍പ്പന നടന്നു. മഞ്ഞ കാർഡ് വിഭാഗത്തിനും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകുന്ന ഓണക്കിറ്റിന്റെ വിതരണം ഉത്രാട ദിനത്തിൽ ഉച്ചവരെ 90 ശതമാനം പൂർത്തിയായി.


വിലക്കയറ്റമില്ലാത്തതും സമൃദ്ധവുമായ ഓണം മലയാളികൾക്ക് നൽകാൻ കഴിയും വിധം സപ്ലൈകോയുടെയും പൊതുവിതരണ വകുപ്പിന്റെയും പ്രവർത്തനങ്ങൾ വിജയകരമാക്കിയ സപ്ലൈകോയുടെ ദിവസവേതന പായ്ക്കിംഗ് കരാർ തൊഴിലാളികളടക്കമുള്ള ജീവനക്കാർക്കും വകുപ്പ് ജീവനക്കാർക്കും റേഷൻ വ്യാപാരികൾക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അഭിനന്ദനങ്ങൾ അറിയിച്ചു. എല്ലാവര്‍ക്കും മന്ത്രി ഓണാശംസകളും നേര്‍ന്നു.




Follow us on :

More in Related News