Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Mar 2026 00:11 IST
Share News :
മസ്‌കറ്റ്: ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ഒമാനിലെ വിവിധ മതവിഭാഗങ്ങളെയും ദേശീയതകളെയും ഒരുമിപ്പിച്ച് സംഘടിപ്പിച്ച മാനവ സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും പ്രവാസി സമൂഹത്തിൽ ശ്രദ്ധേയമായി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികൾ പങ്കെടുത്ത പരിപാടി സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും മനോഹരമായ സന്ദേശമാണ് പകർന്നത്.
ജാതി, മത,രാജ്യ, ഭാഷാ വ്യത്യാസമില്ലാതെ പങ്കെടുത്തവർ പരസ്പരം ഈത്തപ്പഴം വായിൽ വെച്ച് നൽകി നോമ്പ് തുറന്നത് ചടങ്ങിന്റെ പ്രത്യേകതയായി. സൗഹൃദവും മനുഷ്യബന്ധങ്ങളും ശക്തിപ്പെടുത്തുന്ന ഈ അനുഭവം പങ്കെടുത്തവർക്കെല്ലാം പുതിയതും ഹൃദയസ്പർശിയുമായ അനുഭവമായി മാറി.
ഒമാനിലെ വിവിധ പ്രമുഖ മത , സാംസകാരിക , വിദ്യാഭ്യാസ സംഘടനകളിൽ നിന്നുള്ള പ്രതിനിധികൾ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. കൂടാതെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികളും പരിപാടിയിൽ സാന്നിധ്യം അറിയിച്ച് സംഗമത്തിന് അഭിമാനകരമായ സാന്നിധ്യമായി.
പരിപാടിയുടെ ഭാഗമായി പങ്കെടുത്ത എല്ലാവരും ലോക സമാധാനത്തിനായി ഒരു മിനുട്ട് മൗനപ്രാർത്ഥനയോടെ തുടക്കം കുറിച്ച് മാനവ സൗഹൃദ പ്രതിജ്ഞ എടുത്തു. സമൂഹത്തിൽ സമാധാനവും സൗഹൃദവും പരസ്പര ബഹുമാനവും വളർത്തിയെടുക്കാനും, ഒരാൾക്കൊരാൾ കൈത്താങ്ങാകാനും, ബുദ്ധിമുട്ടുകൾ നേരിടുന്നവരെ സഹായിക്കാനും, സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളെ പിന്തുണയ്ക്കാനും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയിൽ പ്രഖ്യാപിച്ചു. ലോകത്ത് സമാധാനവും സൗഹൃദവും വളർത്തിപ്പോറ്റേണ്ടതിന്റെ പ്രാധാന്യവും പ്രതിജ്ഞയിൽ പ്രത്യേകം ഉൾപ്പെടുത്തി.
മനുഷ്യർ തമ്മിലുള്ള സഹോദര്യം , ഐക്യം, പരസ്പര സ്നേഹം എന്നിവയാണ് സമൂഹത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് സംഗമം ഓർമ്മിപ്പിച്ചു. മതവും ഭാഷയും രാജ്യങ്ങളും വ്യത്യസ്തമായിരുന്നാലും മനുഷ്യർ തമ്മിലുള്ള ബന്ധം സ്നേഹത്തിലൂടെയും കരുണയിലൂടെയും കൂടുതൽ ശക്തമാകുമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സംഘടനയുടെ എല്ലാ പ്രവർത്തകരും സാധാരണ ജീവിതം നയിക്കുന്ന പ്രവാസി തൊഴിലാളികളും ചെറുകിട ജോലിക്കാരുമാണ് എന്നത് ഈ കൂട്ടായ്മയുടെ പ്രത്യേകതയാണെന്ന് സംഘാടകർ വ്യക്തമാക്കി. എന്നാൽ അവരുടെ ലളിതമായ മനസും മനുഷ്യസ്നേഹവും തന്നെയാണ് ഇത്തരം വലിയ സാമൂഹിക സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തിക്കാൻ കാരണമായത്.
മനുഷ്യസൗഹൃദവും സഹവർത്തിത്വവും വളർത്തിയെടുക്കുന്നതിലൂടെ മാത്രമേ ഒരു സമൂഹം യഥാർത്ഥ അർത്ഥത്തിൽ മുന്നേറുകയുള്ളുവെന്ന് സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സൗഹൃദത്തിന്റെയും സഹോദരത്വത്തിന്റെയും ശക്തമായ സന്ദേശം നൽകുന്ന ഈ പരിപാടി പ്രവാസി സമൂഹത്തിൽ ഏറെ ശ്രദ്ധ നേടി.
പ്രസിഡന്റ് വിജി തോമസ് വൈദ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി നൂറുദ്ദീൻ സ്വാഗതം അറിയിച്ചു. രക്ഷാധികാരി രാജേഷ് കുമാർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജസീം കരിക്കോട് നന്ദിയും പറഞ്ഞു. ഡോക്ടർ സജീ ഉതുപ്പാൻ, അഡ്വക്കേറ്റ് മധുസൂദനൻ,ഷക്കീൽ ഹസ്സൻ,ഫാദർ തോമസ് ജോസ്, സരസ്വതി മനോജ്,സിദ്ധീഖ്, നിയാസ് ചെണ്ടയാട്,സുനിൽ കുമാർ, ലൈബു മുഹമ്മദ്, മിഥുൻ,ബിബിൻ എന്നിവർ ആശംസകൾ അറിയിച്ചു.
Follow us on :
More in Related News
Please select your location.