Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൈക്കോടതി വിധിയുണ്ടായിട്ടും പട്ടയം നല്‍കുന്നതില്‍ തടസം

14 Nov 2024 12:44 IST

ജേർണലിസ്റ്റ്

Share News :


ഇടുക്കി: ഹൈക്കോടതി വിധി ഉണ്ടായിട്ടും വനം വകുപ്പ് പട്ടയം നല്‍കാന്‍ തടസം നില്‍ക്കുന്ന സാഹചര്യത്തില്‍ ഡിസംബര്‍ 13 ന് തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ നേരിട്ട് ഹാജരായി വിശദികരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. പുന്നയാര്‍ ഊരുകൂട്ടത്തിലെ ഊരുമൂപ്പന്‍ റ്റി.എം കൃഷ്ണകുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. പട്ടയം അനുവദിക്കണമെങ്കില്‍ വിശദമായ സര്‍വേ നടത്തേണ്ടിവരുമെന്നാണ് നേര്യമംഗലം ഫോറസ്റ്റ് ഓഫീസര്‍ കമ്മിഷനെ അറിയിച്ചത്. പലതവണ സര്‍വേ നടത്തിയിട്ടും പട്ടയം അനുവദിക്കാന്‍ വനം വകുപ്പ് തടസം നില്‍ക്കുകയാണെന്ന് പരാതിക്കാരന്‍ ആരോപിച്ചു. പരാതിക്കാരന് പട്ടയം അനുവദിക്കണമെന്ന് ഹൈക്കോടതി 2021 സെപ്റ്റംബര്‍ 17 ന് ഉത്തരവും പാസാക്കിയിരുന്നു. പരാതിക്കാരന്റെ ആരോപണം ശരിയാണെങ്കില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നടപടി കോടതി ഉത്തരവിന്റെ ലംഘനവും കോടതി അലക്ഷ്യവുമാണെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത് ഇനിയും നീട്ടിയാല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വ്യക്തിപരമായി നഷ്ടത്തിന് ഉത്തരവാദിയായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. മനുഷ്യാവകാശ നിയമപ്രകാരം പരാതിക്കാരന് പട്ടയം നല്‍കാനുള്ള നടപടി നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സ്വീകരിച്ച തുടര്‍നടപടികള്‍ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ മൂന്നാഴ്ച്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിയുണ്ടായിട്ടും എന്തുകൊണ്ട് പട്ടയം നല്‍കുന്നില്ല എന്നതില്‍ ഒരു വിശദീകരണവും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.



Follow us on :

More in Related News