Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജിഎസ്എൽവി എഫ്17 വിജയകരമായി വിക്ഷേപിച്ചു; എട്ട് മാസത്തിന് ശേഷം വിജയവഴിയിൽ ഐഎസ്ആർഒ

04 Sep 2026 07:08 IST

NewsDelivery

Share News :

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് പുതിയ ആത്മവിശ്വാസം പകർന്ന് ജിഎസ്എൽവി എഫ്17 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് സെപ്റ്റംബർ 4ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം. ദൗത്യം വിജയിച്ചതോടെ എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആർഒ വിജയവഴിയിൽ തിരിച്ചെത്തി.

ജിഎസ്എൽവിയുടെ 19-ാം ദൗത്യമായിരുന്നു ഇത്. അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ EOS-5 (ജിയോ ഇമേജിംഗ് സാറ്റലൈറ്റ്-1എ) ആണ് ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയച്ചത്. രാജ്യസുരക്ഷ, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളിൽ നിർണായക സംഭാവന നൽകാൻ ഉപഗ്രഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.

ഭൂസ്ഥിര പരിക്രമണപഥത്തിൽ നിന്ന് മുഴുവൻ സമയവും ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കുന്നതിനാണ് ഉപഗ്രഹം ലക്ഷ്യമിടുന്നത്. 2367 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ജിഎസ്എൽവിക്ക് നേരിട്ട് ജിയോ ട്രാൻസ്ഫർ ഓർബിറ്റിലെത്തിക്കാൻ കഴിയാത്തതിനാൽ അതിന് അൽപ്പം താഴെയുള്ള ഭ്രമണപഥത്തിലാണ് റോക്കറ്റും ഉപഗ്രഹവും വേർപ്പെട്ടത്. തുടർന്ന് ഉപഗ്രഹം സ്വന്തം പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ച് ശേഷിക്കുന്ന ദൂരം സഞ്ചരിക്കും.

ജനുവരിയിൽ പിഎസ്എൽവി സി62 ദൗത്യം പരാജയപ്പെട്ടതിന് ശേഷമുള്ള ആദ്യ ഐഎസ്ആർഒ വിക്ഷേപണമാണിത്. ഇതേ ഉപഗ്രഹത്തിന്റെ മുൻഗാമിയെ 2021 ആഗസ്റ്റ് 12ന് ജിഎസ്എൽവി എഫ്10 ദൗത്യത്തിലൂടെ വിക്ഷേപിക്കാൻ ശ്രമിച്ചെങ്കിലും ദൗത്യം പരാജയപ്പെട്ടിരുന്നു. അതിന് പകരമായി വികസിപ്പിച്ചെടുത്തതാണ് നിലവിലെ പേടകം.

27 മണിക്കൂർ 30 മിനിറ്റ് നീണ്ട കൗണ്ട്‌ഡൗൺ കഴിഞ്ഞ ദിവസം രാത്രി 11.25നാണ് ആരംഭിച്ചത്. റോക്കറ്റും ഉപഗ്രഹവും ഏറെ നേരത്തെ തന്നെ വിക്ഷേപണത്തിന് സജ്ജമായിരുന്നെങ്കിലും പിഎസ്എൽവി സി62 പരാജയത്തിന് പിന്നാലെ ഐഎസ്ആർഒയുടെ വിവിധ ദൗത്യങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

ജൂൺ അവസാനമോ ജൂലൈ ആദ്യമോ വിക്ഷേപണം നടത്താൻ ശ്രമിച്ചിരുന്നെങ്കിലും അന്ന് കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ നീളുകയായിരുന്നു. ഒടുവിൽ വിജയകരമായ വിക്ഷേപണത്തിലൂടെ ഐഎസ്ആർഒ നിർണായക തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

Follow us on :

More in Related News