Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Sep 2024 19:46 IST
Share News :
ഇടുക്കി:
ഓണം അവധിയുടെ മറവിൽ അനധികൃത കൈയേറ്റങ്ങളും നിർമാണങ്ങളും തടയുമെന്ന ഇടുക്കി ജില്ലാ കലക്റ്ററുടെ വാക്ക് പാഴ് വാക്കായി. ആനവിലാസം വില്ലേജ് പരിധിയിൽ വരുന്ന പെരിയാർ തീര പ്രദേശത്ത് വ്യാപകമായ കൈയേറ്റ നിർമാണങ്ങളാണ് ഓണാവധി ലക്ഷ്യംവച്ച് അതിവേഗത്തിൽ പുരോഗമിക്കുന്നത്.
അയ്യപ്പൻകോവിൽ പഞ്ചായത്തിലെ കെ. ചപ്പാത്ത്, ഉപ്പുതറ പഞ്ചായത്തിലെ ഉപ്പുതറ സിറ്റി എന്നിവിടങ്ങളിലാണ് കൈയേറ്റ നിർമാണങ്ങൾ പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജില്ലാ കലക്റ്റർ അവധിക്കാലം മുന്നിൽ കണ്ട് നടക്കുന്ന കൈയേറ്റങ്ങൾക്കും അനധികൃതനിർമാണങ്ങൾക്കുമെതിരെ നടപടി കടുപ്പിക്കുമെന്ന് പ്രസ്താവനയിറക്കിയത്. എന്നാൽ പ്രസ്താവന പുറത്തു വന്നതിനു പിന്നാലെ തന്നെ ആനവിലാസം വില്ലേജ് പ്രദേശത്ത് അനധികൃത നിർമാണംസജീവമാകുകയായിരുന്നു. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ കെ. ചപ്പാത്തിൽ അഞ്ച് ദിവസമായി പെരിയാർ തീരം കൈയേറി വാണിജ്യ കെട്ടിട നിർമാണം പുരോഗമിക്കുകയാണ്. നേരത്തെ നിർമാണം നടക്കുന്ന വിഷയം മാധ്യമങ്ങൾ പുറത്ത് വിട്ടതും തുടർന്ന് അന്നത്തെ ജില്ലാ കലക്റ്റർ വിഷയത്തിൽ ഇടപെട്ട് നിർമാണംനിർത്തിവയ്പ്പിച്ചതുമാണ്. എന്നാൽ കലക്റ്റർ മാറിയതോടെ വീണ്ടും ഇവിടെ നിർമാണംആരംഭിക്കുകയായിരുന്നു. റവന്യൂ വകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ പാർട്ടിയിലെ തന്നെ ചിലരുടെ പിന്തുണയും കൈയേറ്റ നിർമാണത്തിനു പിന്നിലുണ്ടെന്ന സൂചനകളുമുണ്ട്. വകുപ്പ് മന്ത്രിയെയും ജില്ലാ കലക്റ്ററെയും വില്ലേജ് അധികൃതരെയും പഞ്ചായത്ത് സെക്രട്ടറിയെയും വിഷയം അറിയിച്ചിട്ടും അഞ്ച് ദിവസമായി രാവും പകലും ഇവിടെ നിർമാണം പുരോഗമിക്കുകയാണ്.
പട്ടാപ്പകൽ പോലും നിർമാണം നടന്നിട്ടും ഈ വകുപ്പുകളോ ഉദ്യോഗസ്ഥരോ ഇടപെടാത്തതിനു പിന്നിലെ ദൂരൂഹതയെ കുറിച്ചും ആക്ഷേപം ഉയരുന്നുണ്ട്. കൈയേറ്റ മാഫിയയും ഭരണകക്ഷി രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ ലോബിയും അടങ്ങിയ വൻ മാഫിയ തന്നെ ഈ കൈയേറ്റ നിർമാണങ്ങളുടെ പിന്നിലുണ്ടെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.
അതേസമയം ചപ്പാത്തിലെയും ഉപ്പുതറയിലെയും അനധികൃത പുഴ കൈയേറ്റ നിർമാണങ്ങൾക്കെതിരെ ഹൈക്കോടതിയെ തന്നെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പരിസ്ഥിതി സംഘടനകൾ. അനധികൃത നിർമാണത്തിന് അനുമതി കൊടുത്ത ഉദ്യോഗസ്ഥ ലോബികൾക്കെതിരെ നടപടി സ്വീകരിക്കുക, പുഴ കൈയേറ്റം നടത്തി നിർമിച്ച വാണിജ്യ കെട്ടിടങ്ങൾ പൊളിച്ചു നീക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
കൈയേറ്റക്കാരുമായി റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ നടത്തിയ അവിഹിത ഇടപാടുകളുടെ തെളിവുകൾ സഹിതം കോടതിയെ ബോധിപ്പിക്കാനാണ് സംഘടനകളുടെ നീക്കം.
Follow us on :
More in Related News
Please select your location.