Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനിതാ സംരംഭകരെ ശാക്തീകരിക്കാന്‍ ഐ.ഐ.എം. കോഴിക്കോടിന്റെ 'ഉയരെ' പദ്ധതിക്ക് തുടക്കമായി

20 May 2026 19:03 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറം ജില്ലയിലെ വനിതാ സംരംഭകരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് രൂപകല്‍പന ചെയ്ത 'ഉയരെ' പദ്ധതിക്ക് തുടക്കമായി. എ.ഡി.എം. സി.എസ്. രാജേഷ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ഐ.ഐ.എം. കോഴിക്കോട് ഐ.ഐ.എം. ഗവേഷകസംഘവും കുടുംബശ്രീ മിഷനിലെ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് വനിതാ സംരംഭകര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ പ്രവര്‍ത്തന പുസ്തകവും ഹാന്‍ഡ്ബുക്കും ഉള്‍പ്പെടുന്ന സമഗ്ര പരിശീലന കിറ്റിന്റെ പ്രകാശനവും നടന്നു.  


നിലവിലുള്ള കുടുംബശ്രീ വനിതാ സംരംഭകരില്‍ അടിസ്ഥാന ബിസിനസ് നൈപുണ്യങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ ഗവേഷണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2026 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 40 ഗ്രാമപഞ്ചായത്തുകളിലായി ഏകദേശം 700 വനിതകള്‍ക്ക് ഗ്രാമപഞ്ചായത്ത് തലത്തില്‍ ബിസിനസ് പരിശീലനം നല്‍കും. ഇതില്‍ മലപ്പുറം ജില്ലയിലെ 12 പഞ്ചായത്തുകളില്‍ നിന്നുള്ള 250 ഓളം വനിതാ സംരംഭകര്‍ ഉള്‍പ്പെടുന്നു. ഗ്രാമപഞ്ചായത്ത് തലത്തില്‍ നേരിട്ട് നടത്തുന്നതിനാല്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് ഇതിന്റെ പ്രയോജനം എളുപ്പത്തില്‍ ലഭിക്കും.


രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി ഐ.ഐ.എം. കോഴിക്കോട്ടിലെ പ്രൊഫസര്‍മാരായ ചിത്വന്‍ ലാല്‍ജി, രുദ്ര സെന്‍ശര്‍മ്മ, അശോക് തോമസ്, ഡോക്ടറല്‍ സ്‌കോളര്‍ ഗായത്രി എം.എസ്. എന്നിവരടങ്ങിയ ഗവേഷക സംഘമാണ് രൂപകല്‍പന ചെയ്തത്. ഐ.ഐ.എം. കോഴിക്കോട് ലൈവ് വിഭാഗവും വ്യവസായ-വാണിജ്യ വകുപ്പും പ്രൊജക്ടിന് പിന്തുണ നല്‍കുന്നുണ്ട്. പദ്ധതിയില്‍ പങ്കാളിയായ സംരംഭകത്വ വികസന സൊസൈറ്റിയിലെ ട്രെയിനര്‍മാര്‍ക്ക് ഇതിനോടകം തന്നെ ഐ.ഐ.എം. പ്രത്യേക നൈപുണി വികസന പരിശീലനം നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലാ കളക്ടറാണ് പദ്ധതിയുടെ ജില്ലയിലെ ഇന്‍-ചാര്‍ജ്. ജില്ലാ കുടുംബശ്രീ മിഷനും പദ്ധതിയുടെ സുഗമമായ ഏകോപനത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കും.

Follow us on :

More in Related News