Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏകത ഉത്സവ് 2026 ശ്രദ്ധേയമായി

26 May 2026 00:23 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഭാരതീയ കലാസാംസ്കാരിക പൈതൃകങ്ങളെ തനിമ നഷ്ടപ്പെടാതെ സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള എല്ലാ കലാസ്വാദകരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2018-ൽ രൂപംകൊണ്ട പ്രമുഖ സംഘടനയായ ഏകത മസ്കറ്റ് സംഘടിപ്പിച്ച “ഏകത ഉത്സവ് 2026” ശ്രദ്ധേയമായി.

ഭാരതീയ ശാസ്ത്രീയ കലാരൂപങ്ങളെ പുതു തലമുറയ്ക്ക് പകർന്നു നൽകി പാരമ്പര്യ കലാസാംസ്കാരിക പൈതൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടന വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. 2018-ൽ ഒമാനിൽ ആദ്യമായി ഒൻപത് ദിവസം നീണ്ട സംഗീതോത്സവം സംഘടിപ്പിച്ച സംഘടന, ഭാരതം, ഒമാൻ, മറ്റ് ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നായി 250-ലധികം കലാപ്രതിഭകൾക്ക് വേദിയൊരുക്കിയിരുന്നു.

സംഘടനയുടെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച “ഏകത ഉത്സവ് 2026” ഇന്ത്യൻ ശാസ്ത്രീയ സംഗീത-നൃത്ത മേളയ്ക്ക് മസ്കറ്റിലെ ബൗഷറിലുള്ള ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡീസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് ഉദ്ഘാടനം നിർവഹിച്ചു.

ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെയും നൃത്തത്തിന്റെയും യഥാർഥ ഭാവങ്ങൾ പ്രതിഫലിപ്പിക്കുന്ന വേദിയായി “ഉത്സവ് 2026” മാറിയതായി സംഘാടകർ അറിയിച്ചു. 200-ലധികം കലാകാരന്മാരും വിദ്യാർഥികളും വിവിധ ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥക് എന്നീ നൃത്തരൂപങ്ങളും കർണാടക സംഗീത അവതരണങ്ങളും അവതരിപ്പിച്ചു.

ഒമാനിലെ വിവിധ ഗുരുക്കന്മാരെ അവരുടെ കലാസാംസ്കാരിക സംഭാവനകൾ മാനിച്ച് ഏകത മസ്കറ്റ് ഉപഹാരങ്ങൾ നൽകി ആദരിച്ചു. വിവിധ കലാരൂപങ്ങൾ ഒരേ വേദിയിൽ ആസ്വദിക്കാനായതിൽ കലാസ്വാദകർ സന്തോഷം പ്രകടിപ്പിച്ചതായും സംഘാടകർ അറിയിച്ചു.

കർണാടക സംഗീത രംഗത്തെ വിലപ്പെട്ട സംഭാവനകൾ പരിഗണിച്ച് എല്ലാ വർഷവും നൽകുന്ന “ഏകത സംഗീത സുധ നിധി” പുരസ്കാരം ഈ വർഷം പ്രശസ്ത കർണാടക സംഗീതജ്ഞൻ ഷേർത്തല രംഗനാഥ ശർമ്മ ഏറ്റുവാങ്ങി. മെയ് 22 വെള്ളിയാഴ്ച വൈകിട്ട് നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.

Follow us on :

More in Related News