Tue Dec 12, 2023 10:56 PM 1ST

Sign In

മുണ്ടേരി ഫാമിന് വികസനക്കുതിപ്പ്; സമഗ്ര മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കും

21 Nov 2026 08:49 IST

Jithu Vijay

Share News :

നിലമ്പൂർ : സംസ്ഥാനത്തെ ഏറ്റവും വലിയ വിത്തുകൃഷി തോട്ടമായ മുണ്ടേരി ഫാമിനെ മികച്ച കാര്‍ഷിക ഫാമായും പ്രധാന ഫാം ടൂറിസം കേന്ദ്രമായും വികസിപ്പിക്കുന്നതിന് സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖും റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാറും അറിയിച്ചു. നിലമ്പൂര്‍ എം.എല്‍.എ ആര്യാടന്‍ ഷൗക്കത്ത് സമര്‍പ്പിച്ച മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യുന്നതിനായി ഫാം സന്ദര്‍ശിച്ച ശേഷം ചേര്‍ന്ന യോഗത്തിലാണ് മന്ത്രിമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുമെന്നും കൃഷി വകുപ്പ് മന്ത്രി ഉറപ്പുനല്‍കി.


1,258 ഏക്കര്‍ വിസ്തൃതിയുള്ള ഫാമിലെ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി കൂടി പ്രയോജനപ്പെടുത്തി കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കാനും ആദിവാസികളടക്കമുള്ള സമീപവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇതിനായി കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍, ഉദ്യോഗസ്ഥര്‍, ഫാം ജീവനക്കാര്‍ എന്നിവരുടെ യോഗം ഒരാഴ്ചയ്ക്കുള്ളില്‍ ചേര്‍ന്ന് വിശദമായ കര്‍മ്മപദ്ധതി തയ്യാറാക്കും. തേനീച്ച, പഴവര്‍ഗ-പച്ചക്കറി കൃഷികള്‍, വിദേശയിനം പഴവര്‍ഗങ്ങള്‍, ഔഷധസസ്യങ്ങള്‍, മാതൃകാ ജൈവകൃഷിത്തോട്ടങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിനൊപ്പം ജലസേചനത്തിനായി മഴവെള്ള സംഭരണിയും ഒരുക്കും.


കൃഷിവകുപ്പിന്റെ 'കതിര്‍' പദ്ധതിയുമായി ബന്ധപ്പെടുത്തി ഫാമിനെ വിദ്യാര്‍ഥികള്‍ക്കുള്ള പ്രധാന കാര്‍ഷിക പരിശീലന, പഠനയാത്രാ കേന്ദ്രമാക്കും. ഫാമിന്റെ വികസനത്തിനും നിറവ് കാര്‍ഷിക മേള സംഘടിപ്പിക്കുന്നതിനും റവന്യൂ വകുപ്പിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു. രാവിലെ ഫാമിലെത്തിയ മന്ത്രിമാര്‍ വിവിധ ബ്ലോക്കുകളും ചാലിയാറിന്റെ തീരത്തെ തലപ്പാലി ബ്ലോക്കിലെ ഏറുമാടവും സന്ദര്‍ശിച്ച ശേഷം ഉദ്യോഗസ്ഥരുമായും തൊഴിലാളികളുമായും പ്രത്യേക യോഗങ്ങള്‍ ചേര്‍ന്നു.


ജില്ലാ പഞ്ചായത്തംഗം എന്‍.എ. കരീം, പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ്, വൈസ് പ്രസിഡന്റ് ഷറഫുന്നീസ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി. ശ്രീലേഖ, ഫാം ഡെപ്യൂട്ടി ഡയറക്ടര്‍ വി.വി. സുരേഷ്, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Follow us on :

More in Related News