Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2026 04:39 IST
Share News :
മസ്കറ്റ്: ഒമാന്റെ മുൻ ഭരണാധികാരിയായിരുന്ന അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ അപൂർവ ചിത്രങ്ങൾ ശേഖരിച്ച് ശ്രദ്ധേയനാവുകയാണ് മസ്കറ്റിൽ ജോലി ചെയ്യുന്ന മലയാളി യുവാവ് അൻസാർ കരുനാഗപ്പള്ളി. കഴിഞ്ഞ നാലു വർഷമായി തുടരുന്ന ചിത്രശേഖരണത്തിലൂടെ സുൽത്താൻ ഖാബൂസിന്റെ ഇരുന്നൂറോളം ചിത്രങ്ങളാണ് അൻസാർ ഇതിനകം സ്വന്തമാക്കിയിരിക്കുന്നത്.
ഒമാനിലെ ശദ ആൽ വാഫി കമ്പനിയിൽ ജീവനക്കാരനായ അൻസാർ കഴിഞ്ഞ പത്തുവർഷമായി ഒമാനിൽ ജോലി ചെയ്യുകയാണ്. ഒമാന്റെ ചരിത്രത്തോടും ഭരണാധികാരികളോടുമുള്ള താൽപര്യമാണ് ഇത്തരമൊരു വ്യത്യസ്തമായ ശേഖരണത്തിലേക്ക് അൻസാറിനെ എത്തിച്ചത്.
നാലുവർഷം മുമ്പാണ് സുൽത്താൻ ഖാബൂസിന്റെ ചിത്രങ്ങൾ ശേഖരിക്കാൻ തുടങ്ങിയത്. സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ചിത്രങ്ങൾ ശ്രദ്ധാപൂർവം കണ്ടെത്തി മൊബൈൽ ഫോണിൽ സൂക്ഷിക്കുകയും പിന്നീട് അവ പ്രിന്റ് എടുത്ത് ആൽബങ്ങളാക്കി ക്രമീകരിക്കുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ ശേഖരിച്ച ചിത്രങ്ങളെല്ലാം പ്രത്യേകം സൂക്ഷിച്ചുവെച്ചിരിക്കുകയാണ് അൻസാർ.
സുൽത്താൻ ഖാബൂസിന്റെ വിവിധ കാലഘട്ടങ്ങളിലെയും ഔദ്യോഗിക പരിപാടികളിലെയും അപൂർവ ചിത്രങ്ങൾ ഉൾപ്പെടുന്നതാണ് ഈ ശേഖരം. ഒമാന്റെ ചരിത്രത്തോടും മുൻ ഭരണാധികാരിയുടെ ഓർമ്മകളോടുമുള്ള ആദരവ് കൂടിയാണ് അൻസാറിന്റെ ഈ ചിത്രശേഖരണം.
നിലവിലെ ഒമാൻ ഭരണാധികാരിയായ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ചിത്രങ്ങളും അൻസാർ ഇപ്പോൾ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്. ഒമാന്റെ ഭരണാധികാരികളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരുംകാലത്തേക്കായി സൂക്ഷിച്ചുവെക്കുകയാണ് ഈ പ്രവാസി മലയാളിയുടെ ലക്ഷ്യം.
സുൽത്താൻ ഖാബൂസിന്റെ ചിത്രശേഖരം നേരിൽ കാണാൻ താൽപര്യമുള്ളവർക്ക് അൻസാറുമായി 91387182 എന്ന നമ്പറിൽ ബന്ധപ്പെടാം.
Follow us on :
Tags:
More in Related News
Please select your location.