Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹകരണ ക്രിസ്മസ് - പുതുവത്സര വിപണിക്ക് തുടക്കമായി

22 Dec 2025 22:46 IST

CN Remya

Share News :

കോട്ടയം: സഹകരണ ക്രിസ്മസ് - പുതുവത്സര വിപണിക്ക് തുടക്കമായി. ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിന് സഹകരണ പ്രസ്ഥാനത്തിൻ്റെ ഇടപെടല്‍ നിര്‍ണായകമായെന്ന് സഹകരണം - ദേവസ്വം - തുറമുഖം വകുപ്പ് മന്ത്രി വി. എന്‍. വാസവൻ. കണ്‍സ്യൂമര്‍ഫെഡിന്‍റെ സഹകരണ ക്രിസ്മസ് പുതുവത്സര വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏറ്റുമാനൂർ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം നടന്ന ചടങ്ങില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ അഡ്വ. പി.എം. ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. 

ക്രിസ്മസിനോടനുബന്ധിച്ചുള്ള 'സാന്‍റാ ഓഫർ' ആണ് വിപണിയുടെ പ്രധാന ആകർഷണം. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകൾ തുടങ്ങിയ 12 ഉൽപ്പന്നങ്ങൾ അടങ്ങിയ 667 രൂപയുടെ സാന്‍റാ കിറ്റ് 500 രൂപയ്ക്കാണ് വിപണിയിലുള്ളത്. ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കും. പ്രധാന ഇനങ്ങളുടെ സബ്‌സിഡി വില (നോൺ സബ്‌സിഡി വില ബ്രായ്ക്കറ്റിൽ): മട്ട അരി- 33 (41), ജയ അരി- 33 (42), പഞ്ചസാര- 35 (44), വൻപയർ- 68 (84), ചെറുപയർ- 85 (108), ഉഴുന്ന്- 87(110), തുവര പരിപ്പ്- 85 (102), മല്ലി- 41(57). ശബരി വെളിച്ചെണ്ണ 309 രൂപയ്ക്ക് ലഭ്യമാണ്. ജനുവരി ഒന്നു വരെ നീളുന്ന ഫെയറിന്‍റെ പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകിട്ട് എട്ട് വരെയാണ്.

ജനുവരി ഒന്നു വരെയാണ് വിപണി പ്രവര്‍ത്തിക്കുക. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 33രൂപ നിരക്കിൽ ജയ അരി എട്ടു കിലോഗ്രാമും കുത്തരിയും കുറുവ അരിയും 10 കിലോഗ്രാം വീതവും ലഭിക്കും. 29 രൂപ നിരക്കിൽ രണ്ട് കിലോ പച്ചരി, 34.65 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര, 85 രൂപയ്ക്ക് ഒരു കിലോ ചെറുപറയർ , 87 രൂപയ്ക്ക് ഒരു കിലോ ഉഴുന്ന്, 147 രൂപയ്ക്ക് അര ലിറ്റർ വെളിച്ചെണ്ണ എന്നിവയും ലഭിക്കും.

ഏറ്റുമാനൂർ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ആര്‍. പ്രമോദ് ചന്ദ്രന്‍, മാനേജിംഗ് ഡയറക്ടര്‍ ആര്‍. ശിവകുമാര്‍,  കേരള ബാങ്ക് ഡയറക്ടര്‍ ജോസ് ടോം, നഗരസഭാ കൗണ്‍സിലര്‍  അന്നമ്മ തോമസ്,  പി.എ.സി.എസ് ജില്ലാ സെക്രട്ടറി കെ.ജെ. അനില്‍കുമാര്‍, ഡെപ്യൂട്ടി രജിസ്റ്റര്‍ കെ.സി. വിജയകുമാര്‍, അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ബി. ഉണ്ണികൃഷ്ണന്‍ നായര്‍, പേരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് പി.വി. പ്രദീപ്. കണ്‍സ്യൂമര്‍ഫെഡ് റീജണല്‍ മാനേജര്‍ ആര്‍. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

തിരുനക്കര മൈതാനത്ത് നടന്ന ചടങ്ങിൽ സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു.  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആദ്യ വില്പനയും മന്ത്രി നടത്തി. സപ്ലൈകോ മേഖലാ മാനേജർ ആർ. ബോബൻ, ജില്ലാ സപ്ലൈ ഓഫീസർ ബി. സജിനി, മുനിസിപ്പൽ കൗൺസിലർ എസ്. ഗോപകുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ അഡ്വ. സന്തോഷ് കേശവനാഥ്, പി. കെ. ആനന്ദക്കുട്ടൻ, ബാബു കപ്പക്കാല, ടോമി വേദഗിരി എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News