Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചിങ്ങനിലാവ് 2025; കോട്ടയം ജില്ലാതല ഓണാഘോഷത്തിന് ബുധനാഴ്ച തുടക്കമാകും

02 Sep 2025 22:00 IST

CN Remya

Share News :

കോട്ടയം: കോട്ടയം ജില്ലാതല ഓണാഘോഷപരിപാടി ചിങ്ങനിലാവ് 2025ന് മൂന്നിന് തുടക്കമാകും. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സെപ്റ്റംബർ എട്ട് വരെ തിരുനക്കര മൈതാനത്താണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങിൽ സഹകരണം - തുറമുഖം - ദേവസ്വം മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. അധ്യക്ഷത വഹിക്കും. ഗവൺമെൻ്റ് ചീഫ് വിപ് ഡോ. എൻ. ജയരാജ് ഓണസന്ദേശം നൽകും. എം.പിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, നഗരസഭാംഗങ്ങൾ, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, തഹസിൽദാർ എസ്. എൻ. അനിൽകുമാർ, ഡി.ടി.പി.സി. എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ജോൺ വി. ജോസഫ്, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

ഉദ്ഘാടന പരിപാടിക്കു ശേഷം ജാസി ഗിഫ്റ്റിന്റെ സംഗീതപരിപാടി നടക്കും. മൂന്നിന് രാവിലെ ഒൻപതു മുതൽ കോട്ടയം വൈ.എം.സി.എ. ഹാളിൽ അത്തപ്പൂക്കളമത്സവും പത്തു മുതൽ സി.എം.എസ്. കോളജ് മൈതാനിയിൽ സൗഹൃദ ക്രിക്കറ്റ് മത്സരവും നടക്കും. കോട്ടയം വൈ.എം.സി.എ ഗാന്ധിനഗർ റോട്ടറി ക്ലബ്ബുമായി ചേർന്ന് വിവിധ സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ക്ലബ്ബുകൾക്കുമായാണ് മത്സരം നടത്തുന്നത്. ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 10,000 രൂപ, 7500 രൂപ, 5000 രൂപ എന്നിങ്ങനെ സമ്മാനത്തുക നൽകും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 20 ടീമുകൾക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ സൗജന്യമാണ്.

സെപ്റ്റംബർ നാലു മുതൽ ഏഴു വരെ ദിവസങ്ങളിൽ വൈകുന്നേരം യഥാക്രമം വൈക്കം മാളവികയുടെ നാടകം 'ജീവിതത്തിന് ഒരു ആമുഖം, കോട്ടയം മഴവിൽ മെലഡീസ് അവതരിപ്പിക്കുന്ന ഗാനമേള, ഇടുക്കി കനൽ നാടൻ കലാസംഘം അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും, പ്രോജക്ട് ജി.എസ്. ബാൻഡിന്റെ സംഗീതപരിപാടി എന്നിവ അരങ്ങേറും. വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിലുള്ള കലാപരിപാടികളും വിവിധ ദിവസങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്.

എട്ടിന് സമാപനച്ചടങ്ങിനു മുന്നോടിയായി വൈകുന്നേരം നാലിന് പോലീസ് പരേഡ് ഗ്രൗണ്ടിൽനിന്നു തിരുനക്കര മൈതാനത്തേക്കു സാംസ്‌കാരിക ഘോഷയാത്ര നടത്തും.

5.30ന് തിരുനക്കര മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവ് നടൻ വിജയരാഘവനെ ചടങ്ങിൽ ആദരിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ഗവൺമെൻറ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തും.

Follow us on :

More in Related News