Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് നിന്നും വേളാങ്കണ്ണിയിലേക്ക് ബസ് സര്‍വ്വീസ് ആരംഭിച്ചു.

01 Jan 2025 23:26 IST

santhosh sharma.v

Share News :

വൈക്കം: തമിഴ്‌നാട് എക്സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വൈക്കത്ത് നിന്നും വേളാങ്കണ്ണിയിലേക്ക് പുതുതായി ആരംഭിച്ച ബസ് സര്‍വീസുകളുടെ ഫ്ളാഗ് ഓഫ് തമിഴ്‌നാട് ഗതാഗതവകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കറും കേരള ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാറും ചേര്‍ന്ന് നിര്‍വഹിച്ചു. വേളാങ്കണ്ണി ബസിന്റെ ഫ്‌ളാഗ് ഓഫ് ആണ് ഇരുവരും ചേര്‍ന്ന് നിര്‍വഹിച്ചത്. ചെന്നൈ ബസ് സർവ്വീസ് ആറിന് വൈക്കത്ത് എത്തുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു.

സാമൂഹിക നീതിക്കായി തന്തെ പെരിയോർ പോരാടിയ വൈക്കം സത്യഗ്രഹത്തിൻ്റെ ശതാബ്ദി യോടനുബന്ധിച്ച് സമരഭൂമിയിൽ നിന്നും തമിഴ്നാടിൻ്റെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ബസ് സർവ്വീസ് ആരംഭിക്കാൻ ഉള്ള തീരുമാനം ചരിത്ര സ്മരണ നിലനിർത്തുന്നതിനു കൂടിയാണെന്നും

കെ.എസ്.ആര്‍.ടി.സി.യുടെ ബജറ്റ് ടൂറിസം പദ്ധതി തമിഴ്‌നാട്ടിലേക്കും വ്യാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും തമിഴ്‌നാട് ഗതാഗതവകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കര്‍ പറഞ്ഞു. തമിഴ്‌നാടിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ശബരിമലയിലേക്ക് എല്ലാമാസവും ഒന്നാം തിയതി മുതല്‍ അഞ്ചാം തിയതി വരെ തമിഴ്‌നാട് എക്സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ സര്‍വീസ് നടത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. യാത്രക്കാരുടെ പ്രാമുഖ്യത്തിനനുസരിച്ച് ബസ് സർവിസ് നടത്തിയാൽ ലാഭകരമാക്കാനാകുമെന്ന് ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു.ആലപ്പുഴ ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ അർത്തുങ്കലിൽ നിന്നും വേളാങ്കണ്ണിക്ക് പോകുന്നതായി തീർത്ഥാടകർക്ക് വൈക്കത്ത് സമയത്ത് എത്തി പോകുന്നതിനായി കെ എസ് ആർ ടി സി ബസ്സ് പ്രത്യോക സർവ്വീസ് ഏർപ്പെടുത്തുമെന്ന് ഗണേഷ് കുമാർ പറഞ്ഞു. സ്വകാര്യ ബസ്സിൽ തൊഴിലാളികളെ നിയമിക്കുന്നതിന് പോലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ബസിലെ ആദ്യ യാത്രക്കാരായ തലയോലപ്പറമ്പ് പഞ്ചായത്ത് അംഗം സജിമോന്‍ വര്‍ഗീസിനും ഭാര്യയ്ക്കും കെ.ബി. ഗണേഷ്‌കുമാര്‍ ടിക്കറ്റ് കൈമാറി. ചടങ്ങില്‍ സി.കെ.ആശ എം.എല്‍.എ. അധ്യക്ഷതവഹിച്ചു. അഡ്വ. കെ.ഫ്രാന്‍സിസ് ജോര്‍ജ് എം.പി.മുഖ്യ പ്രഭാഷണം നടത്തി. വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീതാ രാജേഷ്, കെ.എസ്.ആര്‍.ടി.സി. ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ പി.എസ്. പ്രമോജ് ശങ്കര്‍, എസ്.ഇ.ടി.സി. മാനേജിങ് ഡയറക്ടര്‍ ആര്‍.മോഹന്‍, ജി.പി. പ്രദീപ് കുമാര്‍, ടി.എ. ഉബൈദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനപ്രതിനിധികൾ, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ, അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. വൈക്കത്ത് നിന്നും ദിവസവും വൈകിട്ട് നാലിന് പുറപ്പെടുന്ന ബസ് കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂര്‍, അടൂര്‍, പത്തനാപുരം, പുനലൂര്‍, തെന്മല, സെങ്കോട്ട, മധുര, തഞ്ചാവൂര്‍ വഴി പിറ്റേന്ന് രാവിലെ 7.45-ന് വേളാങ്കണ്ണിയില്‍ എത്തിച്ചേരും.

715 രൂപ വൈക്കത്ത് നിന്നും വേളാങ്കണ്ണിയിലേക്കുള്ള ടിക്കറ്റ് നിരക്ക്. വേളാങ്കണ്ണിയില്‍ നിന്നും വൈകിട്ട് 4.30 ന് പുറപ്പെടുന്ന ബസ് പിറ്റെന്ന് രാവിലെ 8.15ന് വൈക്കത്ത് എത്തും. വൈക്കത്ത് നിന്നും വൈകിട്ട് 3.30ന് പുറപ്പെടുന്ന ബസ് കോട്ടയം, മുണ്ടക്കയം, കുമളി, തേനി, ട്രിച്ചി വഴി പിറ്റേന്ന് രാവിലെ എട്ടിന് ചെന്നൈയില്‍ എത്തിച്ചേരും. ചെന്നൈയില്‍ നിന്ന് വൈകിട്ട് നാലിന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 8.30ന് വൈക്കത്ത് എത്തിച്ചേരും 810 രൂപയാണ് ടിക്കറ്റ് നിരക്ക്. 



Follow us on :

More in Related News