Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Mar 2025 22:40 IST
Share News :
തലയോലപ്പറമ്പ്: ചരിത്ര പ്രസിദ്ധമായ വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ആറ്റുവേല ഉത്സവം നാളെ നടക്കും. തിങ്കളാഴ്ച പുലർച്ചെ 4.30ന് വടയാർ ഇളങ്കാവ് ക്ഷേത്രക്കടവിൽ ആറ്റുവേല ദർശനം. വടക്കുംകൂർ രാജവംശത്തിൻ്റെ ദേവതയായ ഇളങ്കാവ് ഭഗവതിയെ കാണാൻ മീനമാസത്തിലെ അശ്വതി നാളിൽ സഹോദരിയായ കൊടുങ്ങല്ലൂർ ഭഗവതി ജലമാർഗം വടയാർ ഇളങ്കാവ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നു എന്നാണ് വിശ്വാസം. മൂവാറ്റുപുഴയാറ്റിലാണ് ആറ്റുവേല ആഘോഷം നടക്കുന്നത്. 2വലിയ കേവുവള്ളങ്ങൾ ചേർത്ത് ചങ്ങാടം ഒരുക്കി അതിൽ തേക്കിൻ കഴകൾ കൊണ്ട് മൂന്ന് നിലയുള്ള ക്ഷേത്ര മാതൃകയിലാണ് ആറ്റുവേല നിർമിച്ചിരിക്കുന്നത്. മീനമാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് ഇതിൻ്റെ നിർമാണം ആരംഭിച്ചത്. അവകാശികളായ 12 വീടൻമാർക്കാണ് നിർമാണ അവകാശം. ഞായറാഴ്ച രാവിലെ 7.30ന് ഇളങ്കാവ് ക്ഷേത്രത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള മറവൻതുരുത്ത് പഞ്ചായത്തിലെ ആറ്റുവേലക്കടവിലേക്ക് പുറപ്പെടും. അവിടെനിന്നും പുലർച്ചെ അശ്വതി നാളിൽ സർവാഭരണ വിഭൂഷിതയായ കൊടുങ്ങല്ലൂർ ഭഗവതിയെ ആറ്റുവേലയുടെ മൂന്നാമത്തെ നിലയിൽ എഴുന്നള്ളിച്ച് പുറക്കളത്തിൽ ഗുരുതി നടത്തിയ ശേഷം ഇളങ്കാവ് ക്ഷേത്രത്തിലേക്കു പുറപ്പെടും. തൂക്കു വിളക്കിൻ്റെ ദീപ പ്രഭയും, വൈദ്യുത ദീപാലങ്കാരങ്ങളും കൊണ്ട് അലങ്കരിച്ച ആറ്റുവേല വാദ്യമേളങ്ങളുടെ താളത്തിനൊപ്പം മൂവാറ്റുപുഴയാറിൻ്റെ ഓളപ്പരപ്പിലൂടെ വട്ടം കറങ്ങി ഇളങ്കാവ് ക്ഷേത്രത്തിലേക്ക് പ്രയാണം ആരംഭിക്കും. വിവിധ കരക്കാർ, വീട്ടുകാർ, സംഘടനകൾ എന്നിവരുടെ വഴിപാടായി ഗരുഡൻ പറവയോടൊപ്പം ജലമാർഗം എത്തുന്ന തൂക്കച്ചാടുകൾ ആറ്റുവേലയെ അനുഗമിക്കും. ഭക്തിനിർഭരവും അതിലേറെ നയന മനോഹരവുമായ ചടങ്ങ് കാണാൻ ആറിൻ്റെ ഇരുകരകളിലും വള്ളങ്ങളിലുമായി വിദേശികൾ അടക്കം ആയിരങ്ങളാണ് എത്താറുള്ളത്. ഇരു കരകളിലുള്ള ഭക്‌തർ നിറദീപങ്ങൾ തെളിച്ച് അരിയും പൂവും വിതറി ആറ്റുവേലയെ വരവേൽക്കും. പുലർച്ചെ 4.30 ന് വടയാർ ഇളങ്കാവ് ക്ഷേത്രക്കടവിലാണ് ആറ്റുവേല ദർശനം. 5.30ന് ക്ഷേത്ര മതിൽക്കെട്ടിനു പുറത്ത് പ്രത്യേകം തയാറാക്കിയ പള്ളി സ്രാമ്പിലേക്ക് ഭഗവതിയെ എഴുന്നള്ളിക്കും. തൂക്കച്ചാടുകളിൽ എത്തുന്ന ഗരുഡൻമാർ ചൂണ്ട കുത്തി പള്ളിസ്രാമ്പിൽ വലത്തു വച്ചാണ് ഗരുഡൻപറവ അവസാനിപ്പിക്കുന്നത്. വൈകിട്ട് പീലിത്തുക്കവും കരത്തുക്കവും നടക്കും.
Follow us on :
Tags:
More in Related News
Please select your location.