Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2026 10:15 IST
Share News :
തൃശൂർ : തൃശൂർ തേക്കിൻകാട് മൈതാനത്ത് 64-ാമത് കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കലാകാരൻമാരെ മതത്തിൻ്റെ കണ്ണിലൂടെ കാണരുതെന്നും കലയാണ് അവരുടെ മതമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ഉദ്ദേശ്യം, വർഗീയതയ്ക്കും വിഭജനത്തിനുമെതിരെയുള്ള ശക്തമായ പോരാട്ടവീര്യം നൽകുകയുമാണ്. രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെ പോലും ആക്രമണം നടക്കുന്ന സാഹചര്യത്തിൽ, കലകളെയും കലാകാരന്മാരെയും മതത്തിന്റെ കണ്ണിലൂടെ കാണുന്നവർക്കെതിരെ ജാഗ്രത പാലിക്കണം. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ സമാധാനവും സന്തോഷവും ഉയർത്തിപ്പിടിക്കാനുള്ള ആയുധമായി കലയെ ഉപയോഗിക്കാൻ പുതിയ തലമുറയ്ക്ക് കഴിയണം. ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ധർമ്മം. പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്ക് കടന്നുചെല്ലുക കൂടിയാവണം. സാമൂഹ്യ വ്യവസ്ഥയിൽ കല വഹിച്ചിട്ടുള്ള പങ്ക് ചരിത്രത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.
പഴയകാലത്ത് കലകൾ പലപ്പോഴും ഏതെങ്കിലും പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ ഉള്ളിൽ മാത്രമായി ഒതുങ്ങിനിന്നിരുന്നു. ജാതിയും ജന്മിത്തവും നിലനിന്നിരുന്ന കാലത്ത് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മനുഷ്യരെ തമ്മിൽ അകറ്റിയിരുന്നു. അത് കലകളെയും ബാധിച്ചിരുന്നു. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ തകർക്കുന്നതിൽ സ്കൂൾ കലോത്സവങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്. കലോത്സവത്തിൽ സമ്മാനങ്ങൾ നേടുന്നതിനേക്കാൾ പ്രധാനം അതിൽ പങ്കെടുക്കുക എന്നതാണ്. സമ്മാനം ലഭിച്ചവർ മാത്രമല്ല, അല്ലാത്തവരും പിൽക്കാലത്ത് വലിയ പ്രതിഭകളായി വളർന്നിട്ടുണ്ട്. കലയുടെ ആസ്വാദനം വ്യക്തിനിഷ്ഠമാണെന്നും ഒരാൾക്ക് മികച്ചത് മറ്റൊരാൾക്ക് മികച്ചതോ മോശമോ അല്ലെന്നും അദ്ദേഹം പറഞ്ഞു.
മത്സരങ്ങൾ നടക്കുന്നത് കുട്ടികൾ തമ്മിലാണെന്നും രക്ഷിതാക്കൾ തമ്മിലല്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കലോൽസവത്തിൽ ഏതെങ്കിലും രീതിയിൽ പ്രകടമായ ക്രമക്കേടുകൾ കണ്ടെത്തിയാൽ പരിശോധിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയുണ്ട്. കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് കാലുഷ്യത്തിൻ്റെ കണിക കടക്കാതിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. നല്ല മനുഷ്യരാകുക എന്നതാണ് കലയുടെ ധർമ്മമെന്നും മുഖ്യമന്ത്രി പറഞ്ഞു.
1956-ൽ എറണാകുളത്ത് 200 കുട്ടികളുമായി തുടങ്ങിയ ‘യുവജനോത്സവം’ ഇന്ന് 14,000-ത്തിലധികം പ്രതിഭകൾ പങ്കെടുക്കുന്ന മഹാമേളയായി വളർന്നതിൽ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.1975ൽ മോഹിനിയാട്ടം കഥകളി, സംഗീതം, അക്ഷരശ്ലോകം തുടങ്ങിയവ ഉൾപ്പെടുത്തി കലോത്സവം കുറേക്കൂടി വികസിപ്പിച്ചു. 2009ലാണ് കേരള സ്കൂൾ കലോത്സവം എന്ന പേരിൽ ഇത് അറിയപ്പെടാൻ തുടങ്ങിയത്. 70 വർഷം കൊണ്ട് ഈ മേളയ്ക്ക് വന്ന മാറ്റം അമ്പരപ്പിക്കുന്നതാണ്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമാമാങ്കമായി കലോത്സവം വളർന്നു എന്നത് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തു തെളിയിക്കുന്നവെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ജനുവരി 18 വരെ നീളുന്ന കലോത്സവം മതനിരപേക്ഷതയുടെയും വൈവിധ്യങ്ങളുടെയും മഹത്തായ ആഘോഷമാണ്. ഇത്തവണ ‘ഉത്തരവാദിത്ത കലോത്സവ’മായാണ് നടപ്പിലാക്കുന്നത്. പ്ലാസ്റ്റിക് രഹിതവും, ജങ്ക് ഫുഡ് വിമുക്തവുമായ, പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന ഒരു മാതൃകാ മേളയാകണം ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു. തദ്ദേശീയ കലകളെക്കൂടി ഉൾപ്പെടുത്തി ഇത്തവണ കലോത്സവത്തെ നാം കൂടുതൽ ജനകീയമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.