Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജപ്പാൻ ജ്വരം : മലപ്പുറത്തും കോഴിക്കോട്ടും അതീവ ജാഗ്രത

15 Jan 2026 10:56 IST

Jithu Vijay

Share News :

മലപ്പുറം : ജാപ്പനീസ് എൻസെഫലൈറ്റിസ് (ജപ്പാൻ ജ്വരം) മലപ്പുറം ജില്ലയില്‍ വ്യാപകമായി കൂടുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. കേന്ദ്ര ആരോഗ്യവകുപ്പിന്റെ മസ്തിഷ്‌കവീക്ക നിരീക്ഷണ ഡേറ്റയുടെ അടിസ്ഥാനത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകള്‍ ജാപ്പനീസ് എൻസെഫലൈറ്റിസ് ബാധിത ജില്ലകളായി കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. ഈയൊരു സാഹചര്യത്തില്‍ രോഗവ്യാപനത്തെയും രോഗപ്രതിരോധത്തെയും വരുതിയിലാക്കാൻ പൊതുജനം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അധികൃതർ ബോധവല്‍ക്കരണം ആരംഭിച്ചിട്ടുണ്ട്.


തീവ്രമായ പനിക്കുശേഷം വരുന്ന അസ്വാഭാവികമായ പെരുമാറ്റം, ബോധക്ഷയം, ഛർദി, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം കൂടിയാല്‍ തലച്ചോറില്‍ നീർക്കെട്ട്, അപസ്‌മാരം തുടങ്ങിയ ഗുരുതര അവസ്ഥയിലേക്കു പോകാനും 20 മുതല്‍ 30 ശതമാനം പേർക്ക് മരണം സംഭവിക്കാനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ രോഗസാധ്യത കൂടുതലായി കണ്ടുവരുന്നുണ്ട്.


വെള്ളക്കെട്ടുകളും മറ്റും കൂടുതല്‍ ഉള്ളതുകൊണ്ടുതന്നെ കൊതുക് വളരാനുള്ള സാധ്യത ഇവിടെ കൂടുതലാണ്.

കൊതുകുവഴി മനുഷ്യരിലേക്ക് പടരുന്നു. പക്ഷികളില്‍നിന്ന് രോഗം നേരിട്ട് പകരുകയില്ല. പക്ഷികളില്‍നിന്ന് കൊതുകുകളിലൂടെ മാത്രമേ പകരൂ. ഒരുവയസ്സുമുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളെയാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്. ഇതില്‍ത്തന്നെ ഒന്നുമുതല്‍ അഞ്ചുവരെ പ്രായമുള്ള കുട്ടികള്‍ക്ക് കൂടുതല്‍ ഗുരുതരമാകും.പ്രതിരോധ വാക്‌സിൻ എടുക്കുക. പരമാവധി കൊതുകുകടി ഏല്‍ക്കാതെ സൂക്ഷിക്കുക.

കൊതുക് വളരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. പാടം, വെള്ളക്കെട്ടുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളിലേക്കു പോകുമ്പോള്‍ ശരീരം മറയുന്നതരം വസ്ത്രങ്ങള്‍ ഉപയോഗിക്കുക. എന്നിവയാണ് പ്രതിരോധ മാർഗ്ഗങ്ങള്‍. അതേസമയം രോഗ ലക്ഷണങ്ങള്‍ കണ്ടയുടൻ മെഡിക്കല്‍ കോളേജിലോ ചികിത്സാസൗകര്യങ്ങളുള്ള ആശുപത്രികളിലോ ചികിത്സതേടണം.

Follow us on :

More in Related News