Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജലമാണ് ജീവൻ ജനകീയ കാമ്പയിൻ ഒന്നാം ഘട്ടത്തിനു തുടക്കം

30 Aug 2025 22:46 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ജലജന്യ രോഗപ്രതിരോധം ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നു ജലമാണ് ജീവൻ എന്ന പേരിൽ സംഘടിപ്പിക്കുന്ന ജനകീയ തീവ്രയജ്ഞ പരിപാടിയുടെ ഒന്നാം ഘട്ടത്തിനു കോട്ടയം ജില്ലയിൽ തുടക്കമായി. തിരുവാർപ്പിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

കൊച്ചമ്പലം സ്റ്റാൻഡിലെ പൊതു കിണറിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നതിന് അദ്ദേഹം നേതൃത്വം നൽകി. ജലസ്രോതസുകൾ ഏറെയുള്ള കേരളത്തിൽ ജലജന്യ രോഗങ്ങൾക്കെതിരെയുള്ള ജാഗ്രത അനിവാര്യമാണെന്ന് കളക്ടർ പറഞ്ഞു.  

തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്.അനീഷ് അധ്യക്ഷത വഹിച്ചു. കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കിണറുകളിലും ക്ലോറിനേഷൻ നടത്തും. അമീബിക് മസ്തിഷ്‌കജ്വരം പോലെയുള്ള മാരകരോഗങ്ങൾക്ക് കാരണമാകുന്ന സൂക്ഷ്മജീവികളെ പ്രതിരോധിക്കാനാണ് ആദ്യഘട്ടത്തിൽ കിണറുകളിൽ ക്ലോറിനേഷൻ നടത്തുന്നത്.

പൈപ്പ് വെള്ളം ഉപയോഗിക്കുന്നവർ അത് സംഭരിക്കാൻ ഉപയോഗിക്കുന്ന ടാങ്കുകൾ ക്ലോറിനേറ്റ് ചെയ്യണം. പൊതു കിണറുകളും ക്ലോറിനേറ്റ് ചെയ്യുന്നതിന് നടപടി സ്വീകരിക്കും. കിണറുകളിൽ നിലവിലുള്ള വെള്ളത്തിന്റെ അളവനുസരിച്ച് ശാസ്ത്രീയമായ ക്ലോറിനേഷനാണ് നടത്തുന്നത്.

ഇതിനു വേണ്ട ബ്ലീച്ചിംഗ് പൗഡറും ക്ലോറിൻ ഗുളികകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കും. അതത് സ്ഥലങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ ക്ലോറിനേഷൻ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. ക്ലോറിനേഷൻ സംബന്ധിച്ച് അടുത്ത മാസം വിശദമായ കണക്കെടുപ്പ് നടത്തും.

ചടങ്ങിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിനു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ സജിമോൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.ആർ. അജയ്, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് അജയൻ കെ. മേനോൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജശ്രീ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ജെസ്സി സെബാസ്റ്റ്യൻ, നവകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എൻ.എസ്. ഷൈൻ, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ കെ.ജെ. പ്രസാദ് എന്നിവർ സംസാരിച്ചു.



Follow us on :

More in Related News