Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2024 19:20 IST
Share News :
ഇടുക്കി: നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുള്ള പ്രകൃതിരമണീയമായ കഞ്ഞിക്കുഴി പഞ്ചായത്ത് വിനോദസഞ്ചാര ഗ്രാമമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായി. പുന്നയാര്‍കുത്ത്, പൊന്നെടുത്താന്‍, മീനുളിയാന്‍ പാറ, പാല്‍ക്കുളം മേട് തുടങ്ങി സഞ്ചാരികള്‍ ധാരാളമെത്തുന്ന നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കഞ്ഞിക്കുഴി പഞ്ചായത്തിലുണ്ട്. ഇവയെല്ലാം കോര്‍ത്തിണക്കി പാക്കേജ് തയ്യാറാക്കി വിനോദ സഞ്ചാരികള്‍ക്ക് തുറന്നു നല്‍കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലെ പുന്നയാര്‍ വെള്ളച്ചാട്ടത്തിന്റെ ഭംഗി എത്ര കണ്ടാലും മതിവരാത്തതാണ്. മൈലപ്പുഴയില്‍ നിന്ന് പിറവി എടുക്കുന്ന പഴയരിക്കണ്ടം പുഴ നാല് കിലോമീറ്റര്‍ ശാന്തമായി ഒഴുകി പുന്നയാറില്‍ എത്തുമ്പോള്‍ അതിമനോഹരമായ വെള്ളച്ചാട്ടമായി മാറി പുന്നയാര്‍കുത്ത് എന്ന പേരില്‍ അറിയപ്പെടുന്നു. നൂറടിയിലധികം ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളം പാറകളില്‍ തട്ടി പതഞ്ഞൊഴുകുമ്പോള്‍ അതിന്റെ മനോഹാരിത ഒന്ന് വേറെ തന്നെയാണ്. കാഴ്ചകളുടെ കലവറയായ മീനുളിയാന്‍ പാറയും സഞ്ചാരികളുടെ സ്വപ്ന ഭൂമിയായ പാല്‍ക്കുളം മേടും പൊന്നെടുത്താന്‍ മലനിരകളുമെല്ലാം കഞ്ഞിക്കുഴി പഞ്ചായത്തിന്റെ സമ്പത്താണ്. ഇവയെല്ലാം കഞ്ഞിക്കുഴി പഞ്ചായത്തിന് പ്രയോജനപ്രദമായ രീതിയില്‍ വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുത്ത് ഗതാഗതം ക്രമീകരിച്ച് വിനോദസഞ്ചാര ഗ്രാമമായി പ്രഖ്യാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കാര്‍ഷികവൃത്തി പരാജയപ്പെട്ടതോടെ കടക്കണിയിലായ കര്‍ഷകര്‍ക്ക് ഇത് ആശ്വാസമാകുമെന്നും ജനങ്ങള്‍ പറയുന്നു.
Follow us on :
More in Related News
Please select your location.