Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സലാല ട്രാവലേഴ്‌സ് ക്ലബ്ബും സുൽത്താൻ ഖാബൂസ് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയി

26 Sep 2026 13:43 IST

ENLIGHT MEDIA OMAN

Share News :

സലാല: സലാല ട്രാവലേഴ്‌സ് ക്ലബ്ബും സുൽത്താൻ ഖാബൂസ് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയ പങ്കാളിത്തത്തോടെ നടന്നു.

ക്ലബ്ബ് സംഘടിപ്പിക്കുന്ന അഞ്ചാമത്തെ രക്തദാന ക്യാമ്പ് ആയിരുന്നു.

സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ ആകെ 137 പേർ പങ്കെടുത്തു. ഇതിൽ 76 പേർ വിജയകരമായി രക്തദാനം നിർവഹിച്ചു. രക്തത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനും അടിയന്തര ചികിത്സാ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ക്യാമ്പ് വലിയ സഹായമായതായി സംഘാടകർ അറിയിച്ചു.

ആശുപത്രി ബ്ലഡ് ബാങ്ക് ഹെഡ് ബിനു ഇസ്‌മായിൽ ഉൾപ്പെടെയുള്ള ജീവനക്കാർ ക്യാമ്പിന് നേതൃത്വം നൽകി. സലാല ട്രാവലേഴ്‌സ് ക്ലബ്ബ് ഗ്രൂപ്പ് അഡ്മിൻമാരായ സിറാജ് സിദാൻ, ബാബു സിദ്ദീഖ്, ഫാറൂഖ് സലാല, അനസ് പോപ്സ്, ഉസ്മാൻ സൈവാൻ, ശിഹാബ് ആലടി എന്നിവർ ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും ക്യാമ്പിൽ പങ്കെടുത്തു.

ക്യാമ്പിന് മികച്ച പ്രതികരണം ലഭിച്ചതിൽ സന്തോഷം രേഖപ്പെടുത്തിയ ക്ലബ്ബ് ഭാരവാഹികൾ, പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.

ക്യാമ്പിൽ പങ്കെടുത്ത മീഡിയ വൺ പ്രതിനിധി സലാഹുദ്ദീൻ, ഇൻകാസ് പ്രതിനിധികളായ ഹരികുമാർ ചേർത്തല, സലീം തൃശ്ശൂർ എന്നിവർക്കും അവർ നന്ദി രേഖപ്പെടുത്തി.

തിരക്കുകൾ കാരണം നേരിട്ട് പങ്കെടുക്കാൻ സാധിക്കാതിരുന്നെങ്കിലും ക്യാമ്പിന് പൂർണ പിന്തുണ നൽകിയ ഇന്ത്യൻ എംബസി കൗൺസിലർ സനാതനൻ, റഷീദ് കൽപ്പറ്റ, പവി കൈരളി, ഡോ. നിസ്താർ, ഡോ. സിദ്ദീഖ്, ഹുസൈൻ മാഷ് കാച്ചിലോട്, ജംഷാദ് ഫാസ് എന്നിവരോടും ക്ലബ്ബ് കൃതജ്ഞത അറിയിച്ചു.

ക്യാമ്പിന് സാമ്പത്തികവും മറ്റ് രീതികളിലും പിന്തുണ നൽകിയ RITZ RENT A CAR, MAZOON JUICE എന്നീ സ്ഥാപനങ്ങൾക്കും, സുൽത്താൻ ഖാബൂസ് ആശുപത്രി ബ്ലഡ് ബാങ്ക് ഇൻചാർജ് ബിനു ഇസ്‌മായിലിനും പ്രത്യേക നന്ദി രേഖപ്പെടുത്തി.

സമൂഹത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായ ഈ രക്തദാന ക്യാമ്പ്, സലാലയിലെ പ്രവാസി സമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമാണെന്ന് സംഘാടകർ വ്യക്തമാക്കി.

Follow us on :

More in Related News