Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അര നൂറ്റാണ്ടിലേറെ ഒമാൻ പ്രവാസജീവിതം നയിച്ച പി.പി. ഹംസ സാഹിബ് നിര്യാതനായി

04 Sep 2026 14:12 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: തൃശൂർ ജില്ലയിലെ വെങ്കിടങ്ങ് പഞ്ചായത്തിലെ പാടൂർ സ്വദേശിയും ദീർഘകാലം ഒമാനിൽ പ്രവാസജീവിതം നയിച്ച പ്രമുഖ സാമൂഹിക പ്രവർത്തകനുമായ പണിക്കവീട്ടിൽ പി.പി. ഹംസ സാഹിബ് (സാബ്കോ ഹംസ) (80) ഇന്ന് (സെപ്റ്റംബർ 4, 2026) രാവിലെ നാട്ടിൽ വച്ച് നിര്യാതനായി.

പി.പി. ഹംസ സാഹിബ് പാടൂർ സ്വദേശിയായ പരേതനായ കുഞ്ഞി മൊയ്തു മുസ്‌ലിയാരുടെയും പാത്തുമ്മയുടെയും മകനാണ്. പാടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് ജുമുഅ നമസ്കാരത്തിന് ശേഷം കബറടക്കം നടക്കും.

1965-ൽ പ്രവാസജീവിതം ആരംഭിച്ച ഹംസ സാഹിബ് 1971 മുതൽ ഒമാനിലെ മസ്‌കറ്റിൽ വിവിധ സ്ഥാപനങ്ങളിൽ ഉന്നത പദവികൾ വഹിച്ചിരുന്നു. ഏകദേശം അര നൂറ്റാണ്ടിലേറെ കാലം ഒമാനിൽ ജീവിച്ച അദ്ദേഹം ഒട്ടേറെ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ കണ്ടെത്തിക്കൊടുക്കുകയും സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടിരുന്ന നിരവധി കുടുംബങ്ങൾക്ക് സഹായഹസ്തമാകുകയും ചെയ്തിരുന്നു. മസ്‌കറ്റിലെ സാമൂഹിക, സാംസ്കാരിക, മതപരമായ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

ഒമാനിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ഏറെ ആദരിക്കപ്പെട്ടിരുന്ന ഹംസ സാഹിബ് ഇന്ത്യൻ കൾച്ചറൽ സെന്ററുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. വിവിധ രാജ്യങ്ങൾ സന്ദർശിച്ച അദ്ദേഹം ഒമാനിലെയും ഗൾഫ് മേഖലയിലെയും നിരവധി പ്രമുഖ വ്യക്തികളുമായും ഭരണാധികാരികളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു.

ഭാര്യ: ഹലീമ (വേങ്ങര മണ്ണിൽ മുഹമ്മദ് സാഹിബിന്റെ മകൾ). മക്കൾ: ഫൗസിയ (ചെന്നൈ), ഫുആദ്, ഡോ. ഫബിത (ലണ്ടൻ), ഫരീദ (അമേരിക്ക). സഹോദരങ്ങൾ: പി.പി. അബ്ദുറഹ്മാൻ, പരേതനായ പി.പി. ഖാദർ, പി.പി. സെയ്ദ് മുഹമ്മദ്.

ലാളിത്യവും സഹായ മനോഭാവവും കൊണ്ട് നാട്ടിലും പ്രവാസലോകത്തും നിരവധി പേരുടെ സ്‌നേഹവും ആദരവും നേടിയ വ്യക്തിത്വമായിരുന്നു ഹംസ സാഹിബ്. അദ്ദേഹത്തിന്റെ നിര്യാണം പാടൂർ പ്രദേശത്തിനും ഒമാനിലെ മലയാളി സമൂഹത്തിനും വലിയ നഷ്ടമായതായി അനുശോചന സന്ദേശങ്ങളിൽ ചൂണ്ടിക്കാട്ടി.

===============================

സുൽത്താൻ ഖാബൂസിന്റെ നാട്ടിൽ അര നൂറ്റാണ്ട് കാലം പാടൂർ പി പി ഹംസ സാഹിബ്.

ഒമാൻ രാജ്യത്തിന്റെ സുൽത്താനായിരുന്നു ഖാബൂസ് ബിൻ സായിദ്.മിഡിൽ ഈസ്റ്റിലും അറബ് ലോകത്തും ഏറ്റവും കൂടുതൽ കാലം രാജ്യത്തെ സേവിച്ച ഒരു ഭരണാധികാരി എന്നതിനേക്കാൾ ഏകദേശം അരനൂറ്റാണ്ടോളം കാലം ഒമാൻ ഭരിച്ച രാജാവ് എന്ന ചരിത്രവുമുണ്ട് അദ്ദേഹത്തിന്. അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം അനുഗ്രഹ പൂരിതമാക്കട്ടെ.

പാടൂർ പി പി ഹംസ സാഹിബും അര നൂറ്റാണ്ട് കാലം തന്നെയാണ് ഒമാനിൽ തന്റെ പ്രവാസം കഴിച്ചു കൂട്ടിയതും അതുകൊണ്ട് തന്നെ ഖാബൂസിന്റെ ഭരണ കാലവും ഹംസ സാഹിബിന്റെ പ്രവാസ കാലവും ഏതാണ്ട് ഒരെ കാലമായാണ് കണക്കാക്കപ്പെടുന്നതും.

ഹംസ സാഹിബിനെ നാഥൻ ആയുരാരോഗ്യവും ദീർഘായുസ്സും നൽകി കൂടുതൽ കാലം നമ്മോടൊപ്പം ഊർജ്വസലതയോടെ കഴിയുവാൻ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ ആമീൻ.

അരനൂറ്റാണ്ടുകൾക്ക് മുൻപ് കടലും കടന്ന് അന്നം തേടാൻ പോയി കരയണഞ്ഞവരുടെ കൂട്ടത്തിൽ ഞങ്ങളുടെ പാടൂർ ഗ്രാമത്തിലും ഒരാളുണ്ട്. കേൾക്കാൻ ഏറെ ആശ്ചര്യമുള്ള ആ അറബി കഥകൾ പറഞ്ഞു തരാൻ ഇന്നിപ്പോൾ നമുക്കിടയിൽ അധികമാരും കാണില്ലെങ്കിലും ചിലപ്പോൾ - ആടു ജീവിതത്തിന് പിമ്പുള്ള കഥകൾ - ഉണ്ടാവാം മുമ്പും ഉണ്ടാവുമല്ലോ ഓരോ കഥകൾ അങ്ങിനെ അര നൂറ്റാണ്ടുകാലം പ്രവാസികളായി തിരിച്ചുവന്നവർ കുറച്ചു പേർ നമുക്കിടയിൽ ഇപ്പോഴുമുണ്ട് അവരെ ആഴത്തിൽ അറിഞ്ഞവരുമുണ്ട് അറിയാത്തവരുമുണ്ട് അക്കൂട്ടത്തിൽ ഞങ്ങളുടെ നാട്ടിലുള്ള പി പി ഹംസ സാഹിബിനെ ഒന്ന് പരിജയപ്പെടാം ആ കഥകൾ കേൾക്കാനായല്ല അദ്ദേഹത്തെ അറിയാനാണ്.

1965 കാലം.പതിനെട്ടു വയസ്സുള്ള പാടൂർ കറുപ്പം വീട്ടിൽ പുത്തൻപുരയിൽ കഞ്ഞു മൊയ്തു മുസ്‌ലിയാരുടെയും പണിക്കവീട്ടിൽ പയ്യാക്കൽ പാത്തുമാമ ദമ്പതികളുടെ രണ്ടാമത്തെ പുത്രനുമായ ഹംസ സാഹിബിന്റെ പ്രവാസത്തിന്റെ തുടക്കം അന്നുമുതലാണ് തുടങ്ങുന്നത്.

15/6/1947 ലാണ് ജനനം, പാടൂർ GMUP, വാണി വിലാസം സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിന്നു ശേഷം തന്റെ പതിനെട്ടാമത്തെ വയസ്സിൽ 1965 ൽ അറബ് മണ്ണിലേക്കുള്ള യാത്ര 1971 മുതൽ ഒമാനിലെ മസ്കറ്റിൽ പല സ്ഥാപനങ്ങളിലും ഉന്നത പദവികൾ വഹിച്ചു.

നാട്ടുകാരും വീട്ടുകാരും അല്ലാത്തവരുമായ പല നാട്ടുകാർക്കും തൊഴിൽ,പലരുടെയും ദയനീയ കാഴ്ച്ചകളിൽ സാമ്പത്തിക സഹായം മസ്കറ്റിൽ അൽ ഫലാജ് ഹോട്ടലിൽ നിന്ന് കൊണ്ട് നാട്ടുകാരായ സഹോദരങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ മഹല്ല് കമ്മറ്റിക്ക് വേണ്ടിയുള്ള സാമ്പത്തിക സഹായങ്ങൾക്കുള്ള പിരിവുകളിൽ മുൻപന്തിയിൽ ചിലപ്പോൾ മഹല്ല് കമ്മറ്റിക്കായി അക്കാലങ്ങളിൽ ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം മസ്കറ്റിൽ നിന്നായിരിക്കും. പ്രയാസമനുഭവിക്കുന്നവർക്ക് മസ്കറ്റിൽ ഹംസക്ക ഒരത്താണിയായിരുന്നു ഇപ്പോഴും അവർ ഹംസ സാഹിബിനെ ഓർക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതായി കാണുമ്പോൾ ഊഹിക്കാവുന്നതേയുള്ളൂ അക്കാലത്തെ പ്രയാസങ്ങളുടെയും ബുദ്ധിമുട്ടിന്റെയും അവസ്ഥകൾ കഴിഞ്ഞു പോയ ആ ഓർമ്മകൾ മറക്കാൻ ഒരു പ്രവാസികൾക്കുമാവില്ല അതിനാൽ തന്നെ അവർ അദ്ദേഹത്തിന്റെ വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.

ഒമാനിൽ ഉള്ള പല ഉന്നത നേതാക്കളുമായി വ്യക്തി ബന്ധം പുലർത്തിയിരുന്ന ഹംസ സാഹിബ്‌ സുൽത്താൻ ഖാബൂസ് ബിൻ സായിദ്, കിങ്ങ് ഹുസൈൻ ,റാഷിദ് അൽ മഖ്ദൂം, ശൈഖ് സായിദ് അൽ നഹ്യാൻ, ഷാർജ ഭരണാധികാരി അൽ ഖാസിമി, ഖത്തർ അമീർ ഹമദ് ബിൻ ഖലീഫ അൽതാനി, ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന വാജ്പെയ് തുടങ്ങിയ ഭരണാധികാരികളുമായി മുഖാമുഖം നടത്തീട്ടുണ്ട്. ഒമാനിലെ ഇന്ത്യൻ കൾച്ചർ സെൻറർ സെക്രട്ടറി ആയിരുന്ന കാലത്ത് ഒമാൻ സന്ദർശിച്ച ഇന്ത്യൻ പ്രസിഡണ്ട് ശങ്കർ ദയാൽ ശർമ്മക്ക് സ്വീകരണം നൽകി.

സന്ദർശനം നടത്തിയ രാജ്യങ്ങൾ : തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക,ഗൾഫ് രാജ്യങ്ങൾ, മിഡിലീസ്റ്റ്‌, ഫാർ ഇസ്റ്റ് രാജ്യങ്ങൾ. (ഫ്രാൻസ്, സ്പെയിൻ, ജർമ്മൻ, സ്വിറ്റ്സർലാൻറ്, ബൽജിയം, ഇംഗ്ലണ്ട്, മൊറോക്കൊ ,ഈജിപ്ത്, ഇറാഖ്, ഇറാൻ, നൈജീരിയ, ഘാന ,കൊറിയ, തൈവാൻ, ഹോങ്കോങ്ങ് , സിങ്കപ്പൂര് )

ജീവിതത്തിന്റെ സുന്ദരമായ ബാല്യ കാലങ്ങൾ പഠിക്കുവാൻ ഏറെ സമയം ചിലവഴിക്കേണ്ട നാളുകൾ സുന്ദരമായ ഗ്രാമത്തിന്റെ തനിമ നഷ്ടപ്പെടാത്ത ആ കാലങ്ങൾ വിനോദങ്ങൾ ആഘോഷങ്ങൾ അങ്ങിനെ ഓരോ നഷ്ടപ്പെടലുകളും പ്രവാസത്തിന്നായി ബലിയർപ്പിച്ചവർ അങ്ങിനെ എത്രയോ പേർ അവരെ ഏറെനാൾ എന്നും അലോസരപ്പെടുത്തിയിട്ടുണ്ടാവുകയും അത് തന്നെയായിരിക്കും അത് കൊണ്ട് തന്നെയാണ് എല്ലാം സ്വയം പഠിച്ചെടുക്കുകയും ഉന്നത വിദ്യാഭ്യാസമുള്ളവരേക്കാൾ ഉയരുകയും അവരെക്കാൾ ഏറെ കഴിവും പ്രാപ്തിയും നേടുകയും സമൂഹത്തിന്റെ മുന്നിൽ നന്മയുടെ കൂടെ നിൽക്കുന്നവരുമായി അവരെ കാണുന്നതും.

ഒരു പ്രതിഫലവും വാങ്ങാതെ നിസ്വാർത്ഥ സേവനം ചെയ്യുന്ന അറിയപ്പെടാത്ത പ്രവാസികൾ ഇപ്പോഴും നമുക്കിടയിലുണ്ട് അവരെ അധികമാരും അറിയുകയോ അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്തുകയോ അവരെ കണ്ടെത്തുകയോ ചെയ്യാറില്ല. തിരികെ വന്ന അവരെ കേൾക്കാൻ പോലും ആരും മെനക്കിടാറുമില്ല എല്ലാം ഉള്ളിലൊതുക്കി അവരങ്ങനെ വിധി യുടെ കളിയാട്ട ഭൂമിയിൽ നമ്മോടൊപ്പം ഒരു മെഴുക് തിരിപോലെ കത്തി തീരുകയുമാണ് ചെയ്യാറ്. ചിലർ ഒന്നും നേടാതെ മരുഭൂമിയിൽ നിന്നും തിരിച്ചു വന്നവരായിരിക്കാം അവർ സ്വന്തം നാട്ടിലും വീട്ടിലും അന്യരായി പോകുന്ന കാഴ്ച്ചയും നമ്മെ ഏറെ ആശങ്ക പ്പെടുത്തുന്ന സംഭവങ്ങൾ തന്നെയാണ്.

തന്റെ അര നൂറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന്ന് ശേഷം ഇപ്പോൾ കുറച്ചു നാളുകളായി നാട്ടിൽ വിശ്രമ ജീവിതത്തിലാണ്.അടുത്തിടെ ചെറിയൊരു പക്ഷാഘാതം പിടിപ്പെട്ടിരുന്നു എന്നാലും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്നേഹിതരുടെയും പ്രിയപ്പെട്ടവരുടെയും സ്നേഹങ്ങൾക്ക് മുന്നിൽ ഹംസ സാഹിബ്‌ ഇന്നും ഏറെ സന്തോഷവാനാണ്.

ഭാര്യ: വേങ്ങര മണ്ണിൽ മുഹമ്മദ് സാഹിബിൻ്റെ മകൾ ഹലീമ. മക്കൾ: ഫുആദ് , ഫരീദ (അമേരിക്ക), ഫൌസിയ ( ചെന്നൈ) ഡോ.ഫബിത (ലണ്ടൻ).

ഇംഗ്ലീഷ്, അറബി, ഉറുദു, ഹിന്ദി തുടങ്ങിയ ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന ഹംസ സാഹിബ് എന്നും ഞങ്ങളെ പോലെയുള്ള പ്രവാസികൾക്ക് ഒരു പ്രോത്സാഹനമാണ് ആ മാതൃക മഹനീയമാണ് താങ്കൾ ഞങ്ങളുടെ നാടിന് ഒരഭിമാനവുമാണ്. അതിനാലാണല്ലോ താങ്കളുടെ

പ്രവാസകാലത്തെ സുഹൃത്തുക്കളായ പ്രമുഖരായ ഗൾഫാർ മുഹമ്മദാലി സാഹിബും , എ.ടി മുഹമ്മദാലി സാഹിബും മുതൽ തുടങ്ങി പലരും ഹംസ സാഹിബിനെ സന്ദർശിക്കുവാനായെങ്കിലും ഞങ്ങളുടെ പാടൂർ ഗ്രാമത്തിൽ വന്നു പോകുന്നതും.

പി പി ഹംസ സാഹിബിനെ ഓർമ്മയിൽ ഇന്നും ഞാൻ കാണുന്നത് പാടൂർ പള്ളിയിൽ സുബ്ഹിക്ക് പ്രാർത്ഥനക്ക് വരുന്നതായിട്ടാണ്. പള്ളിയുടെ തെക്ക് ഭാഗത്ത് നിന്നും വളരെ തിരക്കിൽ വന്നു നിസ്കാരവും കഴിഞ്ഞു പോകുന്ന ഹംസക്കയെയാണ്. അന്നെല്ലാം കണ്ണിന് അതൊരു കാഴ്ച്ചയായിരുന്നു. ആ വരവിൽ അത്തറിന്റെ സുഗന്ധം ആ പള്ളിയാകെ പരക്കുമായിരുന്നു. അന്നത്തെ അത്തറിനെല്ലാം എന്തൊരു സുഗന്ധമായിരുന്നു എന്നാൽ ഇന്നത്തെ ഒട്ടു മിക്ക അത്തറും എനിക്കിഷ്ടമില്ലാതായിരിക്കുന്നു.അത്തറിലും വ്യാജൻ പക്ഷെ, സുബഹിക്ക് പള്ളിയിൽ വരുന്നവരുടെ സുഗന്ധം ഇന്നും എനിക്കിഷ്ടമാണ്. അത് ഏത് അത്തർ പൂശി വരുന്നവരായാലും. ഇന്നും ഹംസക്കയുടെ സുബ്ഹി നിസ്‌ക്കരിക്കാനായുള്ള പള്ളിയിലേക്കുള്ള വരവും അത്തറിന്റെ സുഗന്ധവും ഞാനോർക്കുന്നത് കുളിരുള്ള സുബ്ഹി നേരത്ത് ഉറങ്ങിക്കോളൂ ഇനിയും രാവേറയുണ്ട് എന്ന ഇബ്‌ലീസിന്റെ മന്ത്രം വകവെക്കാതെ കുളിച്ചു പള്ളിയിലേക്ക് അത്തറും പൂശി വരുന്ന ഹംസക്കയുടെ ആ വരവ് തന്നെയാണ് കാരണം ആ സമയത്തെ പ്രാർത്ഥന പോലെ മറ്റേത് സമയത്തെ പ്രാർത്ഥനക്കാണ് അഴകുള്ളത് മഹിമയുള്ളത് ആ രഹസ്യം ഹംസ സാഹിബ്‌ നേരത്തെ അറിഞ്ഞിട്ടുണ്ടായിരിക്കാം പഠിച്ചിട്ടുണ്ടായിരിക്കാം.

മറ്റുള്ളവർക്ക് അംഗീകാരവും അഭിനന്ദനവും കൊടുക്കുക നമുക്ക് അവരെക്കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ കഴിയും അതിന്ന് കളക്ടറോ ചെയർമാനോ പ്രസിഡന്റോ ഒന്നും ആവേണ്ടതില്ല ഈ തത്വം അപ്ലൈ ചെയ്താൽ മതി.

ഹംസ സാഹിബിന്റെ പ്രവാസജീവിതത്തെയും സാമൂഹിക പ്രവർത്തനങ്ങളെയും കുറിച്ച് 2023 ഫെബ്രുവരിയിൽ ഷരീഫ് ബാബു പാടൂർ തയ്യാറാക്കിയ വിശദമായ റിപ്പോർട്ടാണ് അദ്ദേഹത്തിന്റെ ജീവിതസേവനങ്ങൾ പൊതുസമൂഹത്തിന് കൂടുതൽ പരിചയപ്പെടുത്തിയത്. റിപ്പോർട്ട് തയ്യാറാക്കുന്നതിൽ ആർ.പി. സിദ്ധീഖ് സാഹിബും സഹകരിച്ചിരുന്നു.

Follow us on :

More in Related News