Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണൂർ പയ്യന്നൂരിൽ കായികാധ്യാപകൻ്റെ ക്രൂരത; എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം; പോലീസ് കേസെടുത്തു

02 Jul 2026 19:20 IST

Jithu Vijay

Share News :

കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കായിക അധ്യാപകനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. തായിനേരി എസ്.എ.ബി.ടി.എം ഹൈസ്കൂളിലെ പി.ടി അധ്യാപകനായ രഘുവിനെതിരെയാണ് നടപടി.


ജൂൺ 22ന് രാവിലെ 11 മണിയോടെ സ്കൂൾ ഗ്രൗണ്ടിലായിരുന്നു സംഭവം. സഹപാഠികളുടെ മുന്നിൽ വെച്ച് വിദ്യാർഥിയെ തടഞ്ഞു നിർത്തുകയും കൈകൊണ്ടും വടികൊണ്ടും അടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു. പി ടി പിരീഡിൽ കളിക്കാൻ വരാത്തതിനാണ് അധ്യാപകൻ രഘുവിന്റെ ക്രൂരത. മുതുകിലും കാലിനും മർദിച്ചതായും, കഴുത്തിന് പിടിച്ച് പരുക്കേൽപ്പിച്ചതായും രക്ഷിതാക്കൾ പറഞ്ഞു.


ഭാരതീയ ന്യായ സംഹിതയിലെ 126(2), 115(2), 118(1) എന്നീ വകുപ്പുകൾക്ക് പുറമെ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പും അധ്യാപകനെതിരെ ചുമത്തിയിട്ടുണ്ട്. വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തി ജൂലൈ ഒന്നിനാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പ്രതിയായ അധ്യാപകനെ ഇതുവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല.



Follow us on :

More in Related News