Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണർകാട് സെന്റ് മേരീസ് പള്ളി എട്ടുനോമ്പ് പെരുന്നാൾ: വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും

19 Aug 2025 20:12 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള മുന്നൊരുക്കം വിലയിരുത്തുന്നതിനായി കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ കൂടിയ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

പെരുന്നാളിന് സുരക്ഷ ഒരുക്കുന്നതിനായി കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കും. സെപ്റ്റംബർ ആറു മുതൽ എട്ടുവരെ കൂടുതൽ പൊലീസിനെ നിയോഗിക്കും. ഷാഡോ പോലീസിനെയും നിയോഗിക്കും. പോലീസ് ഔട്ട് പോസ്റ്റും സ്ഥാപിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ്, റവന്യൂ, എക്‌സൈസ് കൺട്രോൾ റൂമുകൾ പ്രവർത്തിക്കും.

പെരുന്നാൾ ദിവസങ്ങളിൽ എക്‌സൈസ് കൺട്രോൾ റൂം തുറക്കും. എക്‌സൈിന്റെ നേതൃത്വത്തിൽ പെരുന്നാൾ ആരംഭിക്കുന്നതിനു മുമ്പേതന്നെ പരിശോധനകൾ നടത്താൻ മന്ത്രി നിർദ്ദേശിച്ചു. പോലീസുമായി ചേർന്ന് സംയുക്ത പരിശോധനയും നടത്തും.  

തടസരഹിതമായ വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബി. ക്രമീകരണങ്ങൾ ഉറപ്പാക്കണം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘത്തിന്റെ സേവനവും ആംബുലൻസ് സേവനവും ലഭ്യമാക്കും.

 മേഖലയിലെ മാലിന്യനീക്കത്തിനു ശുചിത്വമിഷനുമായി ചേർന്ന് നടപടി സ്വീകരിക്കാൻ ഗ്രാമപഞ്ചായത്തിനെ ചുമതലപ്പെടുത്തി. ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പിന് നിർദ്ദേശം നൽകി. മുടക്കമില്ലാതെ കുടിവെള്ളം വിതരണം ചെയ്യാൻ ജലഅതോറിറ്റിയെ ചുമതലപ്പെടുത്തി.

ഫയർഫോഴ്‌സ് യൂണിറ്റിന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. കെ.എസ്.ആർ.ടി.സി. കോട്ടയത്തുനിന്നും മല്ലപ്പള്ളിയിൽനിന്നും പ്രത്യേകമായി 10 സർവീസുകൾ വീതം നടത്തും. ഇതു കൂടാതെ ആവശ്യമനുസരിച്ച് സ്‌പെഷൽ സർവീസുകളും നടത്തും.

വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിനെയും സബ് കളക്ടറെയും ചുമതലപ്പെടുത്തി. റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പിനും ഗ്രാമപഞ്ചായത്തിനും നിർദ്ദേശം നൽകി. ഒരാഴ്ചയ്ക്കകം റോഡിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി. സെപ്റ്റംബർ ഒന്നു മുതൽ എട്ടുവരെയാണ് പെരുന്നാൾ.

ജില്ലാ കളക്ടർ ചേതൻകുമാർ മീണ, മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്്, സബ് കളക്ടർ ആകാശ് ഗോയൽ, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ.ആർ. അജയ്്, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. സാജു വർഗ്ഗീസ്, ജില്ലാ ഫയർ ഓഫീസർ എസ്.കെ. ബിജുമോൻ, ജില്ലാ സപ്ലൈ ഓഫീസർ ബി. സജനി, കോട്ടയം തഹസീൽദാർ എസ്.എൻ. അനിൽകുമാർ, കത്തീഡ്രൽ സഹവികാരി ഫാ. ലിറ്റു ജേക്കബ്, ട്രസ്റ്റിമാരായ സുരേഷ് കെ. ഏബ്രഹാം, ബെന്നി ടി. ചെറിയാൻ, ജോർജ് സക്കറിയ, പള്ളി കമ്മിറ്റി സെക്രട്ടറി പി.എ. ചെറിയാൻ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.




Follow us on :

More in Related News