Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.

15 Jul 2025 18:51 IST

Jithu Vijay

Share News :

കോഴിക്കോട് : നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കൊലക്കുറ്റം ചെയ്തവരെ കൊല്ലുകയോ അല്ലെങ്കില്‍ പ്രായശ്ചിത്തം കൊടുത്ത് ഒഴിവാക്കുകയോ ചെയ്യാന്‍ കുടുംബങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കാന്തപുരം പറഞ്ഞു. ഇസ്‌ലാം മതത്തിലെ നിയമമാണ് അതെന്നും ഇസ്‌ലാം മനുഷ്യത്വത്തിന് പ്രാധാന്യം നല്‍കുന്ന മതമാണെന്നും അദ്ദേഹം വ്യക്തമാക്കി.


കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുബത്തെ തനിക്ക് അറിയില്ലെന്നും അവിടുത്തെ ഉത്തരവാദിത്തപ്പെട്ട പണ്ഡിതരെ ബന്ധപ്പെട്ട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞതനുസരിച്ച്‌ പണ്ഡിതര്‍ ചേര്‍ന്ന് ആലോചനകള്‍ നടത്തുകയായിരുന്നെന്നും കാന്തപുരം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.


വധശിക്ഷ നടപ്പാക്കാനുളള ഉത്തരവ് മരവിപ്പിച്ചുളള കോടതിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചെന്നും കാന്തപുരം വ്യക്തമാക്കി. 'കോടതിയുടെ അറിയിപ്പ് ലഭിച്ചു. ഇനി പ്രാര്‍ത്ഥിക്കാം. വധശിക്ഷ മാറ്റിയതായി അറിയിച്ചു. നാളെ ശിക്ഷ നടപ്പാക്കില്ലെന്ന് അറിയിപ്പ് കിട്ടിയിട്ടുണ്ട്. തുടര്‍ ഇടപെടല്‍ ഉണ്ടാകും. പണ്ഡിതരും ജഡ്ജിമാരും ഇടപെട്ടാണ് തീരുമാനം. ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖേന പണം കൊടുക്കാന്‍ പലരും തയ്യാറാണെന്ന് അറിഞ്ഞു. നല്ലൊരു അന്തരീക്ഷമുണ്ടാകട്ടെ'- കാന്തപുരം പറഞ്ഞു.


മനുഷ്യന്‍ എന്ന നിലയ്ക്ക് തന്നെക്കൊണ്ട് ചെയ്യാനാവുന്നത് ചെയ്‌തെന്നും പൊതുവിഷയത്തില്‍ ജാതിയോ മതമോ നോക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തലാലിന്റെ കുടുംബത്തിന്റെ നിലപാട് സംസാരിച്ചവര്‍ക്ക് മാത്രമേ അറിയൂ എന്നും താന്‍ പണ്ഡിതരെയാണ് ബന്ധപ്പെട്ടതെന്നും കാന്തപുരം പറഞ്ഞു. 'ഇന്ത്യന്‍ സര്‍ക്കാരിനെ ഞാന്‍ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്ക് കത്തയച്ചു. ദിയാധനം പറയേണ്ടത് ഞാനല്ല. കഴിഞ്ഞ വെളളിയാഴ്ച്ച മുതല്‍ വിഷയത്തില്‍ ഇടപെടല്‍ തുടങ്ങി. മനുഷ്യത്വപരമായ പ്രവര്‍ത്തനത്തിന് വേണ്ടി വന്നവര്‍ക്കെല്ലാം നന്ദി. മനുഷ്യര്‍ക്കൊപ്പം ആണ് പൊതുവിഷയങ്ങളില്‍ ഉളളത്.'- കാന്തപുരം കൂട്ടിച്ചേര്‍ത്തു.

Follow us on :

More in Related News