Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വഖഫ് ബോർഡ് കോഴിക്കോട് ഡിവിഷണൽ ഓഫീസ് ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

11 Feb 2025 19:59 IST

enlight media

Share News :

കോഴിക്കോട് : സംസ്ഥാന വഖഫ് ബോർഡിൻ്റെ കോഴിക്കോട് ഡിവിഷണൽ ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. ഇ എം എസ് സ്റ്റേഡിയത്തിന് പിറകുവശത്തുള്ള എസ് കെ ടെമ്പിൾ റോഡിലാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷനാകും. പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും.


1985 ലാണ് കോഴിക്കോട്ട് ആദ്യമായി വഖഫ് ബോർഡിന് പ്രാദേശിക കേന്ദ്രം ആരംഭിക്കുന്നത്. കോഴിക്കോട്, കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം എന്നീ ജില്ലകളുടെ മേഖല കേന്ദ്രമായാണ് കോഴിക്കോട്ടെ സ്ഥാപനം പ്രവർത്തിക്കുന്നത്. ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 12,000 ത്തിൽ പരം വഖഫുകളിൽ 8000 ലധികം വഖഫ് സ്ഥാപനങ്ങൾ ഈ മേഖലയിലാണ്. ഈ ജില്ലകളിലായി വിവിധ ഉപകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കോഴിക്കോട് ഓഫീസിലാണ് ഈ പ്രദേശങ്ങളിലെ കേസുകൾ കൈകാര്യം ചെയ്തു വരുന്നത്.


വഖഫ് നിയമപ്രകാരമുള്ള അപ്പീൽ അതോറിറ്റി, വഖഫ് ട്രിബ്യൂണൽ എന്നിവയും കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.


2010 ലാണ് 24 സെൻ്റ് സ്ഥലത്ത് അന്നത്തെ വഖഫ് വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി തറക്കല്ലിടുന്നത്. 2023 നവംബറിൽ ടെണ്ടർ വിളിച്ചു. 2024 ൽ ആരംഭിച്ച നിർമ്മാണ പ്രവർത്തികൾ ഒരു വർഷം കൊണ്ട് പൂര്ത്തിയാക്കി.


ആകെ 13,900 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് നാല് നിലയുള്ള പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്. ബോർഡിൻ്റെ കോഴിക്കോട് മേഖല ഓഫീസ്, ബോർഡ് ചെയർമാൻ്റെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെയും ഓഫീസ്, മീറ്റിംഗ് ഹാൾ, കോർട്ട് ഹാൾ, ഗസ്റ്റ് റൂമുകൾ എന്നീ സൗകര്യങ്ങൾ പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.


പത്രസമ്മേളനത്തിൽ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ, മെമ്പർമാരായ അഡ്വ. എം ഷറഫുദ്ധീൻ, എം സി മായിൻ ഹാജി, അഡ്വ. പി വി സൈനുദ്ധീൻ, റസിയ ഇബ്രാഹീം, കെ എം അബ്ദുൽ റഹീം തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News