Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂത്തേടത്ത് കാവിലമ്മയുടെ ഊരുവലം എഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി.

22 Mar 2025 23:06 IST

santhosh sharma.v

Share News :

വൈക്കം: മൂത്തേടത്ത് കാവിലമ്മയുടെ ഊരുവലം എഴുന്നള്ളിപ്പ്  ഭക്തി സാന്ദ്രമായി. എഴുന്നള്ളിപ്പിന്റെ ഭാഗമായി വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിപ്പും കൂടി പൂജയും നടന്നു. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയിൽ വച്ച് അരിയും പൂവുമായി എതിരേറ്റ് കാവിലമ്മയെ മണ്ഡപത്തിലേക്ക് ആനയിച്ചു. താന്ത്രിക വിധി പ്രകാരം ഇണ്ടംതുരുത്തി മന വി. നീലകണ്ഠൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ നടത്തിയ ശേഷം ദീപാരാധനക്ക് മുൻപ് ദേവി മടക്ക യാത്രയായി. ചടങ്ങുകൾക്ക് അഡ്‌മിനിസ്ട്രേറ്റിവ് ഓഫിസർ വി. ഈശ്വരൻ നമ്പൂതിരി നേതൃത്വം വഹിച്ചു.വൈദിക പരമായി ശ്രീ പരമേശ്വരന്റെ പുത്രി ഭാവത്തിലും പൗരാണികമായി ചിലപതി കാരത്തിലെ കണ്ണകി ദേവിയുമായാണ് മൂത്തേടത്ത് കാവിലെ പ്രതിഷ്ഠാ സങ്കല്‌പം. മുൻ കാലങ്ങളിൽ മൂത്തേടത്ത് കാവിലെ ദേശാതിർത്തി വരെയുള്ള ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ഊരു വലം എഴുന്നള്ളിപ്പ് എത്തിയിരുന്നു. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനപ്പുറത്തെഴുന്നള്ളിയ ദേവിക്ക് ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഭക്തിനിർഭരമായ വരവേൽപ്പ് നല്കി. ദേവസ്വം, ഉപദേശക സമിതി, മാതൃ സമിതി ഭക്തരും ചേർന്ന് സ്വീകരിച്ചു. വൈക്കം സമൂഹത്തിൽ നടന്ന ഇറക്കി പൂജക്കും വിശേഷാൽ ചടങ്ങുകൾക്കും വിഷ്ണു മുരളിധരൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. നെല്ല്, അരി, മഞ്ഞൾ, മലർ, അവൽ, ശർക്കര തുടങ്ങിയ വിഭവങ്ങൾ കൊണ്ട് നിറപറയും നിറദീപവും ഒരുക്കി. ചടങ്ങിന് ഊരാഴ്മ ഇണ്ടംതുരുത്തി മന നീലകണ്ഠൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി. വി. ഹരിഹരൻ നമ്പൂതിരി, സമൂഹം ഭാരവാഹികളായ കെ.ബാലചന്ദ്രൻ, കെ.സി കൃഷ്ണ മൂർത്തി, ബാലു സ്വാമി കണിച്ചേരിൽ , ഗോപാലകൃഷ്ണൻ ഇരുമ്പുഴികുന്നു മഠം എന്നിവർ നേതൃത്വം നല്കി.

വടയാർ സമൂഹത്തിൽ മൂത്തേടത്ത് കാവിലമ്മയെ അയ്‌പറയോടെ വരവേറ്റു. വൈകുണ്ഠപുരം അജിതൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. സമൂഹം പ്രസിഡൻ്റ് എം. ഈശ്വരയ്യർ, സെക്രട്ടറി ബി.ഗണേശ്, ട്രഷറർ എസ്. കൃഷ്ണൻ ഡോ. പരമേശ്വര ശർമ്മ എന്നിവർ കാർമ്മികരായി . ചെമ്മനത്തുകര പയറു കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലും വരവേൽപ്പു നൽകി. രാത്രിയിൽ എഴുന്നള്ളത്ത് തിരിച്ച് മൂത്തേടത്ത് കാവ് ക്ഷേത്രത്തിലെത്തി സാമാപിച്ചു. 23ന് രാവിലെ 11 ന് ഉൽസവബലി ദർശനം. വൈകിട്ട് 6.45 ന് തിരുവാതിര 7.15 ന് വൈക്കം കാവ്യകേളി അവതരിപ്പിക്കുന്ന നാടകം 10 ന് വിളക്ക്, വൈക്കം ഷാജിയുടെ നാദസ്വരം11 ന് വലിയ കാണിക്ക,തീയാട്ട്.

24 ന് വൈകിട്ട് 7ന് ആറാട്ട് ബലി, കൊടിയിറക്ക്, ആറാട്ടെഴുന്നളളിപ്പ് 7.30 ന് വിഷ്ണു ചെമ്പൈയുടെ സംഗീത സദസ് 8.30 ന് ആറാട്ട്, ആറാട്ട് വരവ്, വെച്ചൂർ രാജേഷിന്റെ പഞ്ചവാദ്യം 11 ന് വലിയ കാണിക്ക, വെടിക്കെട്ട്. മാർച്ച് 28 മുതൽ ഏപ്രിൽ 7 വരെ വിവിധ സംഘടനകളുടെ താലപ്പൊലിയും ഏപ്രിൽ 8 മുതൽ 13 വരെ വിവിധ എൻ എസ് എസ് കരയോഗങ്ങളുടെ എതിരേൽപ്പ് താലപ്പൊലിയും 13 ന് ഗരുഡൻ തൂക്കവും നടക്കും. വിഷു ദിനമായ മേടം 1 ന് വിഷുക്കണി ദർശനം. വിൽപ്പാട്ട്, തോറ്റംപാട്ട്, ഏരി തേങ്ങ സമർപ്പണം, വലിയ തീയാട്ട്, തെക്കുപുറത്ത് വലിയ ഗുരുതി, അരിയേറ് എന്നിവക്ക് ശേഷം നടയടക്കും. കാവിലമ്മ കണ്ണകി ദേവിയായി മധുരപുരിയിലേക്ക് പോകുന്നതായി വിശ്വാസം. മൂന്ന് മാസങ്ങൾക്ക് ശേഷം കർക്കിടകം 1 ന് ദേവി തിരിച്ച് എഴുന്നള്ളുന്നതോടെ പതിവ് പൂജകളും ദർശനവും പുനരാരംഭിക്കും.

Follow us on :

More in Related News