Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക ഹോമിയോപ്പതി ദിനാചരണം സംഘടിപ്പിച്ചു

18 May 2025 11:28 IST

Jithu Vijay

Share News :

മലപ്പുറം : ജില്ലാ ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ഹോമിയോപ്പതി ദിനാഘോഷം സംഘടിപ്പിച്ചു. കുന്നുമ്മൽ പാരിഷ് ഹാളിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ ഹോമിയോപതി ആശുപത്രി സൂപ്രണ്ടും ഡി.എം.ഒ ചുമതലയുമുള്ള ഡോ. പി.കെ സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഹോമിയോപ്പതി ചികിത്സയുടെ പ്രാധാന്യം സാധാരണക്കാരിൽ എത്തിക്കാൻ കൂട്ടായ പ്രവർത്തനങ്ങൾ നടത്തണമെന്നും വകുപ്പിന്റെ വിവിധ പദ്ധതികൾ താഴെത്തട്ടുകളിലേക്ക് എത്തിക്കാൻ ഗ്രാമപഞ്ചായത്ത് തലത്തിൽ കൂടുതൽ അവബോധം നൽകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. അടിസ്ഥാന സൗകര്യത്തിലും ചികിത്സയുടെ കാര്യത്തിലും ജില്ലയിലെ ഹോമിയോപ്പതി ആശുപത്രികൾ മികച്ച നിലവാരത്തിലാണ്. മറ്റു ജില്ലകളിലുള്ളവർ പോലും മുണ്ടുപറമ്പിലെ ജില്ലാ ആശുപത്രിയിലും വണ്ടൂർ ഹോമിയോ കാൻസർ ആശുപത്രിയിലും ചികിത്സക്ക് എത്തുന്നുണ്ട്. ഇതിനാൽ വണ്ടൂർ ആശുപത്രിൽ 19 പേവാർഡ്, ലിഫ്റ്റ് ,50 കിടക്കകൾ എന്നിവയ്ക്കുള്ള പ്രപ്പോസൽ അനുവദിച്ചതായും ജൂൺ ആദ്യവാരം ഇതിന്റെ പ്രവൃത്തി ഉദ്ഘാടനം നടക്കുമെന്നും എം.കെ റഫീഖ പറഞ്ഞു.

പരിപാടിയിൽ മികച്ച പ്രൈവറ്റ് ഡോക്ടർക്കുള്ള അവാർഡ് ഡോ. എസ്.ജി ബിജു ഏറ്റുവാങ്ങി. തുടർന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ ജയരാജ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ഡോ. വിനു കൃഷ്ണന്റെ നേതൃത്വത്തിൽ ഡോ. സാമുവൽ ഹനിമാൻ അനുസ്മരണം നടത്തി. 


ഹോമിയോപ്പതി വകുപ്പിന്റെ വിവിധ പ്രോജക്ടുകളായ ജനനി, സീതാലയം, പുനർജനി, തൈറോയ്ഡ്, റീച്, സദ്ഗമയ, ആയുഷ്മാൻ ഭവ, റുമാറ്റിക് ഓപി അലർജി ആസ്മ ക്ലിനിക്ക് എന്നിവയെ കുറിച്ച് ഡോ. കെ.കെ സഫ്‌ന ക്ലാസെടുത്തു.


പരിപാടിയിൽ മഞ്ചേരി നഗരസഭ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. മുബശ്ശിറ,ഡോ. അഭിലാഷ് റസാഖ്, ഡോ. പി. സനൽ, ഡോ. മുഹമ്മദ് റിനാസ്, ഡോ. സി.പി അഷ്‌റഫ് സുഹൈൽ, ഡോ. അജിത്ത് പി. രാജൻ, ഡോ. സി.എ മുഹമ്മദ് ഫായിസ്, ഡോ. കെ.കെ ഷിജു, സി.എം ഉമ്മർ, എ.കെ ഫൈസൽ എൻ.എ.എം ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ. കെ.റഷ്‌നി പർവീൻ തുടങ്ങിയവർ പങ്കെടുത്തു.

ദിനാചരണത്തിന്റെ ഭാഗമായി മുണ്ടുപറമ്പിലെ ജില്ലാ ആശുപത്രിയിൽ സൗജന്യ തൈറോയിഡ് പരിശോധന തിങ്കൾ മുതൽ നടത്തും. ഇതിനുള്ള ടോക്കണുകൾ ആശാവർക്കർമാരിൽ നിന്നും ലഭിക്കും.

Follow us on :

More in Related News