Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വകാര്യത ലംഘിച്ച് വീഡിയോ പ്രചാരണം; ഓൺലൈൻ ചാനലുകൾക്ക് ഫാത്തിമ തഹ്‌ലിയയുടെ മുന്നറിയിപ്പ്

17 Jun 2026 07:27 IST

NewsDelivery

Share News :

മലപ്പുറം: പൊതുപരിപാടികളിൽ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുകയും അവ വളച്ചൊടിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഓൺലൈൻ മീഡിയ ചാനലുകൾക്കെതിരെ പേരാമ്പ്ര എം.എൽ.എ ഫാത്തിമ തഹ്‌ലിയ രംഗത്ത്. ഇത്തരം പാപ്പരാസി രീതികൾ തുടർന്നാൽ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.

പൊതുപരിപാടികളിൽ സംഘാടകർ ഔദ്യോഗികമായി ഫോട്ടോ, വീഡിയോ ചിത്രീകരണത്തിനായി ആളുകളെ നിയോഗിക്കാറുണ്ടെങ്കിലും, യാതൊരു തിരിച്ചറിയൽ അടയാളങ്ങളുമില്ലാതെ ചിലർ "മീഡിയ" എന്ന പേരിൽ പരിപാടികളിൽ ഇടപെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

ഈ സാഹചര്യം ദുരുപയോഗം ചെയ്ത് വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണെന്നും അവർ ചൂണ്ടിക്കാട്ടി.

സാധാരണ ജീവിതത്തിലെ ലളിതമായ നിമിഷങ്ങളെ പോലും ഉദ്ദേശ്യബോധമുള്ള ക്യാപ്ഷനുകൾ നൽകി സെൻസേഷണലൈസ് ചെയ്യുകയും, നെഗറ്റിവിറ്റി സൃഷ്ടിച്ച് അതിൽ നിന്ന് സാമ്പത്തിക നേട്ടം കൊയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവണത അപലപനീയമാണെന്നും ഫാത്തിമ തഹ്‌ലിയ അഭിപ്രായപ്പെട്ടു.

ഇത്തരം ചാനലുകൾ തന്റെ പി.ആർ. പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കും യാതൊരു അടിസ്ഥാനവുമില്ലെന്ന് അവർ വ്യക്തമാക്കി. പൊതുഇടങ്ങളിലാണെങ്കിലും ഓരോ വ്യക്തിക്കും സ്വകാര്യതയ്ക്കുള്ള അവകാശമുണ്ടെന്നും അത് മാനിക്കപ്പെടണമെന്നും അവർ കൂട്ടിച്ചേർത്തു.

ഒരു മൊബൈൽ ഫോണുമായി എത്തി വ്യക്തികളുടെ സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കടക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, ഇത് തന്റെയും തന്നോടൊപ്പമുള്ളവരുടെയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും എം.എൽ.എ പറഞ്ഞു.

മനഃപൂർവം അപമാനിക്കാനോ പ്രകോപിപ്പിക്കാനോ ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ അത് വ്യക്തമായ സ്റ്റോക്കിംഗും (Stalking) പ്രൈവസി ലംഘനവുമായി (Privacy Violation) കണക്കാക്കി നിയമനടപടികളിലേക്ക് കടക്കുമെന്നും ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Follow us on :

More in Related News