Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jun 2026 22:39 IST
Share News :
ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസിന് വൻ തിരിച്ചടി. പാർട്ടി സ്ഥാനാർഥിയായ മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തിരഞ്ഞെടുപ്പ് അധികൃതർ തള്ളി. സത്യവാങ്മൂലത്തിൽ ഒരു കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവെച്ചെന്ന ബിജെപിയുടെ പരാതിയെ തുടർന്നാണ് നടപടി.
ബിജെപി സ്ഥാനാർഥിയായ മഹേഷ് കെവാട് നൽകിയ പരാതിയിൽ, തെലങ്കാനയിൽ രജിസ്റ്റർ ചെയ്ത ഒരു ക്രിമിനൽ കേസിനെക്കുറിച്ചുള്ള വിവരം മീനാക്ഷി നടരാജൻ നാമനിർദേശ രേഖകളിൽ ഉൾപ്പെടുത്തിയില്ലെന്നാണ് ആരോപണം. നിലവിൽ തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് മീനാക്ഷി.
എന്നാൽ ആരോപണം തള്ളി കോൺഗ്രസ് രംഗത്തെത്തി. മീനാക്ഷിക്കെതിരെ യാതൊരു ക്രിമിനൽ കേസും നിലവിലില്ലെന്നും, ഒരു കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതിനെ കേസ് എന്ന് വ്യാഖ്യാനിച്ച് ബിജെപി രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്നും മധ്യപ്രദേശ് കോൺഗ്രസ് ചുമതലയുള്ള നേതാവ് ഹരീഷ് ചൗധരിആരോപിച്ചു.
നാമനിർദേശ പത്രിക തള്ളാനുള്ള നിയമപരമായ സാഹചര്യം ഇല്ലെന്നും ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നടപടിയാണെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
ജൂൺ 18-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ മൂന്ന് സീറ്റുകളാണ് ഒഴിവുള്ളത്. 229 അംഗ നിയമസഭയിൽ ബിജെപിക്ക് 164 അംഗങ്ങളും കോൺഗ്രസിന് 64 അംഗങ്ങളും ഉണ്ട്. ഒരു സ്ഥാനാർഥിയുടെ വിജയത്തിന് 58 വോട്ടുകൾ ആവശ്യമാണ്.
അംഗബലത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് സീറ്റുകൾ ബിജെപിക്ക് ഉറപ്പാണെങ്കിലും, മൂന്നാം സീറ്റിൽ വിജയം നേടാൻ അധിക വോട്ടുകൾ ആവശ്യമാണ്. ഇതിനിടെയാണ് ബിജെപി മൂന്നാമത്തെ സ്ഥാനാർഥിയായി മഹേഷ് കെവാടിനെ മത്സരരംഗത്തിറക്കിയത്.
കോൺഗ്രസ് സ്ഥാനാർഥിയായി മീനാക്ഷി നടരാജനെ പ്രഖ്യാപിച്ചതോടെ മത്സരം കടുക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ നാമനിർദേശ പത്രിക തള്ളപ്പെട്ടതോടെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിയിരിക്കുകയാണ്.
അതേസമയം, രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. ക്രോസ് വോട്ടിംഗ് തടയുന്നതിനായി സ്വന്തം എംഎൽഎമാരെ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതോടെ മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
Follow us on :
More in Related News
Please select your location.