Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായി ഒരു പോസ്റ്റ് വുമൺ.

17 Dec 2025 20:33 IST

santhosh sharma.v

Share News :

വൈക്കം: രണ്ട് ദിവസമായി വീട്ടിലാളില്ലെങ്കിൽ തപാൽ കത്തുകൾ എങ്ങനെ കൊടുക്കും. അല്ലെങ്കിൽ കത്തിൻ്റെ കാര്യം എങ്ങനെ വീട്ടുകാരെ അറിയിക്കും എന്ന് ചിന്തിച്ചിരിക്കെ വൈക്കപ്രയാർ ബ്രാഞ്ച് പോസ്റ്റോഫീസിലെ പോസ്റ്റ് വുമണായ ആശ നടേശൻ ഇതിന് വേണ്ടി കണ്ടെത്തിയ മാർഗ്ഗമാണ് നാട്ടിൽ സോഷ്യൽ മീഡിയായിൽ ഇപ്പോൾ വൈറലാണ്. രണ്ട് ദിവസമായി കത്തുമായി വീട്ടിൽ ചെന്നിട്ടും ആളില്ലാതിരുന്നതിനെ തുടർന്ന് ആശയുടെ മനസ്സിൽ ഒരു ആശയം ഉദിച്ചു. അതിൻ്റെ ദൃശ്യം വീട്ടുകാരൻ സുഹൃത്തിന് അയച്ച് നൽകിയതാണ് നാട്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പിൽ ഇപ്പോൾ വൈറലായി ഓടുന്നത്. വൈക്ക പ്രയാറിലെ മാലിത്തറ എം.ഏ റോബൻ്റെ വീട്ടിലാണ് ആശ രണ്ട് ദിവസമായി കത്ത് കൊടുക്കാൻ എത്തിയത്. മുൻ വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിരുന്ന റോബൻ വർഷങ്ങളായി വിദേശത്തായതിനാൽ പ്രായമായ അമ്മ മാത്രമാണ് വീട്ടിൽ ഉള്ളത്. എന്നാൽ ആശ എത്തിയ രണ്ട് ദിവസങ്ങളിലും വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഈ കത്തിൽ അത്യാവശ്യം ഉള്ള വിവരങ്ങളാണെങ്കിലൊ എന്ന ചിന്ത അലട്ടിയപ്പോൾ എന്ത് ചെയ്യുമെന്ന ആലോചിച്ച് സ്കൂട്ടറിൽ കയറി മടങ്ങാൻ ഒരുങ്ങിയതിനിടെയാണ് ആശയുടെ മനസിൽ ന്യൂജൻ ആശയം ഉദിച്ചത്. 

ഉടൻ വീടിന് മുമ്പിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ക്യാമറ ശ്രദ്ധയിൽപ്പെട്ടത്. 

പിന്നെ ഒന്നും ആലോചിച്ചില്ല. ക്യാമറയ്ക്ക് മുന്നിൽ കത്തും കാണിച്ച് ദേ കത്തുണ്ടെ അടുത്ത വീട്ടിൽ കൊടുത്തിട്ടുണ്ട് എന്നൊരു സന്ദേശമങ്ങ് തട്ടി. സംഭവം ഫോണിലൂടെ വിദേശത്തിരുന്ന് വീട്ടുടമ കണ്ടു. തൻ്റെ നാട്ടിലെ പോസ്റ്റ് വുമണിന്റെ ആത്മാർത്ഥതയോടെയുള്ള സേവനം കണ്ട് വിവരം സുഹൃത്തിനെ അറിയിക്കുകയും ഇതിൻ്റെ വീഡിയോയും കൈമാറി. ആശയുടെ സ്നേഹത്തോടെയും ആത്മാർത്ഥതയോടെയുമുള്ള കത്ത് വിതരണമാണ് ഇപ്പോൾ കൈയ്യടി നേടുന്നത്. വൈക്ക പ്രയാർ ബ്രാഞ്ച് പോസ്റ്റോഫീസിൽ 16 വർഷം മുമ്പാണ് ടി.വി.പുരം മണ്ണത്താനം സ്വദേശിയായ ആശനടേശൻ ജോലിക്ക് കയറിയത്. ഒന്നര പതിറ്റാണ്ടായി നാടറിഞ്ഞും നാട്ടാരെ അറിഞ്ഞുമാണ് ആശയുടെ പ്രവർത്തനം. കത്ത് വിതരണത്തിൽ എന്തെങ്കിലും തടസമോ ബുദ്ധിമുട്ടോ ഉണ്ടായാലും ആരേയെങ്കിലും കണ്ട് കത്ത് കൊടുക്കാൻ പറ്റാത്ത സാഹചര്യമുണ്ടെങ്കിലും ആശ നാട്ടിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ വിവരം പങ്കു വച്ച് സഹായം തേടും. അങ്ങനെ കത്തുകളും തപാൽ ഉരുപ്പടികളും ഭദ്രമായി ആളുകളുടെ കൈകളിൽ എത്തിച്ചാണ് ആശ മടങ്ങാറുള്ളത്. റെയിൽവേയിലെ സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റായ ഭർത്താവ് ജുബീഷ്, മക്കളും 9-ാം ക്ലാസ് വിദാർഥിയുമായ മകൻ ആദിനാഥ്,5-ാം ക്ലാസ് വിദ്യാർഥിനി മകൾ വേദിക, ഭർതൃമാതാവ് എന്നിവർക്കൊപ്പം കടുത്തുരുത്തി മങ്ങാട് ആണ് താമസം. 

തപാൽ വിതരണത്തിലെ മാതൃകയും ആത്മാർത്ഥതയും കൊണ്ടാണ് ജോലിയേയും ആ നാടിനെയും സ്നേഹിക്കുന്ന ആശനടേശൻ എന്ന തപാൽക്കാരിയെ വേറിട്ടതാക്കുന്നത്.


Follow us on :

More in Related News