Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉഴവൂർ മിനി സിവിൽസ്റ്റേഷൻ ഉടനെ നിർമ്മാണം ആരംഭിക്കും - മന്ത്രി മോൻസ് ജോസഫ്

09 Sep 2026 12:53 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : ഉഴവൂർ ഗ്രാമപഞ്ചായത്തിൻ്റെ വികസന രംഗത്ത് സുപ്രധാന നാഴികക്കല്ലായി തീരുന്ന ഉഴവൂർ മിനി സിവിൽ സ്റ്റേഷൻ്റെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചതായി ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.മോൻസ് ജോസഫ് അറിയിച്ചു. 

വിവിധങ്ങളായ സാങ്കേതിക പ്രശ്നങ്ങൾ മൂലം വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ഉഴവൂർ മിനി സിവിൽസ്റ്റേഷൻ കെട്ടിട നിർമ്മാണം യു.ഡി.എഫ് സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് നടപടിക്രമങ്ങൾ പൂർത്തിയായിട്ടുള്ളത് . സംസ്ഥാന സർക്കാർ 4 കോടി രൂപയുടെ വികസന പദ്ധതിയാണ് ഉഴവൂരിൽ ഇക്കാര്യത്തിൽ യാഥാർത്ഥ്യമാക്കുന്നത് എന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് ഇത് സംബന്ധിച്ച ടെൻഡർ നടപടികൾ പൂർത്തിയാക്കി എഗ്രിമെൻറ് വെച്ചിട്ടുണ്ട് . 

ഉഴവൂർ ഗ്രാമപഞ്ചായത്ത് കണ്ടെത്തിയ 25 സെൻ്റ് സ്ഥലം കെട്ടിട നിർമ്മാണത്തിന് വേണ്ടി പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്സ് വിഭാഗത്തിന് കൈമാറുകയുണ്ടായി . ഉഴവൂർ പഞ്ചായത്ത് പ്രസിഡൻ്റായി കെ.എം തങ്കച്ചൻ പ്രവർത്തിച്ചിരുന്ന കഴിഞ്ഞ വർഷം സ്ഥലത്തിൻ്റെ രേഖകൾ ഉഴവൂരിൽ നടന്ന പൊതുചടങ്ങിൽ വച്ച് കൈമാറുകയുണ്ടായി. ഉഴവൂർ പഞ്ചായത്തിൻ്റെ ഇപ്പോഴത്തെ പ്രസിഡൻറ് ബിനു ജോസ് തൊട്ടിയിലിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് വകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ധാരണാപത്രം അംഗീകരിച്ചുകൊണ്ട് നടപടികൾ പൂർത്തീകരിച്ചു. ഇതേ തുടർന്നാണ് ഉഴവൂർ മിനി സിവിൽസ്റ്റേഷൻ്റെ കെട്ടിട നിർമ്മാണം ആരംഭിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി . 

ഉഴവൂർ മിനി സിവിൽ സ്റ്റേഷൻ മൂന്ന് നിലകളിലായി നിർമ്മിക്കാനാണ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ ഡിസൈൻ പ്രകാരം ആദ്യഘട്ടത്തിൽ രണ്ട് നിലയുടെ നിർമ്മാണമാണ് നാല് കോടി രൂപയ്ക്ക് നിറവേറ്റാൻ കഴിയുന്നത്. ഇപ്പോൾ നിർമ്മാണം ആരംഭിക്കുന്ന രണ്ട് നിലകളിലായി ഉഴവൂർ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് , വി. ഇ.ഒ ഓഫീസ് , വാട്ടർ അതോറിറ്റി ഓഫീസ്, കുടുംബശ്രീ ഓഫീസ് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

രണ്ടാം ഘട്ടമായി നിർമ്മിക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതിയിൽ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ്, എൽ.എസ്. ജി.ഡി ഓഫീസ് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . ഇതിന് ആവശ്യമായ അഡീഷണൽ ഫണ്ട് ഉടനെ അനുവദിക്കുന്നതിനും നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായും പൂർത്തീകരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുള്ളതായി മന്ത്രി. അഡ്വ. മോൻസ് ജോസഫ് വ്യക്തമാക്കി. 

കടുത്തുരുത്തി അസംബ്ലി നിയോജകമണ്ഡലത്തിൽ വരുന്ന അഞ്ച് വർഷത്തിനുള്ളിൽ നടപ്പാക്കാൻ പോകുന്ന "വിഷൻ 2030" വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഉഴവൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണ പ്രവർത്തനങ്ങൾക്ക് സെപ്റ്റംബർ അവസാനവാരത്തിൽ തുടക്കം കുറിക്കുമെന്ന് മന്ത്രി അറിയിച്ചു. നിർദ്ദിഷ്ട സ്ഥലം വെട്ടിത്തെളിക്കുന്നത് ഉൾപ്പെടെയുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ഉഴവൂരിൽ ആരംഭിച്ചിട്ടുണ്ട്.

Follow us on :

More in Related News