Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Mar 2026 23:16 IST
Share News :
കോഴിക്കോട്- നഗരത്തിലെ അമ്മത്തൊട്ടിലിൽ 24 മണിക്കൂറിനിടെ രണ്ട് ആൺകുട്ടികളെ ലഭിച്ചു. 17 മണിക്കൂർ ഇടവേളയിൽ പുതിയ അതിഥികളുടെ വരവറിയിച്ച് രണ്ടു തവണ മണികിലുക്കമുണ്ടായെന്ന് അധികൃതർ പറയുന്നു. വ്യാഴാഴ്ച രാത്രി 10.37ന് ഒരാൺകുട്ടിയെ ലഭിച്ചതിനു പിന്നാലെ വെള്ളിയാഴ്ച 3.30 ന് 3.2 കിലോ ഭാരവും ഒരു മാസം പ്രായവും വരുന്ന മറ്റൊരു ആൺകുട്ടിയും അമ്മത്തൊട്ടിലിൽ സംരക്ഷണം തേടി എത്തി.
ലോക യുദ്ധാനന്തരമുള്ള സമാധാനത്തിന്റെ സൂചനയായി ‘ആരവ്’ എന്നാണ് വ്യാഴാഴ്ച രാത്രി അമ്മത്തൊട്ടിലിൽ എത്തിയ കുട്ടിക്കു പേരു നൽകിയത്. യുദ്ധാനന്തരമുള്ള ശാന്തതയുടെ പ്രതീക്ഷയുമായി രണ്ടാമത് എത്തിയ കുട്ടിക്ക് ‘നീരവ്’ എന്നും പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി അറിയിച്ചു. കോഴിക്കോട് അമ്മത്തൊട്ടിലിലെ അഞ്ചാമത്തെ കുരുന്നാണ് നീരവ്. നാല് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് ഇതുവരെ ഇവിടെ എത്തിയത്. ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകളെ സർക്കാർ തലത്തിൽ സ്വീകരിച്ച് സംരക്ഷിക്കാൻ കേരള സംസ്ഥാന ശിശുക്ഷേമ സമിതി 2025 ഓഗസ്റ്റിലാണ് കോഴിക്കോട് ബീച്ച് ആശുപത്രിയോട് ചേർന്ന് അമ്മത്തൊട്ടിൽ സ്ഥാപിച്ചത്.
കുരുന്നുകളുടെ വരവറിയിച്ച് തൊട്ടിലിനോട് ചേർന്നുള്ള ആശുപത്രിയിലെ നഴ്സിങ് സ്റ്റേഷനിലാണ് രണ്ടു തവണ അലാറം മുഴങ്ങിയത്. തുടർന്ന് നഴ്സിങ് ഉദ്യോഗസ്ഥർ എത്തി കുരുന്നുകളെ ഇന്റർ കെയർ യൂണിറ്റിൽ എത്തിച്ച് പ്രാഥമിക പരിശോധന നടത്തി. വിവരം അറിയിച്ചതിനെ തുടർന്ന് കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ ആശുപത്രിയിൽ എത്തി അധികൃതരുമായി സംസാരിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. പൂർണ ആരോഗ്യമുള്ള കുരുന്നുകൾ ബീച്ച് ആശുപത്രിയിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്.
കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ ആദ്യം എത്തിയ കുഞ്ഞിന് ‘ആദി’ എന്നാണ് പേരിട്ടത്. രണ്ടാമത് എത്തിയ ആൺകുട്ടിക്ക് ‘ഹോർത്തൂസ്’ എന്നാണ് പേരു നൽകിയത്. ഫെബ്രുവരി 11ന് ലഭിച്ച പെൺകുഞ്ഞിന് കവിയും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ നിലനിർത്തി ‘നിലാവ്’ എന്ന പേരും ഇട്ടു. ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ പുതിയതായി എത്തിയ കുഞ്ഞുങ്ങളുടെ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടേണ്ടതാണെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.
Follow us on :
Tags:
Please select your location.