Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Feb 2025 13:43 IST
Share News :
തിരൂർ : കേരളത്തിൽ വൈജ്ഞാനിക സമ്പദ്ഘടന കെട്ടിപ്പടുക്കുമെന്നും സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾക്ക് ഉത്തരം കാണാനുള്ള ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉത്തരവാദിത്വം നിറവേറ്റുമെന്നും ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരൂർ തുഞ്ചൻ സ്മാരക ഗവ. കോളേജിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേകമായി വകുപ്പുണ്ടാക്കി കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റാൻ പ്രയത്നിക്കുന്ന സർക്കാറാണ് നിലവിലുള്ളതെന്നും വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വികസനമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ നാലു വർഷത്തിനിടയിൽ 6000 കോടി രൂപയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ചെലവഴിച്ചത്. അക്കാദമികവും ഭൗതികവുമായ മാറ്റങ്ങൾ ഈ മേഖലയുടെ മാറുന്ന മുഖമാണ് കാണിക്കുന്നത്. കേരളത്തിലെ സർവ്വകലാശാലകളും പുതുകലാലയങ്ങൾ ഉൾപ്പെടെയുള്ളവയും ദേശീയ അംഗീകാരത്തിൽ മുന്നിലാണ്. 'നാക്' എ, എ പ്ലസ് ഗ്രേഡുകളുള്ള 116 കോളേജുകളാണ് നമുക്കുള്ളത്. എൻ ഐ ആർ എഫ് റാങ്കിങ്ങിൽ രാജ്യത്തെ ആദ്യ 100 കോളേജുകളിൽ 42 കോളേജുകളും കേരളത്തിൽ നിന്നാണ്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നൈപുണ്യ വികസനത്തിനും ഗവേഷണത്തിനും ഊന്നൽ നൽകുന്ന രീതിയിൽ കരിക്കുലം പരിഷ്കരിച്ച് വിജയകരമായ രീതിയിൽ മുന്നോട്ടു പോകുന്നു. വിദ്യാർഥികളുടെ നൂതന ആശയങ്ങൾക്ക് അഞ്ചു മുതൽ 25 ലക്ഷം വരെയും സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ 1000 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ സ്കോളർഷിപ്പും നൽകിവരുന്നു. ഇവയെല്ലാം ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുന്നതായി മന്ത്രി പറഞ്ഞു.
തിരൂർ തുഞ്ചൻ കോളെജിൽ ലിഫ്റ്റ്, ലോബി, പടിപ്പുര, എഴുത്തച്ഛൻ സ്മാരകം, പാർക്കിംഗ് സ്പേസ്, സെമിനാർ ഹാൾ, ടെലസ്കോപ്പ് റൂം എന്നിവയുൾപ്പെടെ 2.95 കോടി രൂപയുടെ 40 വികസന പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം എൽ എ അധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എം എസ് അജിത്ത്, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ദീൻ, വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെല്ലാഞ്ചേരി നൗഷാദ്, പഞ്ചായത്തംഗം റിയാസ് ബാബു, പിടിഎ വൈസ് പ്രസിഡന്റ് എ പി മുജീബ്, അലുംനി പ്രസിഡന്റ് മെഹർഷാ കളരിക്കൽ, സീനിയർ സൂപ്രണ്ട് കെ എസ് ജഗദീപ്, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് സനൂഹ് തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.