Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശ്ശൂർ കുന്നംകുളത്ത് യുവാവിന്‍റെ ഫോണില്‍ 40 കുടുംബങ്ങളിലെ 70 സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ആയിരക്കണക്കിന് ചിത്രങ്ങള്‍ ; കൈയോടെ പിടികൂടി നാട്ടുക്കാർ

04 Jul 2026 19:31 IST

Jithu Vijay

Share News :

കുന്നംകുളം : സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പണം വാങ്ങി പ്രചരിപ്പിച്ച യുവാവ് പിടിയിൽ. രക്ഷിതാക്കളോടപ്പം പോലീസ് സ്റ്റേഷനില്‍ എത്തി ഇയാൾ കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഇതോടെയാണ് യുവാവ് കുന്നംകുളം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.


സ്റ്റേഷനില്‍ കീഴടങ്ങിയ ചൊവ്വന്നൂര്‍ സ്വദേശി അനന്തു (25) വിനെ കുന്നംകുളം പോലീസ് ഐ.ടി. ആക്ട് പ്രകാരം കേസെടുത്തത് അറസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെ കഴിഞ്ഞ രാത്രി അനന്തുവിനെ യുവതികളുടെ ബന്ധുക്കള്‍ സ്വകാര്യ ടര്‍ഫിലേക്ക് വിളിച്ചു കൊണ്ടുപോയി മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തില്‍ ദേഹമാസകലം അടിയേറ്റ പാടുകളുണ്ട്. രണ്ട് കൈള്‍ക്കും ഗുരുതര പരുക്കുണ്ട്.


പരാതിക്കാരിയായ യുവതിയുടെ മോര്‍ഫ് ചെയ്ത ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സുഹൃത്ത് വിവരം യുവതിയെ അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കി. സംശയം തോന്നിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി ഫോണ്‍ പരിശോധിച്ചപ്പോഴാണ് നടുക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പ്രതിയുടെ ഫോണില്‍നിന്ന് 40 കുടുംബങ്ങളിലെ 70 സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ആയിരക്കണക്കിന് ചിത്രങ്ങള്‍ നാട്ടുകാര്‍ കണ്ടെത്തി. പരാതിക്കാരിയുടെ മൊഴി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. സംഭവത്തില്‍ കൂടുതല്‍ പരാതികള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി.


കുറച്ചു കാലം ഗള്‍ഫിലായിരുന്ന ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് വിസ ശരിയാക്കി കൊടുക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. ഒഴിവ് ദിവസങ്ങളില്‍ സ്‌കൂള്‍ ബസിലും സ്വകാര്യ കാറുകളിലും ഡ്രൈവറായി ജോലിക്ക് പോകാറുണ്ട്. വിസ ശരിയാക്കുന്ന ഘട്ടങ്ങളിലും യാത്രകളിലും മറ്റ് സന്ദര്‍ഭങ്ങളിലും കാണുന്ന പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഫോട്ടോകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളായാണ് സാമൂഹിക മാധ്യമം വഴി ഇയാള്‍ വിറ്റഴിച്ചിരുന്നത്. അറസ്റ്റിലായ അനന്തുവിനെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. മോര്‍ഫിംഗിനും മറ്റുള്ള കാര്യങ്ങള്‍ക്കും അനന്തുവിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Follow us on :

More in Related News