Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് തുരങ്ക പാതയ്ക്ക് അനുമതി നൽകി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി

04 Mar 2025 14:05 IST

Shafeek cn

Share News :

വയനാട് തുരങ്ക പാത നിര്‍മാണത്തിന് പച്ചക്കൊടി. അനുമതി നല്‍കി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി. 25 ഇന വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയത്. ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക പാത നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് സമിതി നിര്‍ദേശിച്ചിട്ടുണ്ട്.


താമരശ്ശേരി ചുരത്തിന്റെ ബദലായി നിര്‍മിക്കുന്ന ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ നിര്‍മാണം തുടങ്ങുന്നതിനുള്ള അനുമതിയാണ് ലഭിച്ചത്. മാര്‍ച്ച് ഒന്നിന് ചേര്‍ന്ന യോഗത്തില്‍ പദ്ധതിക്ക് അന്തിമാനുമതി നല്‍കാന്‍ സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി വിദഗ്ധസമിതി ശുപാര്‍ശ ചെയ്തു. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്. തുരങ്കം നിര്‍മിക്കുന്നതിന് ദിലീപ് ബില്‍ഡ് കോണ്‍ ലിമിറ്റഡിനും സമീപനറോഡിന്റെ നിര്‍മാണത്തിന് റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്കുമാണ് കരാര്‍ നല്‍കിയിരിക്കുന്നത്.


പാറ തുരക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്നും പരിസ്ഥിതി നാശം ഒഴിവാക്കണമെന്നും സമിതിയുടെ നിര്‍ദേശങ്ങളില്‍ പറയുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് പലവട്ടം വിശദീകരണം തേടിയ ശേഷമാണ് അനുമതി നല്‍കിയത്. വന്യജീവികളുടെയും ആദിവാസികള്‍ അടക്കമുളള മനുഷ്യരുടെയും പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം പരിസ്ഥിതി അനുമതി ലഭിച്ചതോടെ തുരങ്കപാത നിര്‍മാണവുമായി സര്‍ക്കാരിന് മുന്നോട്ട് പോകാനാകും. 

 

ഇനി രേഖാമൂലമുള്ള അനുമതി ലഭിക്കുന്നതോടെ കരാറെടുത്ത കമ്പനിക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കി നിര്‍മാണമാരംഭിക്കാന്‍ കഴിയും. സ്ഥലമെടുപ്പ് നടപടികള്‍ 90 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിര്‍മാണവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലംകൂടിമാത്രമേ ഇനി ഏറ്റെടുക്കാനുള്ളൂ.


ഭൂമിയുടെ ഘടനയനുസരിച്ച് ടണലിങ് രീതികള്‍ തിരഞ്ഞെടുക്കുക, കളക്ടര്‍ ശുപാര്‍ശചെയ്യുന്ന നാലുപേരടങ്ങുന്ന വിദഗ്ധസമിതി രൂപവത്കരിക്കുക, അപ്പന്‍കാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കുക, വംശനാശഭീഷണി നേരിടുന്ന 'ബാണാസുര ചിലപ്പന്‍' പക്ഷിയുടെ സംരക്ഷണത്തിന് നിരീക്ഷണം നടത്തുക, നിര്‍മാണത്തിലേര്‍പ്പെടുന്നവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരുവഴിഞ്ഞിപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയില്‍ നിര്‍മാണം നടത്തുക, ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടര്‍ച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.


Follow us on :

More in Related News