Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Mar 2026 12:19 IST
Share News :
തിരൂരങ്ങാടി : തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ 2025 ജനുവരി 2 ന് മൂന്നിയൂർ കുണ്ടം കടവ് സ്വദേശി പാലത്തിങ്ങൽ അബൂബക്കർ മൗലവി (55) മരണപ്പെട്ട സംഭവത്തിൽ താലൂക്ക് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയും മനുഷ്യാവകാശ ലംഘനവും ഉണ്ടായെന്ന പരാതിയിൽ കർശന നടപടികളും മുൻകരുതലുകളും സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച് കേരള മനുഷ്യാവകാശ കമ്മീഷൻ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നൽകി.
സംഭവത്തിൽ ആരോപണ വിധേയയായ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ: ഫെബിനക്കെതിരെ നടന്ന വകുപ്പ് തല അന്വേഷണവും ആയതിലെ ശുപാർശ പ്രകാരം ഡി.എം.ഒ. തുടർ നടപടികൾ സ്വീകരിച്ചത് സംബന്ധിച്ചും രണ്ട് മാസത്തിനുള്ളിൽ മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു.
2025 ജനുവരി 2ന് പുലർച്ചെ ശ്വാസതടസ്സവും നെഞ്ച് വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അബൂബക്കർ മൗലവിയെ ആശുപത്രി ക്യാഷ്വാലിറ്റിയിൽ എത്തിച്ചത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ ഓഫീസർ ഡോ: ഫെബിന റസ്റ്റ് റൂമിൽ ഉറങ്ങുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരൻ നിരന്തരമായി വിളിച്ചതിനെ തുടർന്ന് ഡോക്ടർ ക്യാഷ്യാലിറ്റിയിൽ എത്തിയപ്പോഴേക്കും രോഗി മരിച്ചിരുന്നു. എന്നാൽ ആശുപത്രിയിലെത്തും മുമ്പെ രോഗി മരിച്ചിരുന്നുവെന്ന് കാണിച്ച് ഡോക്ടർ പോലീസിന് ഇന്റിമേഷൻ അയക്കുകയായിരുന്നു. തുടർന്ന് രാവിലെ 10 മണിക്ക് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിട്ടും പോസ്റ്റ്മോർട്ട നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോേളേജിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ വാശി പിടിക്കുക മാത്രമല്ല ഉച്ചക്ക് 12 മണിക്ക് ശേഷമാണ് തിരൂരങ്ങാടിയിൽ നിന്നും മൃതദേഹം മഞ്ചേരി രിലേക്ക് റഫർ ചെയ്തത്. സ്വാഭാവിക മരണം സംഭവിച്ച വ്യക്തിയുടെ പോസ്റ്റ്മോർട്ട നടപടികൾ ഏറെ വൈകിപ്പിച്ച് മൃതദേഹത്തോട് അനാദരവ് കാണിച്ച നടപടിക്കെതിരെ മനുഷ്യാവകാശ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറയും തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് യു.എ. റസാഖും മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിലാണ് ഉത്തരവ്.
പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ അത്യന്തം ഗൗരവമുള്ളതാണെന്ന് കമ്മീഷൻ വിലയിരുത്തി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ കർശന നടപടികളും മുൻകരുതലുകളും സ്വീകരിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു.
മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നൽകിയ ഉത്തരവിൽ പ്രധാന കാര്യങ്ങൾ കൂടി ചൂണ്ടി കാട്ടി. കാഷ്വാലിറ്റിയിൽ എത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിശോധിക്കാൻ ഡ്യൂട്ടി ഡോക്ടർമാർ സെക്കൻഡുകൾക്കുള്ളിൽ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വറുത്താൻ കർശനമായ " സീറോ ഡിലെ" പോളിസി നടപ്പിലാക്കണം. ഡോക്ടർമാരുടെയും നഴ്സിംഗ് സ്റ്റാഫിന്റെയും സാന്നിധ്യം ഉറപ്പാക്കാൻ ബയോമെട്രിക് അല്ലെങ്കിൽ ഡിജിറ്റൽ അറ്റൻഡൻസ് സംവിധാനം കാഷ്വാലിറ്റിയിൽ കർശനമാക്കണം.
രോഗി എത്തിയ സമയം, മരണ സമയം എന്നിവ രേഖപ്പെടുത്തുന്നതിൽ സുതാര്യത ഉറപ്പാക്കണം. കുടുംബത്തിന്റെ സാന്നിധ്യത്തിൽ വേണം ഇത്തരം പ്രാഥമിക റിപ്പോർട്ടുകൾ തയ്യാറാക്കേണ്ടത്. 'ബ്രോട്ട് ഡെത്ത് ' എന്ന് രേഖപ്പെടുത്തുന്നതിന് മുമ്പ് കൃത്യമായ വൈദ്യ ശാസ്ത്ര പരിശോധനകൾ നടന്നുവെന്ന് ഉറപ്പാക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പരിശോധനാവിധേയമാക്കണം.
തിരൂരങ്ങാടി താലൂക്ക് ആശുപത്രി പോലുള്ള പ്രധാന ആശുപത്രികളിൽ പോസ്റ്റ്മോർട്ടം സൗകര്യങ്ങൾ എല്ലാ ദിവസവും ലഭ്യമാണെന്ന് ഉറപ്പ് വരുത്തണം. സൗകര്യമില്ലാത്ത പക്ഷം രോഗിയെ കൊണ്ടുവന്ന ഉടൻ തന്നെ ബന്ധുക്കളെ അറിയിക്കണം. മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്മോർട്ടം മറ്റ് ആശുപത്രികളിലേക്ക് മാറ്റാൻ നിർദ്ദേശിക്കുന്നത് ഒഴിവാക്കാൻ വ്യക്തമായ പ്രോട്ടോക്കോൾ തയ്യാറാക്കണം. മൃതദേഹം സൂക്ഷിക്കുന്നതിനും പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കുന്നതിനും പ്രത്യേക നോഡൽ ഓഫീസറെ ചുമതലപ്പെടുത്തണമെന്നും മൃതദേഹം വിട്ട് നൽകുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ പോലീസ് ഇൻക്വസ്റ്റ് കഴിഞ്ഞാലുടൻ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കണമെന്നും ആശുപത്രികളിൽ രോഗികളുടെ ബന്ധുക്കൾക്ക് പരാതി അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കോ പരാതി പരിഹാര സെല്ലോ രൂപീകരിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.