Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഓണസമ്മാനമായി 5000 രൂപ വീതം പ്രൊഫിഷ്യൻസി അവാർഡ്

03 Sep 2025 21:32 IST

SUNITHA MEGAS

Share News :

ഭിന്നശേഷി വിദ്യാർത്ഥികൾക്ക്

ഓണസമ്മാനമായി 

5000 രൂപ വീതം

പ്രൊഫിഷ്യൻസി അവാർഡ്

എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രൊഫിഷ്യൻസി അവാർഡായി 5000 രൂപ വീതം ഓണനാളുകളിൽ ലഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 23.50 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

എ ഗ്രേഡോ അതിനു മുകളിലോ നേടി വിജയിക്കുന്ന ജനറൽ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കും പരീക്ഷ പാസ്സാകുന്ന ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കും ആണ് 5000 രൂപ വീതം അവാർഡായി നൽകുക. ഇതിനായി ലഭ്യമായ അപേക്ഷകൾ പരിശോധിച്ചാണ് അർഹരായവരെ മാനദണ്ഡങ്ങൾക്കനുസരിച്ച് തിരഞ്ഞെടുത്തത്. എസ് എസ് എൽ സി ജനറൽ വിഭാഗത്തിൽ 34 പേർക്കും ബൗദ്ധിക വെല്ലുവിളി നേരിടുന്നവരിൽ 235 പേർക്കും, പ്ലസ് ടു ജനറൽ വിഭാഗത്തിൽ 35 പേർക്കും ബൗദ്ധിക വെല്ലുവിളി നേരിടുന്നവരിൽ 166 പേർക്കുമായാണ് തുക അനുവദിച്ചത്.  

സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മുഖേനയാണ് പ്രൊഫിഷ്യൻസി അവാർഡ് നൽകി വരുന്നത്. അവാർഡ് തുക വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. അവാർഡിന് അർഹരായവരുടെ വിശദവിവരങ്ങൾ www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണെന്ന് മന്ത്രി ഡോ. ബിന്ദു അറിയിച്ചു. 

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഭിന്നശേഷിക്കാരെ ചേർത്ത് പിടിക്കുന്ന നിലപാടാണ് സർക്കാരിന്റെതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഭിന്നശേഷിക്കാരുടെ പെൻഷൻ കുടിശ്ശിക തീർത്തു നൽകാനും ആശ്വാസകിരണം അർഹരായ മുഴുവൻ പേർക്കും എത്തിക്കാനും കഴിഞ്ഞത് ഈ ഓണക്കാലത്ത് ഭിന്നശേഷിക്കാരുടെ കുടുംബങ്ങൾക്ക് ഏറെ സന്തോഷം പകരും - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

Follow us on :

More in Related News