Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊന്നാനി ബിയം കായലിന് കുറുകെ പുനർനിർമിച്ച കുണ്ടുകടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു

24 Feb 2026 10:54 IST

Jithu Vijay

Share News :

പൊന്നാനി : പൊന്നാനി മണ്ഡലത്തിലെ ഗുരുവായൂർ - ആൽത്തറ സ്റ്റേറ്റ് ഹൈവേ റോഡിൽ ബിയം കായലിന് കുറുകെ പുനർ നിർമ്മിച്ച കുണ്ടുകടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടന കർമ്മം ഓൺലൈനായി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. ഇന്ത്യയിൽ ഏറ്റവും ഗുണനിലവാരമുള്ള റോഡ് നിർമ്മാണ രീതിയായ ബി.എം& ബി.സി രീതി അവലംബിച്ചാണ് കേരളത്തിലെ മിക്ക റോഡുകളുടെയും നിർമ്മാണം നടക്കുന്നതെന്ന് മന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.


 അഞ്ചുവർഷംകൊണ്ട് 50 ശതമാനം പൊതുമരാമത്ത് റോഡുകൾ ബി.എം & ബി.സിയാക്കാൻ ലക്ഷ്യം വെച്ചതിൽ 60 ശതമാനം നേടാനായി എന്നതാണ് യാഥാർഥ്യം. എൽ.ഡി.എഫ്.സർക്കാർ വന്നതിനുശേഷം പശ്ചാത്തല വികസനത്തിൽ നടന്നത് ഒരു മാജികാണ്. 

 ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാർ 5550 കോടി രൂപ വകയിരുത്തി. 600 കിലോമീറ്ററോളം വരുന്ന ദേശീയപാതയുടെ 500 കിലോമീറ്ററോളം നിർമ്മാണം പൂർത്തീകരിക്കാൻ സാധിച്ചു. തീരദേശ ഹൈവേ, മലയോര ഹൈവേ തുരങ്ക പാത എന്നിവയെല്ലാം മികച്ച രീതിയിൽ ആണ് നിർമ്മാണം നടന്നുവരുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകൾ വഴി 32 കോടിയിലധികം വരുമാനം ഓൺലൈൻ ബുക്കിങ് മുഖേന നേടാനായി. അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുന്നതിൽ കിഫ്ബിയുടെ പങ്ക് ചെറുതല്ല. കിഫ് ബി വഴി 528 പദ്ധതികൾക്കായി 46,145 കോടി രൂപയാണ് പി.ഡബ്ലി.യു ഡി ക്ക് മാത്രമായി ലഭിച്ചതെന്ന് മന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.


പാലത്തിന് സമീപം നടന്ന ചടങ്ങിൽ പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. റോഡിന്റെ ജനകീയ ഉദ്ഘാടനവും ശിലാസ്ഥാപന അനാച്ഛാദനവും അദ്ദേഹം നിർവഹിച്ചു. പൊന്നാനി മണ്ഡലത്തിൽ സമാനതകൾ ഇല്ലാത്ത വികസനമാണ് നടന്നത്. പ്രധാനപ്പെട്ട നാലു പാലങ്ങളുടെ പൂർത്തീകരണം നടന്നുകൊണ്ടിരിക്കുകയാണ്. കാർഷിക മേഖല കൂടി ഉണരുന്നതോടെ പൊന്നാനി മലപ്പുറം ജില്ലയിൽ ഒന്നാമതെത്തുന്ന രംഗം വിദൂരമല്ലെന്ന് എം.എൽ.എ പറഞ്ഞു.

കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായ കുണ്ടുകടവ് പാലത്തിന് പകരമായുള്ള പാലത്തിന് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 29.3 കോടി രൂപ വകയിരുത്തിയാണ് നിർമ്മാണം നടന്നത്. പഴയ പാലം നിലനിർത്തി കൊണ്ടായിരുന്നു പുതിയ പാലത്തിന്റെ നിർമ്മാണം. അതിനാൽ ഗതാഗത ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി. 26.00 മീറ്റർ നീളമുള്ള ഏഴ് സ്പാനുകളും മധ്യത്തിൽ 45.00 മീറ്റർ നീളമുള്ള ഒരു സ്പാനുമടക്കം 227.00 മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.

Follow us on :

More in Related News