Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തെ പുതുയുഗപ്പിറവിയിലേക്ക് നയിക്കും- മന്ത്രി മോൻസ് ജോസഫ്

15 Aug 2026 13:39 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന് ജലവിഭവ-ഭവന നിർമാണവകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷചടങ്ങിൽ ദേശീയ പതാക ഉയർത്തി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മന്ത്രി സ്വാതന്ത്യദിന പരേഡിന്‍റെ സല്യൂട്ട് സ്വീകരിച്ചു.

 വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ നിലനിർത്താൻ നമുക്കു കഴിയണമെന്നും തിരിച്ചടികളുണ്ടായ മേഖലകളിൽ തിരിച്ചുവരവിന് പരിശ്രമിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. 

 വീടില്ലാത്ത മുഴുവൻ പാവപ്പെട്ടവർക്കും വീട് ഉറപ്പാക്കാനും കുട്ടികൾക്ക് കേരളത്തിൽ തന്നെ ഉന്നതവിദ്യാഭ്യാസം നൽകാനും പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴിൽ നൽകാനും തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനും സമ്പദ്ഘടനയുടെ നട്ടെല്ലായ കർഷകരെ ചേർത്തുപിടിക്കാനും സർക്കാർ ജീവനക്കാർക്ക് സുരക്ഷിത ബോധത്തോടെയുള്ള സേവനം ഉറപ്പാക്കാനും എല്ലാ വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കാനും കഴിയുന്ന ഭരണവ്യവസ്ഥിതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. 

 യുദ്ധത്തേത്തുടർന്ന് ലോകത്തില്‍ വിവിധയിടങ്ങളിൽ സൈര്യജീവിതം നഷ്ടമാകുന്ന കാലമാണിത്. മറ്റുരാജ്യങ്ങളിലെ അവസ്ഥയുമായി താരതമ്യം ചെയ്യുന്പോള്‍ നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ മഹത്വം എത്ര വലുതാണെന്ന് വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു.

 ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ,നഗരസഭാംഗം ജോഫി മരിയ ജോൺ, എ.ഡി.എം. സോളി ആന്‍റണി, കോട്ടയം ആര്‍.ഡി.ഒ നിജു കുര്യന്‍, തഹസില്‍ദാര്‍ സിറില്‍ സഞ്ജു ജോര്‍ജ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. 

 പോലീസ്, എക്സൈസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എൻ.സി.സി, സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്സ്, സ്‌കൗട്ട്, ഗൈഡ്സ്, ജൂണിയർ റെഡ്ക്രോസ്, ബാൻഡ് എന്നിവയുൾപ്പെടെ 25 പ്ലറ്റൂണുകൾ പരേഡിൽ പങ്കെടുത്തു.  

ജില്ലാ പോലീസ് ആസ്ഥാനത്തെ റിസർവ് ഇൻസ്‌പെക്ടർ ഡി. ജയകുമാർ പരേഡ് കമാൻഡറായിരുന്നു. പരേഡിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച പ്ലറ്റൂണുകൾക്ക് മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു.

സ്വാതന്ത്ര്യദിന പരേഡിലെ മികച്ച പ്ലറ്റൂണുകൾ

കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിന പരേഡിൽ യൂണിഫോം സേനകളുടെ വിഭാഗത്തിൽ റിസർവ് സബ് ഇൻസ്‌പെക്ടർ ബിറ്റു തോമസ് നയിച്ച ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് പ്ലറ്റൂൺ ഒന്നാം സ്ഥാനം നേടി. കോട്ടയം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ. അഖിൽ നയിച്ച എക്‌സൈസ് പ്ലറ്റൂൺ രണ്ടാം സ്ഥാനം നേടി. വനിതാ പോലീസ് പ്ലറ്റൂണിനെ നയിച്ച കാഞ്ഞിരപ്പള്ളി സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ വർഷ മധു ആണ് മികച്ച പരേഡ് കമാൻഡർ.

മറ്റു വിഭാഗങ്ങളിലെ വിജയികൾ  

എൻ.സി.സി. സീനിയർ വിഭാഗം

1. എം.ഡി. സെമിനാരി എച്ച്.എസ്.എസ് കോട്ടയം  

2. ഗവണ്‍മെന്‍റ് കോളജ് നാട്ടകം

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് വിഭാഗം.

1. എം.ടി. സെമിനാരി എച്ച്.എസ്.എസ് കോട്ടയം  

2. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, ഏറ്റുമാനൂർ

സ്‌കൗട്ട്‌സ് വിഭാഗം

1 എം.ഡി. സെമിനാരി എച്ച്.എസ്. കോട്ടയം

2 ഹോളി ഫാമിലി എച്ച്.എസ്.എസ്.എസ് കോട്ടയം.

ഗൈഡ്‌സ് വിഭാഗം

1 ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസ്.എസ്. കോട്ടയം

2. മൗണ്ട് കാർമൽ ജി.എച്ച്.എസ്.എസ് കോട്ടയം

ജൂനിയർ റെഡ് ക്രോസ് വിഭാഗം

1. മൗണ്ട് കാർമൽ ജി.എച്ച്.എസ്.എസ് കോട്ടയം.

2. എം.ഡി. സെമിനാരി എച്ച്.എസ്.എസ്. കോട്ടയം.

ബാൻഡ് വിഭാഗം

1. മൗണ്ട് കാർമൽ ജി.എച്ച്.എസ് കഞ്ഞിക്കുഴി

2. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, ഏറ്റുമാനൂർ




Follow us on :

More in Related News