Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2025 10:50 IST
Share News :
മലപ്പുറം : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജെന്‍ഡര്‍ ആൻഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം അടിസ്ഥാനമാക്കി ജില്ലാതല ക്രൈം മാപ്പിംഗ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതിഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് ഉദ്ഘാടനം ചെയ്തു. ഈ കാലഘട്ടത്തിലും ഭൂരിപക്ഷം സ്ത്രീകളും അവര്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചു ശരിയായ ധാരണയില്ലാത്തവരാണെന്നും അവ കൃത്യമായി മനസിലാക്കി അവബോധം വളര്‍ത്തുന്നതിനും സ്ത്രീ സൗഹൃദപരമായ സമൂഹം വളര്‍ത്തിയെടുക്കുന്നതിനുമാണ് ഓരോ പഞ്ചായത്തിലും ക്രൈം മാപ്പിങ് നടത്തുന്നതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ അധ്യക്ഷനായി.
കാലടി, കുറുവ, വേങ്ങര, പോരൂര്‍, കുഴിമണ്ണ , കോഡൂര്‍ പഞ്ചായത്തുകളാണ് ക്രൈം മാപ്പിങ് കോണ്‍ക്ലേവില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കില റിസോഴ്‌സ് പേഴ്‌സനും കെ.എസ്.എസ്.പി സംസ്ഥാന കമ്മറ്റി അംഗവുമായ ഇ.വിലാസിനി മോഡറേറ്ററായി. കില റിസോഴ്‌സ് അംഗം ബീന സണ്ണി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിന്ധു, വിങ്‌സ് കേരള പ്രവര്‍ത്തക അഡ്വ. സുധ ഹരിദ്വാര്‍ തുടങ്ങിയവര്‍ പാനല്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ഓരോ വര്‍ഷവും ജില്ലയിലെ വ്യത്യസ്ത പഞ്ചായത്തുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്.
ഇത്തവണ ഉള്‍പ്പെടുത്തിയ ആറ് സി.ഡി.എസ്സുകളില്‍ നിന്നായി 5735 പേരില്‍ സാമ്പിള്‍ സര്‍വേ നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ടില്‍ 3324 പേർ സാമ്പത്തിക അതിക്രമങ്ങള്‍ക്കും 609 പേര്‍ ശാരീരികം, 3090 പേര്‍ ലൈംഗികം, 2595 പേര്‍ മാനസിക /വൈകാരികം, 1172 സാമൂഹികം, 4078 വാചിക അതിക്രമങ്ങളും നേരിട്ടതായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. ഓരോ സി.ഡി എസ്സിനു കീഴിലും പരിശീലനം ലഭിച്ച അഞ്ച് ആര്‍.പി മാരാണ് വിവരശേഖരണത്തിന് നേതൃത്വം നല്‍കിയത്. റിപ്പോര്‍ട്ട് വിശകലനം ചെയ്ത് ഓരോ മേഖലകള്‍ക്കും ഊന്നല്‍ നല്‍കി കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടരും.
വിവിധ പഞ്ചായത്തുകളില്‍ സര്‍വേ നടത്തി വിവരശേഖരണത്തിന് നേതൃത്വം നല്‍കിയ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ കളക്ടര്‍ വിതരണം ചെയ്തു. പരിപാടിയില്‍ വേങ്ങര , കോഡൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഹസീന ഫസല്‍, റാബിയ ചോലക്കല്‍ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.