Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുമാങ്കണ്ടത്തിന് സമീപം കാറിന് തീപിടിച്ചു മുന്‍ സഹകരണ ബാങ്ക് മാനേജര്‍ മരിച്ചു

25 Jan 2025 21:10 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ: ഇടുക്കി കുമാരമംഗലം പെരുമാങ്കണ്ടത്തിന് സമീപം കാറിന് തീപിടിച്ചു മുന്‍ സഹകരണ ബാങ്ക് മാനേജര്‍ മരിച്ചു. ഏഴല്ലൂര്‍ പ്ലാന്റേഷന്‍ സ്വദേശി എരപ്പനാല്‍ ഇ.ബി സിബി (60) യുടെ മൃതദേഹമാണ് സ്വന്തം കാറിനുള്ളില്‍ കണ്ടെത്തിയത്. ശനി ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഏഴല്ലൂര്‍-തൊടുപുഴ റോഡില്‍ പെരുമാങ്കണ്ടത്തിന് സമീപം നരക്കുഴി ജങ്ഷനില്‍ നിന്ന് 70 മീറ്റര്‍ മാറി പ്ലാന്റേഷനിലേക്ക് പോകുന്ന റോഡിലെ സ്വകാര്യ വ്യക്തിയുടെ കൃഷിടത്തിലേക്ക് കയറിയുള്ള ചെറുവഴിയില്‍ വച്ചാണ് കാര്‍ കത്തിയത്. വന്‍ അഗ്നിഗോളത്തോടെ കാര്‍ കത്തുന്നത് കണ്ട നാട്ടുകാര്‍ ഓടിയെത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവര്‍ അറിയിച്ചതനുസരിച്ച് തൊടുപുഴയില്‍ നിന്ന് എത്തിയ അഗ്‌നിരക്ഷാസേനയാണ് തീ കെടുത്തിയത്. സംഭവമറിഞ്ഞ് തൊടുപുഴ, കല്ലൂര്‍ക്കാട് എന്നിവിടങ്ങളില്‍ നിന്ന് പൊലീസും സ്ഥലത്തെത്തി. സിബിയുടെ കാറാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതോടെ സിബിയുടെ സഹോദരന്‍ ഇ.ബി ടിബിയും ഭാര്യ ജിജിയും സ്ഥലത്തെത്തി കാര്‍ സിബിയുടെ തന്നെയാണെന്ന് സ്ഥിരീകരിച്ചു. വീട്ടിലേക്ക് സാധനം വാങ്ങാനെന്ന് പറഞ്ഞിറങ്ങിയ സിബി, സാധാനങ്ങള്‍ വാങ്ങി നല്‍കിയ ശേഷം തിരിച്ചു കുമാരമംഗലത്തേക്ക് വരുന്ന വഴിയാണ് സംഭവമെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവം നടന്ന സ്ഥലം കലൂര്‍ക്കാട് വില്ലേജിലുള്‍പ്പെട്ടതാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കല്ലൂര്‍ക്കാട് പൊലീസിലേക്ക് കേസ് കൈമാറി. കുമാരമംഗലം സര്‍വീസ് സഹകരണ ബാങ്കില്‍ മാനേജറായി വിരമിച്ച സിബി കൃഷിപ്പണിയില്‍ സജീവമായിരുന്നു. കാര്‍ കത്തിയിടത്തുനിന്ന് നാല് കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് സിബിയുടെ വീട് സ്ഥിതി ചെയ്യുന്നത്. സിബിക്ക് ജീവനൊടുക്കേണ്ട സാഹചര്യമില്ലന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. കാറിന് എങ്ങനെയാണ് തീപിടിച്ചതെന്നതില്‍ വ്യക്തതയില്ല. കാറിനു തീ പിടിച്ചപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയാത്തതാകാം അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഏറെ പഴക്കം ചെന്ന കാറിലാണ് സിബി സഞ്ചരിച്ചത്. അപകടം നടക്കുന്നതിന് ഏതാനും സമയം മുമ്പ് സിബി സമീപത്തെ പെട്രോള്‍ പമ്പിലെത്തി ഇന്ധനം നിറച്ചിരുന്നതായും പെട്രോള്‍ നിറച്ച കുപ്പിയുടെ ഭാഗങ്ങള്‍ വാഹനത്തില്‍ ഉണ്ടായിരുന്നതായും പോലീസ് സൂചിപ്പിച്ചു. ഫൊറന്‍സിക് വിഭാഗവും പൊലീസും വിശദമായ പരിശോധന നടത്തിയ ശേഷം വൈകിട്ടോടെയാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്. ഭാര്യ: സിന്ധു (റിട്ട. അധ്യാപിക), മക്കള്‍: അരവിന്ദ് (എം.ജി യൂണിവേഴ്‌സിറ്റി കോട്ടയം), അഞ്ജലി (സൗത്ത് ഇന്ത്യന്‍ ബാങ്ക് മൂവാറ്റുപുഴ).



Follow us on :

More in Related News