Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആരോഗ്യ വകുപ്പിനുകീഴിൽ കോട്ടയം ജില്ലയിലെ ആദ്യ റേഡിയേഷൻ ഓങ്കോളജി കേന്ദ്രം പാലായിൽ

16 Sep 2025 17:18 IST

CN Remya

Share News :

കോട്ടയം: ആരോഗ്യ വകുപ്പിനുകീഴിൽ കോട്ടയം ജില്ലയിലെ ആദ്യ റേഡിയേഷൻ ഓങ്കോളജി കേന്ദ്രം പാലായിൽ. ആദ്യ റേഡിയേഷൻ ഓങ്കോളജി കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം 17ന് പാലാ ജനറൽ ആശുപത്രിയിൽ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ജോസ് കെ. മാണി എംപി തറക്കല്ലിടും. ജോസ് കെ. മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും 2.45 കോടി രൂപ ചെലവിട്ട് 4996 ചതുരശ്ര അടി വിസ്തീർണത്തിലാണ് റേഡിയേഷൻ ഓങ്കോളജി ബ്ലോക്ക് നിർമിക്കുന്നത്. ഇവിടേയ്ക്ക് ആവശ്യമായ യന്ത്രങ്ങൾ വാങ്ങുന്നതിന് കോട്ടയം ജില്ലാ പഞ്ചായത്ത് 1.05 കോടി രൂപയും പാലാ നഗരസഭ 1.67 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

കെട്ടിട നിർമാണത്തിനുവേണ്ടി ദേശീയ ആരോഗ്യ മിഷൻ ഒരു കോടി രൂപ നൽകും. നിർമാണം പൂർത്തിയാകുന്നതോടെ ജില്ലയിലെ ഗവൺമെന്റ് ജനറൽ ആശുപത്രികളിൽ ക്യാൻസർ റേഡിയേഷൻ സൗകര്യമുള്ള ആദ്യ ആശുപത്രിയായി പാലാ ജനറൽ ആശുപത്രി മാറും. ആരോഗ്യവകുപ്പിന് കീഴിൽ വയനാട്ടിലും എറണാകുളം ജനറൽ ആശുപത്രിയിലുമാണ് നിലവിൽ റേഡിയേഷൻ ചികിത്സയുള്ളത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ നിർധന രോഗികൾക്ക് കാൻസർ ചികിത്സ നൽകാൻ പാലാ ജനറൽ ആശുപത്രിക്ക് കഴിയും.

ലീനിയർ ആക്സിലറേറ്റർ, റേഡിയേഷൻ തെറാപ്പി പ്ലാനിംഗ് റൂം, മൗൾഡ് റൂം, ഔട്ട് പേഷ്യൻറ് കാത്തിരിപ്പുകേന്ദ്രം തുടങ്ങിയവയും റേഡിയോതെറാപ്പി സിമുലേറ്റർ, ബ്രാക്കിതെറാപ്പി യൂണിറ്റ്, മൈനർ ഓപ്പറേഷൻ തീയറ്റർ തുടങ്ങിയ സൗകര്യങ്ങൾ കൂടി ഭാവിയിൽ ക്രമീകരിക്കാൻ കഴിയുന്ന വിധത്തിലാവും കെട്ടിടം നിർമിക്കുക. കെട്ടിടം പൂർത്തിയാകുന്നതോടെ കേന്ദ്ര ആണവോർജ്ജ വകുപ്പ് ആധുനിക റേഡിയേഷൻ സംവിധാനം ഒരുക്കുന്നതിനായി അനുവദിച്ച അഞ്ചു കോടി രൂപയുടെ ഗ്രാന്റും ലഭ്യമാകുമെന്ന് ജോസ് കെ. മാണി എംപി പറഞ്ഞു. പാലാ ജനറൽ ആശുപത്രിയിലെ കാൻസർ ചികിത്സാ വിഭാഗത്തിൽ കീമോതെറപ്പി ഉൾപ്പെടെയുള്ള ചികിത്സകളും പരിശോധനകളും മരുന്നും സൗജന്യമായി നൽകുന്നുണ്ട്. ഐപി വിഭാഗത്തിൽ തീവ്ര പരിചരണ, ഐസൊലേഷൻ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

തറക്കല്ലിടൽ ചടങ്ങിൽ പാലാ നഗരസഭാ ചെയർപേഴ്സൺ തോമസ് പീറ്റർ അധ്യക്ഷത വഹിക്കും. മാണി സി. കാപ്പൻ എംഎൽഎ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ചേതൻകുമാർ മീണ എന്നിവർ പങ്കെടുക്കും.

Follow us on :

More in Related News