Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ നേരിട്ടിറങ്ങി ജില്ലാകളക്ടര്‍; വാഹനം പിടികൂടി

26 Feb 2025 12:36 IST

Jithu Vijay

Share News :

മലപ്പുറം : മാലിന്യമുക്ത മലപ്പുറത്തിനായി ജില്ലാ കളക്ടര്‍ വി ആര്‍ വിനോദിന്റെ പരിശോധന. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ ശുചിത്വമിഷനും മലപ്പുറം നഗരസഭയും നടത്തിയ പരിശോധനയിലാണ് കളക്ടറും ഭാഗമായത്. പരിശോധക്കിടെ മലപ്പുറം മിഷന്‍ ആശുപത്രിക്ക് സമീപം മാലിന്യം ഉപേക്ഷിക്കാനെത്തിയയാളെ കളക്ടര്‍ പിടികൂടി. വീട്ടില്‍ നിന്നുള്ള മാലിന്യം കവറിലാക്കി ഉപേക്ഷിക്കാന്‍ എത്തിയതായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട കളക്ടര്‍ വാഹനം പിടിച്ചെടുത്തു.


രാവിലെ 5.45 ന് തുടങ്ങിയ പരിശോധന എട്ട് വരെ നീണ്ടു. മലപ്പുറം നഗരം, മച്ചിങ്ങല്‍ ബൈപാസ്, വലിയങ്ങാടി, വലിയവരമ്പ്, മങ്ങാട്ടുപുലം ഭാഗങ്ങളിലാണ് കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. മാര്‍ച്ച് 30 ന് മാലിന്യ മുക്തമായ നവകേരളമെന്ന ലക്ഷ്യവുമായാണ് പരിശോധന നടത്തുന്നത്. എല്ലാ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലും പരിശോധന നടക്കുന്നുണ്ട്. വലിച്ചെറിയല്‍ മുക്തമായ പൊതുവിടങ്ങള്‍ ജനകീയ സമിതികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ സൃഷ്ടിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാലിന്യമുക്തമാക്കുക, സ്ഥാപനങ്ങളെ വലിച്ചെറിയല്‍ മുക്തമാക്കുക, നിയമനടപടികള്‍ കര്‍ശനമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ക്യാംപയിന്‍ മുന്നോട്ടുവെക്കുന്നത്.


പരിസരം വൃത്തിയായി സൂക്ഷിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും. ജാഥകള്‍, സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയ പൊതു പരിപാടികളുടെ ഭാഗമായുള്ള കൊടിതോരണങ്ങള്‍, നോട്ടീസുകള്‍, വെള്ളക്കുപ്പികള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് പാലിക്കേണ്ട നിബന്ധനകള്‍ സംഘാടകരെ മുന്‍കൂട്ടി അറിയിക്കും. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ ടി എസ് അഖിലേഷ്, ക്ലീന്‍ സിറ്റി മാനേജര്‍ കെ മധുസൂദനന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍മാരായ പി കെ മുനീര്‍, ടി അബ്ദുല്‍ റഷീദ് എന്നിവര്‍ കളക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

Follow us on :

More in Related News