Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കന്നുകടവ് പാലം നാടിന് സമർപ്പിച്ചു

27 Jan 2025 20:46 IST

Jithu Vijay

Share News :

മലപ്പുറം : സംസ്ഥാനത്തെ 60 ശതമാനം പൊതുമരാമത്ത് റോഡുകളും ബി എം ബി സി നിലവാരത്തിൽ നവീകരിച്ചു കഴിഞ്ഞതായി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഏറനാട്, കൊണ്ടോട്ടി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ച് വിളയില്‍ എളങ്കാവിനു സമീപം പൂങ്കുടി തോടിന് കുറുകെ നിര്‍മ്മിച്ച കന്നുകടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 


പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മുപ്പതിനായിരത്തോളം കിലോമീറ്റർ റോഡുകളിൽ 50 ശതമാനം അഞ്ചു കൊല്ലം കൊണ്ട് ബി എം ബി സി നിലവാരത്തിലേക്ക് ഉയർത്തണം എന്നായിരുന്നു സർക്കാർ ലക്ഷ്യം കണ്ടിരുന്നത്. എന്നാൽ മൂന്നുവർഷം കൊണ്ട് തന്നെ 15,000 കിലോമീറ്ററിലധികം റോഡുകൾ ഈ നിലവാരത്തിലേക്ക് ഉയർത്താനായി. ഇപ്പോൾ 60 ശതമാനത്തിൽ എത്തി നിൽക്കുന്നു. പാലങ്ങളുടെ കാര്യത്തിൽ അഞ്ചുവർഷം കൊണ്ട് 100 പാലങ്ങൾ ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ മൂന്നേകാൽ വർഷം കൊണ്ട് തന്നെ 100 പാലങ്ങൾ യാഥാർത്ഥ്യമാക്കാൻ സർക്കാറിന് കഴിഞ്ഞതായി മന്ത്രി റിയാസ് പറഞ്ഞു. 


പൊതുമരാമത്ത് വകുപ്പിൻ്റെ വികസനങ്ങളിൽ പാലങ്ങൾക്കു മുൻഗണന നൽകുക എന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സർക്കാർ തുടക്കം മുതൽ സ്വീകരിച്ചുവരുന്ന നയമാണ്. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ആരംഭിച്ച കിഫ്ബി വഴി നിരവധി പാലങ്ങൾ യാഥാർത്ഥ്യമായിട്ടുണ്ട്. ഇന്ന് ഉദ്ഘാടനം ചെയ്ത കന്നുകടവ് പാലത്തിന്റെ ഗുണഭോക്താക്കളായ കൊണ്ടോട്ടി, ഏറനാട് നിയോജക മണ്ഡലങ്ങളിൽ മാത്രം ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 121 കിലോമീറ്റർ റോഡുകൾ ബി എം ബി സി നിലവാരത്തിൽ നവീകരിച്ചതായി മന്ത്രി പറഞ്ഞു. സാധാരണ റോഡുകളെ അപേക്ഷിച്ച് ഒരു കിലോമീറ്ററിന് 50 ലക്ഷം രൂപയാണ് ബി എം ബി സി ആക്കുന്നതിനുള്ള അധിക ചെലവ്. ഇത് പ്രകാരം 60 കോടി രൂപയാണ് ഈ രണ്ട് മണ്ഡലങ്ങൾക്കായി റോഡ് നിർമ്മാണം ഇനത്തിൽ മാത്രം പൊതുമരാമത്ത് വകുപ്പ് അധികം ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.


ചീക്കോട് പഞ്ചായത്തിലെ എളങ്കാവ് നിന്ന് അരീക്കോട് പഞ്ചായത്തിലെ കാരിപറമ്പിലേക്കാണ് കന്നുകടവ് പാലം കടന്നുള്ള റോഡ് ചെന്നു ചേരുന്നത്. ഉദ്ഘാടന ചടങ്ങില്‍ ടി.വി ഇബ്രാഹീം എം.എല്‍.എ അധ്യക്ഷനായി.

Follow us on :

More in Related News