Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയ്ക്ക് തിരിച്ചടി; 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി ; നടപടി ദൈവങ്ങളുടെയും ബലിദാനികളുടെയും പേര് പറഞ്ഞുള്ള സത്യപ്രതിജ്ഞയിൽ

24 Jun 2026 11:34 IST

Jithu Vijay

Share News :

തിരുവനന്തപുരം : ദൈവങ്ങളുടെയും ബലിദാനികളുടെയും പേര് പറഞ്ഞുള്ള സത്യപ്രതിജ്ഞയിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയ്ക്ക് തിരിച്ചടി. ബിജെപിയുടെ ഇരുപത് കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി.


കേരള മുനിസിപ്പാലിറ്റി നിയമത്തിലെ മൂന്നാം ഷെഡ്യൂൾ പ്രകാരം ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ആണ് ചെയ്യേണ്ടത്. ഇതിൽനിന്നു വ്യത്യസ്തമായിട്ടുള്ള സത്യപ്രതിജ്ഞ അസാധുവാണെന്നു ചൂണ്ടിക്കാട്ടി കോർപറേഷനിലെ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. നാലാഴ്ചയ്ക്കുള്ളിൽ ഇവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം. 


കൗൺസിലർമാർ എന്ന നിലയിൽ ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾക്ക് മുൻസിപ്പാലിറ്റി നിയമപ്രകാരം സംരക്ഷണമുണ്ടെന്നും ഹൈക്കോടതി ഉത്തരവ്. സാധാരണയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, ദൈവനാമത്തിൽ അല്ലെങ്കിൽ ഭരണഘടന എന്നാണ് ഉപയോഗിക്കുന്നത്. എന്നാൽ പ്രത്യേകം ദൈവങ്ങളുടെ പേര് എടുത്ത് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തത് ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് വാദത്തിൽ ഹർജിക്കാരൻ ഉന്നയിച്ചത്.


1994ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്‌ഷൻ 143 പ്രകാരം മുനിസിപ്പാലിറ്റി കൗൺസിലർമാർ തങ്ങളുടെ ഓഫിസ് ചുമതലകൾ ഏറ്റെടുക്കുന്നതിന് മുൻപായി ചെയ്യുന്ന സത്യപ്രതിജ്ഞ മൂന്നാം ഷെഡ്യൂള്‍ പ്രകാരം ‘ദൈവനാമത്തിൽ’ അല്ലെങ്കിൽ ‘ദൃഢപ്രതിജ്ഞ’ എന്ന രീതിയിലായിരിക്കണം ചെയ്യേണ്ടത്. എന്നാൽ ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തത് ‘ഗുരുദേവ നാമത്തിൽ’, ‘ഉദയന്നൂർ ദേവിയുടെ നാമത്തിൽ’, ‘ഭഗവത് നാമത്തിൽ’, ‘കാവിലമ്മയുടെ നാമത്തിൽ’, ‘ശ്രീ പത്മനാഭസ്വാമിയുടെ നാമത്തിൽ’, ‘ഭാരതാംബയുടെ നാമത്തിൽ’ തുടങ്ങിയ രൂപങ്ങളിലാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ ഈ സത്യപ്രതിജ്ഞകൾ അസാധുവാണെന്നാണ് ഹർജിക്കാരൻ വാദിച്ചത്.


ആര്‍. സുഗതന്‍, കരമന അജിത്, ആര്‍.സി.ബീന, പി.സരിത, ദീപ എസ്.നായര്‍ തുടങ്ങിയ ബിജെപി അംഗങ്ങള്‍ ശ്രീപത്മനാഭസ്വാമിയുടെ നാമത്തിലാണ് പ്രതിജ്ഞ ചെയ്തത്. 'ബലിദാനികള്‍ അമരന്മാര്‍' എന്നു പറഞ്ഞാണ് വലിയവിള കൗണ്‍സിലര്‍ വി.ജി. ഗിരികുമാര്‍ പ്രതിജ്ഞ അവസാനിപ്പിച്ചത്. കുന്നുകുഴി കൗണ്‍സിലര്‍ എ.മേരി പുഷ്പവും കരുമം കൗണ്‍സിലര്‍ ജി.എസ്. ആശാനാഥും 'സ്വാമിയേ ശരണമയ്യപ്പാ...' ചൊല്ലി സത്യപ്രതിജ്ഞ അവസാനിപ്പിച്ചു. ഗുരുദേവന്‍, ശ്രീകണ്‌ഠേശ്വരം മഹാദേവന്‍, ഇരുംകുളങ്ങര ദുര്‍ഗാ ഭഗവതി ദേവി, ഉദിയന്നൂര്‍ ദേവി തുടങ്ങിയ ദേവ പ്രതിഷ്ഠകളുടെ പേരിലും കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു.

Follow us on :

More in Related News