Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണീരോർമ്മയിൽ ബിന്ദു; കുടുംബത്തിന് സ്‌നേഹവീട് കൈമാറി

26 Sep 2025 21:20 IST

CN Remya

Share News :

കോട്ടയം: ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പുമന്ത്രി ആർ. ബിന്ദുവിൻ്റെ കൈയിൽ നിന്ന്  സ്നേഹവീടിൻ്റെ താക്കോൽ ഏറ്റുവാങ്ങിയപ്പോൾ സീതമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിട ഭാഗമിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ ഓർമകൾ വേദനയായി നിറഞ്ഞ വേദിയിൽ ബിന്ദുവിൻ്റെ ഭർത്താവ് കെ. വിശ്രുതനോടൊപ്പമാണ് അമ്മ സീതമ്മ സർക്കാർ നവീകരിച്ചുനൽകിയ വീടിൻ്റെ താക്കോൽ  ഏറ്റുവാങ്ങിയത്. കൂടെ നിന്നതിന് സർക്കാരിനോട് നന്ദിയുണ്ടെന്ന് ഇടറുന്ന വാക്കുകളിൽ ഇരുവരും മന്ത്രിമാരായ ആർ. ബിന്ദുവിനോടും വി.എൻ. വാസവനോടും പറഞ്ഞു. തലയോലപ്പറമ്പ് ഉമ്മാംകുന്നിലുള്ള വീടിനോടു ചേർന്നൊരുക്കിയ പന്തലിൽ

വെള്ളിയാഴ്ച വൈകിട്ട് നടന്ന ചടങ്ങിൽ ജനപ്രതിനിധികളെയും നാട്ടുകാരെയും സാക്ഷി നിർത്തിയായിരുന്നു താക്കോൽ കൈമാറ്റം.

കുടുംബത്തിന് വേദനയുണ്ടായ അവസരത്തിൽ സർക്കാർ നൽകിയ ഉറപ്പുകളെല്ലാം പാലിക്കാനായതിൽ ചാരിതാർഥ്യമുണ്ടെന്നും ഇനിയും ഒപ്പമുണ്ടാകുമെന്നും താക്കോൽ കൈമാറിയ മന്ത്രി ആർ. ബിന്ദു പറഞ്ഞു. 

ബിന്ദുവിൻ്റെ മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അസിസ്റ്റൻ്റ് എൻജിനീയർ തസ്തികയിൽ ജോലി നൽകുന്നതിന് നടപടികൾ പൂർത്തിയായതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണം - ദേവസ്വം - തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഒക്ടോബർ മൂന്നിന് നിയമന ഉത്തരവ് വീട്ടിലെത്തിച്ചു നൽകും. ബിന്ദുവിൻ്റെ മകളുടെ ചികിത്സയടക്കം  കുടുംബത്തിനു നൽകിയ വാഗ്ദാനങ്ങൾ എല്ലാം സർക്കാർ പാലിച്ചു.  വരും നാളുകളിലും ഈ കുടുംബത്തെ ചേർത്തു നിർത്തും - അദ്ദേഹം കൂട്ടിച്ചേർത്തു.

സി. കെ ആശ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസെന്റ്,  ഗ്രാമപഞ്ചായത്തംഗം ഡൊമിനിക്ക് ചെറിയാൻ, സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിഡന്റ് പി.കെ. ഹരികുമാർ, നാഷണൽ സർവീസ് സ്‌കീം സംസ്ഥാന ഓഫീസർ ഡോ. ഡി. ദേവിപ്രിയ, എം.ജി. സർവകലാശലാ എൻ.എസ്.എസ്. പ്രോഗ്രാം കോഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസ്,  ജില്ലാ കോഡിനേറ്റർ ഡോ. വിൽസൺ സി. തോമസ്, ഭവന നവീകരണ കമ്മിറ്റി കോഡിനേറ്റർ സി.എം. കുസുമൻ എന്നിവർ  പങ്കെടുത്തു.

നവീകരിച്ച വീട് ചടങ്ങിനുമുൻപ് മന്ത്രിമാർ സന്ദർശിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്‌കീമിൻ്റെ (എൻ.എസ്.എസ്) നേതൃത്വത്തിലാണ് 12.50 ലക്ഷം രൂപ ചെലവഴിച്ച് വീട് നവീകരിച്ചത്.    അടുക്കളയുടെ ഭാഗം പൊളിച്ചുമാറ്റി ശുചിമുറി ഉൾപ്പെടുന്ന ഒരു മുറിയും അടുക്കളയും വർക്ക് ഏരിയയും കൂട്ടിച്ചേർത്തു കോൺക്രീറ്റ് ചെയ്താണ് വീട് നവീകരിച്ചത്. വീട്ടിലേക്കുള്ള വഴിയിലെ നടകൾ പുതുക്കിപ്പണിയുകയും ചുറ്റുമതിൽ നിർമ്മിക്കുകയും ചെയ്തു. ജൂലൈ മൂന്നിനുണ്ടായ അപകടത്തിലാണ് ബിന്ദു മരണമടഞ്ഞത്.

Follow us on :

More in Related News