Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭാവലയ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ: ‘കലൈഡോസ്കോപ്പ് 2026’ അരങ്ങേറി; ‘ദി കോൾ’ മികച്ച ചിത്രം

25 May 2026 15:28 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിലെ സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകരെ ഒരുമിപ്പിച്ച് ഭാവലയ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘കലൈഡോസ്കോപ്പ് 2026’ റൂവിയിലെ ഗാലക്സി ഹാളിൽ അരങ്ങേറി. ഭാവലയ ആർട്ട് ആൻഡ് കൾച്ചറിന്റെ ആഭിമുഖ്യത്തിൽ ഗ്ലോബൽ ഇവന്റ്സിന്റെ സഹകരണത്തോടെയായിരുന്നു മേള സംഘടിപ്പിച്ചത്.

ഇന്ത്യൻ അംബാസഡർ എച്ച്.ഇ. ജി.വി. ശ്രീനിവാസ് മുഖ്യാതിഥിയായ ചടങ്ങിൽ പ്രമുഖ ഒമാനി നടൻ താലിബ് അൽ ബലൂഷി, ടെലിവിഷൻ താരം സ്വപ്ന ട്രീസ എന്നിവർ പങ്കെടുത്തു. ഉച്ച മുതൽ രാത്രിവരെ നടന്ന മേളയിൽ മലയാളം, അറബിക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി 14 ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഓരോ ചിത്രത്തിന്റെയും പ്രദർശനക്രമം സദസ്സിന് മുന്നിൽ നടത്തിയ നറുക്കെടുപ്പിലൂടെയാണ് നിശ്ചയിച്ചത്.

ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകരും കുടുംബാംഗങ്ങളും സിനിമാപ്രേമികളും വൻ തോതിൽ പങ്കെടുത്ത മേളയ്ക്ക് ശ്രീമതി ധന്യ മനോജും ശ്രീമതി അതിത രാജനും അവതാരകരായി.

ഭാവലയ ആർട്ട് ആൻഡ് കൾച്ചർ ഫൗണ്ടേഷന്റെ 16 വർഷത്തെ കലാ-സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചതെന്ന് സ്ഥാപകനും ചെയർമാനുമായ ഡോ. ജെ. രത്നകുമാർ പറഞ്ഞു. ദേശീയ കോ-ഓർഡിനേറ്റർ അരുൺകുമാർ മേലത്തിലും സംഘവും നടത്തിയ ആസൂത്രണവും പ്രവർത്തന മികവും കൊണ്ടാണ് മേള വിജയകരമായി സംഘടിപ്പിക്കാനായതെന്ന് അദ്ദേഹം വ്യക്തമാക്കി.

“മനുഷ്യരെ വ്യത്യാസങ്ങൾക്കതീതമായി ഒന്നിപ്പിക്കുന്ന ശക്തമായ മാധ്യമമാണ് സിനിമ. കഥപറച്ചിലിന്റെ ആധുനിക രൂപമാണ് സിനിമ. സ്നേഹം, യുദ്ധം, കുടുംബം, ഏകാന്തത, വിമോചനം തുടങ്ങിയ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സിനിമകളിലൂടെ ഇവിടെ അവതരിപ്പിക്കപ്പെട്ടത്,” അദ്ദേഹം പറഞ്ഞു.

ഭാവലയ വർഷങ്ങളായി ലാഭേച്ഛയില്ലാതെ കലാകാരന്മാരെ പിന്തുണച്ച് വരികയാണെന്നും ചിത്രകാരൻമാർക്കും എഴുത്തുകാർക്കും അഭിനേതാക്കൾക്കും ചലച്ചിത്ര പ്രവർത്തകർക്കും സ്വതന്ത്ര വേദി ഒരുക്കുന്നതിൽ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒമാനിലെ കലാ-സാംസ്കാരിക രംഗത്ത് ഭാവലയ നടത്തുന്ന പ്രവർത്തനങ്ങളെ ഇന്ത്യൻ അംബാസഡർ എച്ച്.ഇ. ജി.വി. ശ്രീനിവാസ് അഭിനന്ദിച്ചു. പുതുതായി ഉയർന്നുവരുന്ന ചലച്ചിത്ര പ്രവർത്തകർക്കും സർഗാത്മക ശബ്ദങ്ങൾക്കും പ്രോത്സാഹനം നൽകുന്ന വേദിയായി ‘കലൈഡോസ്കോപ്പ് 2026’ മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ഥാനമൊഴിഞ്ഞ് മടങ്ങാനൊരുങ്ങുന്ന അംബാസഡർ ശ്രീനിവാസിനെ സദസ്സ് എഴുന്നേറ്റ് നിന്നു കൈയടികളോടെ യാത്രയാക്കി.

ഒരു ഡ്രൈവറുടെ ജീവിതത്തിലെ നിർണായകമായ ഒരു രാത്രിയിലെ സംഭവങ്ങൾ അവതരിപ്പിച്ച അയ്യനാർ സംവിധാനം ചെയ്ത ‘ദി കോൾ’ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ എന്നീ പ്രധാന പുരസ്കാരങ്ങൾ നേടി മേളയിലെ ശ്രദ്ധേയ വിജയിയായി.

മുഹമ്മദ് മലല്ലാഹ് അലി അൽ ലവാത്തി, ഒമാൻ യുണൈറ്റഡ് ഇൻഷുറൻസ് കമ്പനി, നൂർ പ്രസ്റ്റീജ് ഇൻഷുറൻസ് സർവീസസ് സെന്റർ എന്നിവരുടെ സഹകരണമാണ് മേള വിജയകരമാക്കാൻ സഹായിച്ചതെന്ന് സംഘാടകർ അറിയിച്ചു.

പ്രധാന പുരസ്കാരങ്ങൾ

മികച്ച ചിത്രം

ഒന്നാം സ്ഥാനം – ദി കോൾ (അയ്യനാർ), രണ്ടാം സ്ഥാനം – അൽ മസൂലിയ (ജയൻ കാഞ്ഞങ്ങാട്), മൂന്നാം സ്ഥാനം – പെന്നിള (സുനിൽ ഗുരുവായൂരപ്പൻ)

മികച്ച സംവിധായകൻ

ഒന്നാം സ്ഥാനം – അയ്യനാർ (ദി കോൾ), രണ്ടാം സ്ഥാനം – അനിർബാൻ (ദി സെർച്ച്), മൂന്നാം സ്ഥാനം – പ്രദീപ് കല്ലറ (ആ പരിചിതൻ)

മികച്ച തിരക്കഥ

ഒന്നാം സ്ഥാനം – അയ്യനാർ (ദി കോൾ), രണ്ടാം സ്ഥാനം – സുനിൽ ഗുരുവായൂരപ്പൻ (പെന്നിള), മൂന്നാം സ്ഥാനം – സാമി സാരംഗ് (സിറാജ് ദി ലാംപ്)

മികച്ച നടൻ

ഒന്നാം സ്ഥാനം – അയ്യനാർ (ദി കോൾ), രണ്ടാം സ്ഥാനം – കബീർ യൂസഫ് (ദി സെർച്ച്), രണ്ടാം സ്ഥാനം – ഡോ. താലിബ് അൽ ബലൂഷി (അൽ മസൂലിയ), മൂന്നാം സ്ഥാനം – ഷിബു അച്ചൻകുഞ്ഞ് (അൺബോട്ടിൽ)

മികച്ച നടി

ഒന്നാം സ്ഥാനം – ശ്യാമ അർജുൻ (ലൈഫ് ഈസ് ടു ലിവ് ഹാപ്പിലി), രണ്ടാം സ്ഥാനം – ഷൈമ ദിനേഷ് (പെന്നിള), മൂന്നാം സ്ഥാനം – ഇന്ദു ബാബുരാജ് (ദി ബലൂൺ സെല്ലർ)

പ്രത്യേക പരാമർശം – അനിത രാജൻ (ദി സെർച്ച്)

മികച്ച ഛായാഗ്രാഹകൻ

ഒന്നാം സ്ഥാനം – ജൂലിയസ് ക്രിസ്റ്റോ (ദി കോൾ), രണ്ടാം സ്ഥാനം – അനിർബാൻ (ദി സെർച്ച്), മൂന്നാം സ്ഥാനം – ജാഫർ പി.സി. (ഈറി)

മികച്ച ബാലതാരം

ഒന്നാം സ്ഥാനം – അലി മുഹമ്മദ് അൽ ബലൂഷി (സിറാജ് ദി ലാംപ്), രണ്ടാം സ്ഥാനം – ബിലാൽ സഹ്യാൻ സനൂഫ് (ദി സെർച്ച്), മൂന്നാം സ്ഥാനം – അനുഗ്രഹ രഞ്ജിത് (ഈറി).

Follow us on :

More in Related News