Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്മു സജീവൻ്റെ മരണം: പത്തനംതിട്ടയിൽ ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്

25 Nov 2024 09:09 IST

Shafeek cn

Share News :

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവന്റെ മരണത്തില്‍ കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ട് എബിവിപി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ഇന്ന്. പത്തനംതിട്ട ജില്ലയില്‍ മാത്രമാണ് പഠിപ്പ് മുടക്ക്. അമ്മു സജീവന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ശക്തമാക്കണമെന്നാണ് പ്രധാന ആവശ്യം. ഇന്നലെ ആരോഗ്യവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി മന്ത്രിയുടെ ഓഫീസിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.


കഴിഞ്ഞ ദിവസം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തിരുന്നു. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് റിമാന്‍ഡിലായത്. ഇവരെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. ജാമ്യം അനുവദിച്ചാല്‍ പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. അമ്മുവിനെ ടൂര്‍ കോഡിനേറ്ററാക്കിയത് മൂവര്‍ സംഘം എതിര്‍ത്തിരുന്നു. സംഭവ ദിവസം ക്ലാസില്‍ നിന്ന് വന്നയുടന്‍ കെട്ടിടത്തിന്റെ മുകളില്‍ കയറി താഴേക്ക് ചാടിയെന്നാണ് ഹോസ്റ്റല്‍ വാര്‍ഡനടക്കം മൊഴി നല്‍കിയത്. മൂന്നു വിദ്യാര്‍ത്ഥികളും അമ്മുവുമായി സംഭവം നടന്ന ദിവസവും ക്ലാസില്‍ വഴക്കുണ്ടായെന്നാണ് പോലീസിന്റെ നിഗമനം. 


അമ്മു വീണു മരിച്ച ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ഇതിനോടകം ശേഖരിച്ചിരുന്നു. കുടുംബം പരാതി ഉയര്‍ത്തിയതോടെയാണ് ഫോണ്‍ കോള്‍ രേഖകള്‍ അടക്കം പരിശോധിക്കാന്‍ അമ്മുവിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ആരോപണം നേരിടുന്ന മൂന്നു വിദ്യാര്‍ഥിനികളെ വിശദമായി ചോദ്യം ചെയ്യും. സഹപാഠികളുടെ മാനസിക പീഡനം സംബന്ധിച്ച് അമ്മുവിന്റെ അച്ഛന്‍, പ്രിന്‍സിപ്പലിന് രേഖാമൂലം പരാതി നല്‍കിയിരുന്നു. 


നവംബര്‍ 15ന് ആണ് തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ്. സജീവ് (23) ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചത്. പത്തനംതിട്ട താഴെ വെട്ടിപ്രത്തെ ഹോസ്റ്റല്‍ വളപ്പില്‍ വൈകുന്നേരം 4.50ന് ആയിരുന്നു സംഭവം. പത്തനംതിട്ട ചുട്ടിപ്പാറ നഴ്‌സിംഗ് കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനി ആയിരുന്നു അമ്മു. വൈകിട്ട് കോളേജില്‍ നിന്ന് തിരികെയെത്തിയതിന് ശേഷം അമ്മുവിനെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു.  


വീഴ്ചയില്‍ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ രാത്രി 10 മണിയോടെ മരിച്ചു. അമ്മു ഹോസ്റ്റലില്‍ മടങ്ങി എത്തിയതിന് പിന്നാലെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ പറഞ്ഞത്. അമ്മു നാലുവര്‍ഷമായി ഹോസ്റ്റലില്‍ താമസിക്കുന്നുണ്ട്. വളരെ ശാന്തസ്വഭാവക്കാരിയായ പെണ്‍കുട്ടിയായിരുന്നുവെന്നും ഹോസ്റ്റല്‍ വാര്‍ഡന്‍ പറഞ്ഞു.


ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471- 2552056) 



Follow us on :

More in Related News