Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിഎം ശ്രീയിൽ ഒപ്പുവച്ച് സർക്കാർ

23 Oct 2025 22:34 IST

enlight media

Share News :

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’യിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ.വാസുകിയാണ് ഡൽഹിയിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചത്. പദ്ധതിയിൽ ഒപ്പിട്ടതോടെ, 1500 കോടിരൂപയുടെ കേന്ദ്രഫണ്ട് കേരളത്തിനു ലഭിക്കും. ധാരണാപത്രത്തിൽ ഒപ്പിടാത്തതിനാൽ ഫണ്ട് തടഞ്ഞുവച്ചിരിക്കുകയായിരുന്നു. സിപിഐയുടെ എതിർപ്പ് മറികടന്നാണ് തീരുമാനം. എൽഡിഎഫോ മന്ത്രിസഭയോ ചർച്ച ചെയ്യാത്ത വിഷയം സ്വന്തംനിലയ്ക്കു നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പു തീരുമാനിച്ചതിനെതിരെ മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാർ വിയോജിപ്പ് അറിയിച്ചിരുന്നു. 


പദ്ധതിയുടെ ഭാഗമായാൽ കേരളം ഉയർത്തിപ്പിടിക്കുന്ന ബദൽ രാഷ്ട്രീയ സമീപനം ഇല്ലാതാകുമോ എന്ന് ആശങ്കയുണ്ടെന്നായിരുന്നു ‌സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ പറ‍ഞ്ഞത്. എന്നാൽ, സിപിഐ ഭരിക്കുന്ന കൃഷിവകുപ്പ് അടക്കം കേന്ദ്ര ബ്രാൻഡിങ്ങിനു വഴങ്ങി ഫണ്ട് വാങ്ങിയെന്ന ന്യായമാണ് സിപിഎം നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ വി.ശിവൻകുട്ടി ഉന്നയിച്ചത്.


ഒരിക്കൽ മന്ത്രിസഭയിലെത്തിയ പിഎം ശ്രീ വിഷയം സിപിഐ മന്ത്രിമാർ എതിർത്തതോടെയാണു മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എൽഡിഎഫിൽ ചർച്ചചെയ്യാനായി മാറ്റിവച്ചത്. ഇത്തരം സാഹചര്യങ്ങളിൽ, എൽഡിഎഫിൽ ചർച്ച ചെയ്തശേഷം വീണ്ടും മന്ത്രിസഭായോഗത്തിൽ തീരുമാനമെടുക്കുകയാണു പതിവ്. എന്നാൽ, ഇൗ രണ്ടു നടപടികളും ഒഴിവാക്കി കേന്ദ്രത്തിനു വഴങ്ങാൻ വിദ്യാഭ്യാസ വകുപ്പു തീരുമാനിക്കുകയായിരുന്നു.


മൂന്നു വര്‍ഷമായി തുടരുന്ന എതിര്‍പ്പ് മാറ്റിവച്ചാണ് കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’ (പ്രധാന്‍ മന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ) നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്. പദ്ധതിയില്‍ ചേര്‍ന്നാല്‍ പുതിയ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരും എന്നതായിരുന്നു കേരളം അടക്കം പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എതിര്‍പ്പിനു മുഖ്യ കാരണം. കേരളം, തമിഴ്‌നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ 33 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. പദ്ധതിയില്‍ സംസ്ഥാനം ഒപ്പിടാത്തതിന്റെ പേരില്‍ കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളുടെ ഫണ്ട് വിഹിതം അനുവദിക്കാതെ കേന്ദ്രം സാമ്പത്തിക ഉപരോധം കടുപ്പിച്ചതോടെയാണു കേരളം വഴങ്ങിയത്.


രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത്. രാജ്യത്താകെ 14,500 പിഎം ശ്രീ വിദ്യാലയങ്ങളുടെ വികസനമാണ് വിഭാവനം ചെയ്യുന്നത്. 27,360 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇതില്‍ 18,128 കോടി കേന്ദ്രവിഹിതവും 9,232 കോടി സംസ്ഥാനങ്ങളുടെ വിഹിതവുമാണ്. ഒരു ബ്ലോക്ക് റിസോഴ്‌സ് സെന്ററിനു (ബിആര്‍സി) കീഴില്‍ പരമാവധി 2 സ്‌കൂളുകള്‍ക്കാണ് (ഒരു പ്രൈമറി സ്‌കൂളും ഒരു സെക്കന്‍ഡറി സ്‌കൂളും) പദ്ധതിയില്‍ ഇടം ലഭിക്കുക. കേരളം പദ്ധതിയില്‍ പങ്കാളിയായാല്‍ ഗുണം ലഭിക്കുക 168 ബിആര്‍സികളിലായി പരമാവധി 336 സ്‌കൂളുകള്‍ക്കാണ്. ഈ സ്‌കൂളുകള്‍ക്കു പ്രതിവര്‍ഷം 85 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വിവിധ പദ്ധതികള്‍ക്കു ലഭിക്കും. ഇതില്‍ 60% കേന്ദ്രവിഹിതവും 40% സംസ്ഥാനവിഹിതവുമാണ്.

Follow us on :

Tags:

More in Related News